സജി ചെറിയാൻ മരണമാസല്ല, കൊലമാസ്; പിന്തുണയുമായി നടൻ സുബീഷ്

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമർശത്തെ തുടർന്ന് രാജിവെച്ച സജിചെറിയാന് പിന്തുണയുമായി നടൻ സുബീഷ് സുധി. സജി ചെറിയാൻ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ഇനി ഉണ്ടായാലും ഇല്ലെങ്കിലും സധാരണക്കാരന്റെ ഹൃദയത്തിൽ ഇൻക്വിലാബായ് അദ്ദേഹം അലയടിക്കുമെന്ന് സുബീഷ് പറഞ്ഞു.

നിങ്ങൾ മന്ത്രിയാണെങ്കിലും അല്ലെങ്കിലും ചെങ്ങന്നൂരിന്റെ എം.എൽ.എയായി ജനഹൃദയങ്ങളിൽ ജ്വലിക്കും. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റഗമായ നിങ്ങൾ നല്ലൊരു മനുഷ്യനാണ്, മനുഷ്യ സ്നേഹിയാണ്. നല്ലൊരു കമ്യൂണിസ്റ്റാണ്. നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യരുടെ മനസ്സിൽ താങ്കൾ മരണമാസല്ല കൊലമാസാണെന്നും സുബീഷ് വ്യക്തമാക്കി.

സുബീഷിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

2013 ലെ ഒരു മെയ് മാസത്തിൽ ഞാൻ ലാൽജോസ് സാറിന്റെ പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും എന്ന പടത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കിഴക്കിന്റെ വെനീസായ ആലപ്പുഴയാണ് ലൊക്കേഷൻ. അതേ സമയത്താണ് ഡി വൈ എഫ് ഐ യുടെ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്നത് അന്ന് ഡി.വൈ.എഫ്.ഐ യുടെ സംസ്ഥാന സെക്രട്ടറി ടി വി രാജേഷാണ്. പ്രസിഡന്റ് സ്വരാജേട്ടനാണെന്നാണ് എന്റെ ഓർമ്മ. എന്റെ ഓർമ്മ ശരിയാകണമെന്നില്ല കാരണം ഹൃദയത്തിൽ നിന്നുള്ള എഴുത്തുകൾക്ക് പലപ്പോഴും തെറ്റുകൾ പറ്റാം.

ഞാൻ എപ്പോഴും ഹൃദയം കൊണ്ടുമാത്രമെ സംസാരിക്കാൻ ശ്രമിക്കാറുള്ളൂ.. അത്തരം ഹൃദയത്തിൽ തൊട്ട അനുഭവങ്ങളുണ്ടാകുമ്പോഴേ ഞാൻ സൈബറിടത്തിൽ പ്രത്യക്ഷപ്പെടാറുള്ളൂ. ഒരിക്കലും എന്റെ ലാഭത്തിനുവേണ്ടി ഞാൻ നിങ്ങളോട് കള്ളം പറയാറില്ല. ഇത് ഹൃദയത്തിൽ നിന്ന് വരുന്ന സത്യസന്ധമായ വാക്കുകളാണ്. എന്റെ ഓർമ്മവച്ച് ഞാൻ തുടരുന്നു. അങ്ങനെയിരിക്കെ ഞാൻ ആലപ്പുഴ ലൊക്കേഷനിലുണ്ടെന്നറിഞ്ഞപ്പോൾ എന്റെ ജീവിതത്തിൽ നിഴല് പോലെ കൂടെയുള്ള ടി.വി രാജേഷേട്ടൻ സ്വരാജേട്ടനുമൊത്ത് സെറ്റിൽ വന്നു. ഇവർക്കൊപ്പം അന്നത്തെ സംഘാടകസമിതി ചെയർമാൻ(എന്റെ ഓർമ്മ ശരിയല്ലെങ്കിൽ ക്ഷമിക്കണം.) സജി ചെറിയാൻ എന്ന വ്യക്തിയും ഉണ്ടായിരുന്നു.ഞാൻ കൊണ്ടുവന്ന ടാക്സിക്കാറിൽ ഇവർ 3 പേരും കയറി.

അന്നാണെങ്കിൽ ഡി വൈ എഫ് ഐ സമ്മേളനത്തിൽ പ്രധാനപ്പെട്ട ഒരു പരിപാടി നടക്കാനുമുണ്ട്.യാത്രയിലുടനീളം മുഖം നോക്കാതെ കൃത്യമായ നിലപാടുകൾ പറയുന്ന, കർക്കശക്കാരനായ ഒരു മനുഷ്യനെ എനിക്ക് സജി ചെറിയാനിൽ കാണാൻ കഴിഞ്ഞു.ശരിക്ക് പറഞ്ഞാൽ ആദ്യ കാഴ്ചയിൽ സജി ചെറിയാനെ എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. കാർക്കശ്യക്കാരനായ,സ്വന്തം കാര്യങ്ങൾ നോക്കുന്ന ഒരു മനുഷ്യനാണ് എന്നാണ് തോന്നിയത്. ലൊക്കേഷനിലെത്തിയപ്പോൾ ലാൽജോസ് സാർ, ചാക്കോച്ചൻ,ജോജു ഏട്ടൻ,ഇർഷാദ്ക്ക എന്നിവരൊക്കെ ഇറങ്ങി വന്ന് ടി.വി.ആറിനെയും സ്വരാജേട്ടനെയും കാണുകയും സംസാരിക്കുകയും ചെയ്തു.

അപ്പോഴൊന്നും സ്വന്തം നാട്ടുകാരനായ ചാക്കോച്ചൻ മുമ്പിലുണ്ടായിരുന്നിട്ട് പോലും സജി ചെറിയാന് അതിലൊന്നും വലിയ ആവേശമുള്ളതായി തോന്നിയില്ല. അദ്ദേഹം മാറി നിന്നുകൊണ്ട് സമ്മേളന കാര്യങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് വിളിച്ചന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഈ പറയുന്ന പരിപാടിക്ക് സംസ്ഥാന സെക്രട്ടറിയേയും പ്രസിഡണ്ടിനേയും എത്രയും പെട്ടെന്ന് പങ്കെടുപ്പിക്കുക എന്നല്ലാതെ സിനിമ ഷൂട്ടിംഗ് കാണുകയോ താരങ്ങളെ പരിചയപ്പെടുകയോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ താൽപര്യം.പോകാൻ ധൃതിയുണ്ടെന്നകാര്യം ടി.വി.ആറും സ്വരാജേട്ടനും പറയുകയും ചെയ്തിരുന്നു. പക്ഷെ എന്റെ സ്നേഹ നിർബന്ധത്തിന് വഴങ്ങിയാണ് അവരിവിടെയെത്തിയത്.ഞാനഭിനയിക്കുന്ന ലൊക്കേഷനിലേക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടാണ് അവർ വന്നത്.

പക്ഷെ സജി ചെറിയാനെന്ന സംഘാടക സമിതി ചെയർമാന് കൃത്യമായ നിലപാടുണ്ടായിരുന്നു. അവസാനമായി ഞാൻ അദ്ദേഹത്തെ കാണുന്നത് അവിടുന്നാണ്. പിന്നീട് ആലപ്പുഴ രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായ മനുഷ്യൻ. ആലപ്പുഴയിൽ എനിക്കുള്ള ഒരുപാട് സുഹൃത്തുക്കൾക്ക് അത്താണിയായ മനുഷ്യൻ. വിചാരിക്കും ഭരണഘടനയെക്കുറിച്ച് എനിക്ക് ആധികാരികമായി ഒന്നുമറിയില്ല.പക്ഷേ സജി ചെറിയാൻ സാധാരണ മനുഷ്യന്റെ ആത്മതാളങ്ങളിൽ മതിമറക്കുന്ന മനുഷ്യനാണ്.

നിങ്ങൾ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ഇനി ഉണ്ടായാലും ഇല്ലെങ്കിലും സധാരണക്കാരന്റെ ഹൃദയത്തിൽ ഇൻക്വിലാബായ് നിങ്ങൾ അലയടിക്കും. നിങ്ങൾ മന്ത്രിയാണെങ്കിലും അല്ലെങ്കിലും ചെങ്ങന്നൂരിന്റെ എം എൽ എ യായി ജനഹൃദയങ്ങളിൽ ജ്വലിക്കും. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റഗമായ നിങ്ങൾ നല്ലൊരു മനുഷ്യനാണ്. മനുഷ്യ സ്നേഹിയാണ്. നല്ലൊരു കമ്യൂണിസ്റ്റാണ്. നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യരുടെ മനസ്സിൽ താങ്കൾ മരണമാസല്ല കൊലമാസാണ്.

Tags:    
News Summary - Subeesh Support saji cheriyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.