ശ്രീനിവാസൻ
സിനിമയിൽ അഭിനയത്തിനപ്പുറം തിരക്കഥാകൃത്തും കൂടിയാണ് അന്തരിച്ച ശ്രീനിവാസൻ. പല സാഹചര്യങ്ങളിലും അവസാന നിമിഷങ്ങളിൽ തിരക്കഥയിലും സംഭാഷണത്തിലും തിരുത്തലുകളും മാറ്റി എഴുതലുകളും വേണ്ടിവന്നിട്ടുണ്ടെന്ന് അഭിമുഖങ്ങളിൽ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് 'ഒരു കഥ ഒരു നുണക്കഥ' എന്ന സിനിമയുടെ പിന്നാമ്പുറ കഥയെന്നും പത്ത് വർഷം മുമ്പ് മാധ്യമം വാർഷിക പതിപ്പിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
'ഒരു കഥ ഒരു നുണക്കഥ' എന്ന സിനിമ. മോഹനാണ് സംവിധാനം. മമ്മൂട്ടിയും നെടുമുടി വേണുവും മാധവിയുമൊക്കെ അഭിനയിക്കുന്നു. ഇന്നസെൻറും ഡേവിഡ് കാച്ചപ്പിള്ളിയുമാണ് നിർമാതാക്കൾ. ഞാനും അവരോടൊപ്പം കാച്ചപ്പിള്ളിയുടെ വീട്ടിൽ ഒത്തുചേരും. ഒരു ദിവസം എഴുത്തുകാരൻ വന്ന് സിനിമയുടെ ഫുൾ തിരക്കഥ മേശപ്പുറത്ത് വെച്ചുപോയി. അയാൾക്ക് എന്തോ തിരക്കുള്ളതു കൊണ്ട് മൂന്നു നാലു ദിവസം കുത്തിയിരുന്ന് എഴുതിത്തീർത്തതാണ്.
തിരക്കഥ വായിച്ചപ്പോൾ എല്ലാവരും നിരാശരായി. അതുവെച്ച് ഒരു സീൻ പോലും ഷൂട്ട് ചെയ്യാൻ പറ്റില്ല. മമ്മൂട്ടിയുടെയും നെടുമുടി വേണുവിന്‍റെയും ഡേറ്റ് വാങ്ങിയിരിക്കുകയാണ്. ഇന്നസെന്‍റ് എന്നോടു ചോദിച്ചു, എന്താ ഇനിയിപ്പോൾ ചെയ്യുക? നമുക്ക് ഇതൊന്ന് മാറ്റി എഴുതാൻ ശ്രമിച്ചാലോ? ഞാൻ പറഞ്ഞു, ഈ സാധനത്തെക്കാളും നന്നായി എഴുതാൻ ഏത് വിഡ്ഢിക്കും സാധിക്കും. എന്നാൽ പിന്നെ നമുക്ക് രണ്ടുപേർക്കും സംസാരിച്ചങ്ങ് എഴുതാമെന്ന് ഇന്നസെന്‍റ്.
അന്നുമുതൽ എന്നും രാവിലെ ഞാൻ ഇന്നസെന്‍റിന്‍റെ വീട്ടിലേക്ക് നടക്കും. അതുവരെ കാച്ചപ്പിള്ളിയുടെ വീട്ടിലേക്കായിരുന്നു നടത്തം. ഓട്ടോറിക്ഷയൊന്നും പിടിച്ച് പോകാൻ പൈസയുള്ള സമയമല്ല. രാത്രിഭക്ഷണവും കഴിഞ്ഞാണ് മടക്കം. പണ്ട് കെ.ജി. ജോർജിന്‍റെ കൂടെ ചില തിരക്കഥാ ചർച്ചകളിൽ പങ്കെടുത്ത പരിചയം എനിക്കുണ്ടായിരുന്നു. ഒരു സീൻ എങ്ങനെ തുടങ്ങണം, എങ്ങനെയാണ് അത് വളരേണ്ടത്, എങ്ങനെ അവസാനിപ്പിക്കണം എന്നെല്ലാം ധാരണയുണ്ടായിരുന്നു. ഈ അനുഭവംവെച്ച് 'ഒരു കഥ ഒരു നുണക്കഥ' ഞാൻ മാറ്റി എഴുതി. സംവിധായകൻ തിരക്കഥയിൽ പ്രത്യേകിച്ച് ഒന്നും ചെയ്‌തിട്ടില്ല. പക്ഷേ, ടൈറ്റിലിൽ ഇന്നസെന്‍റിനെ മോഹൻ ഒഴിവാക്കി. തിരക്കഥ, സംഭാഷണം -മോഹൻ, ശ്രീനിവാസൻ എന്നാണ് വന്നത്. ഒരു സംഭാഷണവും മോഹൻ എഴുതിയിട്ടില്ല.
അങ്ങനെ എത്രയെത്ര സന്ദർഭങ്ങൾ. മുഴുവൻ തിരക്കഥയും ഞാനെഴുതിയിട്ട് വേറെ ആളുടെ പേരുവെച്ചിട്ടുണ്ട്. അത് സാഹചര്യമാണ്. നിർമാതാവ് നമ്മുടെ സുഹൃത്തായിരിക്കും. കഥ കേട്ട് ഇഷ്ടം തോന്നി നമ്മൾ അഭിനയിക്കാൻ ചെല്ലും. എല്ലാ ആൾക്കാരെയും ബുക് ചെയ്‌തിരിക്കും. എല്ലാം ഒരുങ്ങും. അപ്പോൾ തിരക്കഥ നമ്മുടെ മുന്നിൽവെക്കും. ഷൂട്ടിങ്ങിന് അഞ്ചു ദിവസമേ ഉണ്ടാവുകയുള്ളൂ. അതിനകത്തുള്ള ഒരു വാക്കും ഉപയോഗിക്കാൻ പറ്റില്ലെന്ന് അപ്പോഴാണ് ബോധ്യമാവുക. ഇനിയെന്ത്? അപ്പോൾ ഞാൻ ഇറങ്ങേണ്ടി വരും. ഇങ്ങനെ എഴുതിയാലും ആരാണോ ആദ്യം എഴുതിയത് അവരുടെ പേര് വെക്കാനേ ഞാൻ പറഞ്ഞിട്ടുള്ളൂ. അഞ്ചു പൈസയും എനിക്ക് കിട്ടിയിട്ടുമില്ല. പക്ഷേ, ആദ്യമെഴുതിയ ആളുടെ കാശ് നിർമാതാവ് കുറക്കും. താങ്ക്‌ലെസ് ജോബാണിത്.
(2015ലെ മാധ്യമം വാർഷിക പതിപ്പിൽ പ്രസിദ്ധീകരിച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.