സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ, ഒരു സിംഗിൾ ഷോട്ട് വീഡിയോയിലൂടെ ജീവിതകഥ പറഞ്ഞ് തമിഴ് താരം സൂരി. പെയിന്റിങ് തൊഴിലിലൂടെ തുടങ്ങി വെള്ളിത്തിരയിലെക്കെത്തിയ താരമാണ് സൂരി. സ്വപ്നം കാണാൻ ധൈര്യമുണ്ടെങ്കിൽ ജീവിതം മാറിമറിയുമെന്ന് കുറിച്ചാണ് താരം വീഡിയോ പങ്കുവെച്ചത്. ഒരു തൊഴിലാളി കയറിൽ തൂങ്ങി നിന്ന് കെട്ടിടം പെയ്ന്റ് ചെയ്യുന്ന ദൃശ്യത്തിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. സൂരി ഇരിക്കുന്ന കെട്ടിടത്തിലൂടെ നോകുമ്പോഴാണ് ഈ ദൃശ്യം കാണുന്നത്.
ചെറിയ റോളുകളിൽ തുടങ്ങി തമിഴിലെ അറിയപ്പെടുന്ന താരമായി മാറിയ സൂരിക്ക് ജീവിത പ്രതിസന്ധികളെ പലതരത്തിലും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ മാറ്റത്തെ അടയാളപ്പെടുത്തിയുള്ള വാക്കുകളോടെയാണ് താരം വീഡിയോ പങ്ക് വെച്ചത്. "ഒരു പെയിന്ററായാണ് ഞാൻ തുടങ്ങിയത്. അന്ന് ഞാൻ ചുവരിൽ ചായങ്ങൾ പെയ്ന്റ് ചെയ്തു. ഇന്ന് ഞാൻ വികാരങ്ങൾ തിരശ്ശീലയിൽ പെയ്ന്റ് ചെയ്യുന്നു. സ്വപ്നം കാണാൻ ധൈര്യപ്പെടുമ്പോഴാണ് ജീവിതം മുന്നോട്ട് പോകുന്നത്." താരം പറഞ്ഞു.
1996ൽ സിനിമ നടനാകണമെന്ന മോഹത്തോടെ മധുരയിൽ നിന്ന് ചെന്നൈയിലേക്ക് വണ്ടി കയറി. ധാരാളം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ട സൂരിക്ക് ഒരു നല്ല വേഷം കിട്ടുന്നത് 2009ൽ പുറത്തിറങ്ങിയ 'വെണ്ണിലാ കബഡി കുഴു' എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഹാസ്യവേഷങ്ങളിൽ തിളങ്ങിയ താരം പ്രധാന റോളുകളിലും തന്റെ അഭിനയ കഴിവ് തെളിയിച്ചിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ വെട്രിമാരൻ സിനിമയായ വിടുതലൈ പാർട്ട് 1 എന്ന ചിത്രത്തിലൂടെ സൂരി നായകനായി അരങ്ങേറ്റം കുറിച്ചു. രാമലക്ഷ്മണൻ മുത്തുച്ചാമി എന്നാണ് സൂരിയുടെ യഥാർത്ഥ പേര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.