മലയാളത്തിന്‍റെ അനശ്വര നടൻ ജയന്‍റെ മരണം ഓർക്കുകയാണ് എക്സിക്യൂറ്റീവ് പ്രൊഡ്യൂസർ കല്ലിയൂർ ശശി. കോളിളക്കം എന്ന ചിത്രത്തിലെ സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ജയൻ അപകടമുണ്ടായി മരിക്കുന്നത്.
ജയന്റെ അപകടം നേരിൽ കണ്ട അനുഭവം പങ്കുവെക്കുകയാണ് കല്ലിയൂർ ശശി. ബൈക്കിൽ നിന്ന് ഹെലികോപ്റ്ററിൽ തൂങ്ങിപ്പിടിച്ച് കയറാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന് കല്ലിയൂർ ശശി പറഞ്ഞു. ജയൻ അങ്ങനെ കയറാൻ ശ്രമിക്കവെ പൈലറ്റിന് നിയന്ത്രണം നഷ്ടമായെന്നും ഇടിച്ചിറക്കാൻ നോക്കിയപ്പോൾ ജയൻ തലയിടിച്ച് വീണെന്നും ശശി പറഞ്ഞു.
പൈലറ്റിന് നിയന്ത്രണം പോയെന്ന് മനസിലായപ്പോൾ തന്നെ താൻ താഴെനിന്നുകൊണ്ട് ജയനോട് കൈവിടാൻ ആവശ്യപ്പെട്ടെന്നും എന്നാൽ അദ്ദേഹത്തിന് അത് കേൾക്കാൻ കഴിഞ്ഞില്ലെന്നും ശശി പറഞ്ഞു. ആ സമയത്ത് കൈവിട്ടിരുന്നെങ്കിൽ എങ്ങനെയെങ്കിലും രക്ഷപ്പെട്ടേനെയെന്നും ശശി പറയുന്നു.
'അന്ന് നടന്ന എല്ലാ കാര്യങ്ങളും എനിക്ക് വ്യക്തമായി ഓർമയുണ്ട്. ഹെലികോപ്റ്ററിലേക്ക് തൂങ്ങിപ്പിടിച്ച് കയറാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പൈലറ്റിന്റെ കൺട്രോൾ നഷ്‌ടപ്പെട്ട് ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നു. ആ ഷോട്ട് എടുക്കുന്ന സമയത്ത് ഞാൻ അവിടെത്തന്നെ ഉണ്ടായിരുന്നു. ചോഴവാരം എയർസ്ട്രിപ്പിൽ വെച്ചായിരുന്നു ഷൂട്ട്. പൈലറ്റിന്‍റെ കൺട്രോൾ പോയെന്ന് മനസിലായപ്പോൾ തന്നെ എല്ലാവർക്കും പേടിയായി.
ജയനോട് കൈവിടാൻ ഞാൻ താഴെനിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് കേൾക്കാൻ പറ്റിയില്ല. കേട്ടിരുന്നെങ്കിൽ ഇന്നും നമ്മുടെ കൂടെയുണ്ടായേനെ. ആ എയർസ്ട്രിപ്പിന് പുറത്ത് ഒരാൾ പൊക്കത്തിൽ പുല്ല് വളർന്നിട്ടുണ്ടായിരുന്നു. അതിലേക്ക് വീണിരുന്നെങ്കിൽ രക്ഷപ്പെടാൻ സാധ്യതയുണ്ടായിരുന്നു. ഹെലികോപ്റ്റർ ക്രാഷ് ലാൻഡാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മുട്ട് തറയിൽ ഇടിച്ചു. അതിന്‍റെ വേദനയിൽ കൈവിട്ടപ്പോൾ തലയിടിച്ച് വീണതായിരുന്നു. ആ രംഗം ഒരിക്കലും മറക്കില്ല,' കല്ലിയൂർ ശശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.