‘എട മോനേ, ഒരു പൊടിക്ക് അടങ്ങ്’; ബൗണ്ടറി കടന്ന ‘ആവേശ’ത്തിൽ അബ്രാം, ഉപദേശിച്ച് ഷാറൂഖ് - വിഡിയോ വൈറൽ

ഐ.പി.എൽ വേദിയിലെ സ്ഥിര സാന്നിധ്യമാണ് ബോളിവുഡ് താരം ഷാറൂഖ് ഖാൻ. മൈതാനത്ത് ഫോറും സിക്സും പറപ്പിക്കുമ്പോൾ തന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ആവേശമേറ്റി ഗാലറിയിൽ കിങ് ഖാനുണ്ടാകും. ദിവസങ്ങൾക്ക് മുമ്പ് ടീം അംഗങ്ങൾക്ക് മോട്ടിവേഷൻ നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഛക് ദേ ഇന്ത്യ’ സിനിമയെ ഓർമിപ്പിച്ചുവെന്നാണ് ആരാധകർ പറഞ്ഞത്. മകൾ സുഹാനയും പലപ്പോഴും കളി കാണാൻ ഷാറൂഖിനൊപ്പം സ്​റ്റേഡിയത്തിൽ എത്താറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഈഡൻ ഗാർഡൻസിൽ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിനിടയിലെ ഒരു വിഡിയോയാണ്. അതിൽ പക്ഷേ, ഷാറൂഖല്ല താരം. ഇളയ മകൻ അബ്രാമിന്റെ ആവേശമായിരുന്നു അതി​ന്റെ ഹൈലൈറ്റ്. നൈറ്റ്റൈഡേഴ്സിന്റെ റൺവേട്ടക്ക് വിസിൽ മുഴക്കി ആരവം കനപ്പിച്ച അബ്രാമിന്റെ വിഡിയോ വളരെപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി. ഓരോ ബൗണ്ടറിക്കും സിക്സറുകൾക്കും ‘ആഘോഷം’ കനപ്പിച്ച അബ്രാം മാനേജർ പൂജക്കൊപ്പം കൈയടിച്ച് ആവേശത്തിലായിരുന്നു. ഗാലറിയിലെ ആരവങ്ങൾ നിലച്ചിട്ടും അബ്രാമിന്റെ വിസിൽമുഴക്കം പലപ്പോഴും അവസാനിച്ചിട്ടില്ലായിരുന്നു. വിഡിയോയിൽ അവസാനം ഷാറൂഖിനോട് അബ്രാം എന്തോ പറഞ്ഞശേഷം സീറ്റിൽ ഇരിക്കുകയാണ്. അപ്പോഴാണ് അൽപമൊന്ന് ശാന്തനാകണമെന്ന രീതിയിലുള്ള പിതാവിന്റെ ‘ഉപദേശം’ എത്തുന്നത്. വിഡിയോ നിരവധി​പേർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

നടി പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിങ്സിനെതിരെ വമ്പൻ സ്കോർ പടുത്തുയർത്തി മികച്ച പ്രകടനമാണ് കെ.കെ.ആർ കാഴ്ചവെച്ചത്. എന്നാൽ അതിനുംമുകളിൽ പോരാട്ടവീര്യം പുറത്തെടുത്ത പഞ്ചാബുകാർ ലോക റെക്കോർഡ് ചേസിങ്ങിലൂടെ എട്ട് വിക്കറ്റിന്റെ ഐതിഹാസിക വിജയം നേടി. 20 ഓവറിൽ 261 റൺസ് നേടിയ കൊൽക്കത്തയെ എട്ടു പന്ത് ബാക്കിയിരിക്കെയാണ് പഞ്ചാബ് കീഴ്പ്പെടുത്തിയത്. അപരാജിത സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോയുടെയും പുത്തൻതാരോദയം ശശാങ്ക് സിങ്ങിന്റെയും മാസ്മരിക ബാറ്റിങ്ങാണ് പഞ്ചാബിന് അവിശ്വസനീയ ജയം നേടിക്കൊടുത്തത്. മത്സരത്തിൽ ഇരുടീമുകളും ചേർന്നെടുത്തത് 523 റൺസ്! ഐ.പി.എൽ പട്ടികയിൽ രാജസ്ഥാൻ റോയൽസിനു പിന്നിൽ രണ്ടാം സ്ഥാനത്താണിപ്പോൾ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്.


Tags:    
News Summary - Shah Rukh Khan's Son AbRam Jumps In Excitement, Blows Whistle During KKR vs PBKS Match In Kolkata; Video Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.