സുരാജ് വെഞ്ഞാറമൂട്- നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2021ൽ ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് മിസിസ്. സന്യ മൽഹോത്ര പ്രധാനവേഷത്തിലെത്തിയ ചിത്രം സീ 5 ൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒ.ടി.ടി റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമ കണ്ടതിന് ശേഷം തന്റെ പിതാവ് അമ്മയോട് മാപ്പ് പറഞ്ഞുവെന്നാണ് നടി പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ അനുഭവം പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്. സ്വയം നവീകരണമാണ് ഈ ചിത്രമെന്നും ഒരു സ്ത്രീയും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകരുതെന്നും സന്യ കൂട്ടിച്ചേർത്തു.
'മിസിസ് എന്ന ചിത്രത്തിലൂടെ ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. എന്റെ കുടുംബത്തെ കണ്ടു. ഞാനും അമ്മയുടെ മേൽ സമ്മർദം ചെലുത്താറുണ്ട്. അതു തെറ്റാണെന്നുള്ള വലിയൊരു തിരിച്ചറിവ് കിട്ടി. സിനിമ കണ്ടതിന് പിന്നാലെ എന്‍റെ അച്ഛൻ അമ്മയോട് ക്ഷമ ചോദിച്ചു. ദൈവമേ ഞാനും ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അച്ഛൻ പറഞ്ഞത്.ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ ശരിക്കും സമൂഹത്തില്‍ കാണുന്ന ഒരാളാണ്. അത്തരം ഒരാളായി ഞാനോ, എന്‍റെ ചുറ്റുമുള്ള സ്ത്രീകളോ മാറരുത് എന്നതാണ് ആഗ്രഹിക്കുന്നത്. സ്വയം നവീകരണമാണ് ഈ ചിത്രം'- സന്യ പറഞ്ഞു.
ഫെബ്രുവരി ഏഴിനാണ് മിസിസ് സീ 5 ൽ റിലീസ് ചെയ്തത്. സംവിധായിക ആരതി കദവ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസിൻ്റെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെയാണ്. റിച്ച ശർമ എന്ന കഥാപാത്രത്തെയാണ് സന്യ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.