ഡിസംബർ ഒന്നിനാണ് തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയും നിർമാതാവ് രാജ് നിഡിമോരുവും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹദിനത്തിൽ രാജ് സാമന്തക്ക് നൽകിയ ആഡംബര സമ്മാനത്തിന്‍റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള മനോഹരമായ ഒരു വീട് സാമന്തക്ക് രാജ് നിദിമോരു സമ്മാനമായി നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിവാഹദിന സമ്മാനമായി അദ്ദേഹം അവരുടെ പുതിയ വീടിന്റെ താക്കോലുകൾ കൈമാറിയതായി റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജൂബിലി ഹിൽസിലെ സാമന്തയുടെ രണ്ടാമത്തെ വീടാണ് ഇത്.
ജൂബിലി ഹിൽസിലെ അവരുടെ പ്രധാന വസതിയും ഹൈദരാബാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ജയഭേരി ഓറഞ്ച് കൗണ്ടിയിലുള്ള ഒരു ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റും ഉൾപ്പെടെ നിരവധി വീടുകൾ നടിക്ക് സ്വന്തമായുണ്ട്. സാമന്ത താമസിക്കുന്ന ജൂബിലി ഹിൽസിലെ അവരുടെ പ്രധാന വീടിന്റെ വില 18–25 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു.
സാമന്തയും രാജും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. 2025 നവംബറിൽ തന്റെ ബ്രാൻഡ് ലോഞ്ച് പരിപാടിയിൽ നടി രാജിനോടൊപ്പമുള്ള ഫോട്ടോ പങ്കിട്ടതാണ് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്. 2021ൽ ഹിറ്റ് വെബ് സീരീസായ ദി ഫാമിലി മാന്റെ രണ്ടാം സീസണിൽ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പൊതുവേദികളില്‍ പതിവായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സാമന്തയും രാജും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നത്. എന്നാൽ ഇരുവരും വാര്‍ത്തകളിൽ പ്രതികരിച്ചിരുന്നില്ല.
സിനിമകളിൽ നിന്ന് വിട്ട് നിൽക്കുമ്പോഴും സോഷ്യൽമീഡിയയിൽ സജീവമാണ് സാമന്ത. വർഷത്തിൽ അഞ്ച് സിനിമകൾ ചെയ്യുക, ബ്ലോക്ക്ബസ്റ്ററുകൾ നേടുക, ടോപ്പ് 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നും ഇപ്പോൾ തനിക്കില്ലെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു സിനിമ പോലും റിലീസ് ചെയ്തിട്ടില്ലങ്കിലും സന്തോഷവതിയാണെന്നും സാമന്ത പറയുന്നു. തന്‍റെ പോഡ്കാസ്റ്റിലൂടെ ആരോഗ്യപരമായ കാര്യങ്ങൾ പങ്കുവെക്കാൻ താരം ശ്രമിക്കുന്നുണ്ട്. താൻ അനുഭവിച്ച നിസ്സഹായത മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും സാമന്ത ഒരിക്കൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.