'തമിഴ്‌നാട് സർക്കാരിന്റെ ചെറിയൊരു ചുവടുവെപ്പ്, ഇന്ത്യൻ മോട്ടോർസ്‌പോർട്‌സിന്‍റെ വലിയൊരു കുതിച്ചുചാട്ടം'; മുഖ്യമന്ത്രി വിജയ്ക്ക് പ്രശംസ അറിയിച്ച് അജിത് കുമാർ

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പുതിയ മോട്ടോർ സ്‌പോർട്‌സ് സിറ്റി പദ്ധതിയെ പ്രശംസിച്ച് പ്രമുഖ നടൻ അജിത് കുമാർ രംഗത്തെത്തി. സംസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മോട്ടോർ സ്‌പോർട്‌സ് സിറ്റി നിർമിക്കുമെന്ന മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പ്രഖ്യാപനം ഇന്ത്യൻ മോട്ടോർസ്‌പോർട്‌സ് രംഗത്തെ സുപ്രധാന നാഴികക്കല്ലാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ വളരെ അഭിനന്ദനാർഹമാണെന്ന് അജിത് വ്യക്തമാക്കി.

തന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്ട്രോങ്ങിന്റെ പ്രസിദ്ധമായ വാക്കുകളെ ഓർമ്മിപ്പിച്ചുകൊണ്ട്, 'തമിഴ്‌നാട് സർക്കാരിന്റെ ചെറിയൊരു ചുവടുവെപ്പ്, ഇന്ത്യൻ മോട്ടോർസ്‌പോർട്‌സിനെ സംബന്ധിച്ചിടത്തോളം വലിയൊരു കുതിച്ചുചാട്ടമാണ്' എന്ന് അജിത് വിശേഷിപ്പിച്ചു. മോട്ടോർ റേസിങിൽ സജീവമായി ഇടപെടുന്ന ഒരാളെന്ന നിലയിൽ ഈ പദ്ധതി തനിക്ക് ഏറെ സന്തോഷം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിൽ കായിക മേഖലയിൽ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും വൻ വിജയമാകട്ടെയെന്ന് അജിത് ആശംസിച്ചു. യുവതീയുതാവുകളെ കായികരംഗത്തേക്ക് ആകർഷിക്കാനും അവരുടെ കഴിവുകൾ കൃത്യമായ രീതിയിൽ വളർത്തിയെടുക്കാനുമുള്ള ഇത്തരം അവസരങ്ങൾ തമിഴ്‌നാട്ടിലെ കായിക ഭാവിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തമിഴ് സിനിമാ ലോകത്തെ പ്രമുഖ താരവും മോട്ടോർസ്പോർട്ട് പ്രേമിയുമായ അജിത്ത് കുമാർ യൂറോപ്പിൽ വെച്ചുണ്ടായ ഹൈ-സ്പീഡ് എൻഡുറൻസ് റേസിങിനിടയിൽ കാറപകടത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് അത്ഭുതകരമായി രക്ഷപെട്ടത്. മത്സരത്തിനിടയിൽ നിയന്ത്രണം വിട്ട വാഹനം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചെങ്കിലും താരത്തിന് കാര്യമായ പരിക്കുകളൊന്നും പറ്റിയിരുന്നില്ല.

യൂറോപ്പിൽ നടന്ന മത്സരത്തിൽ 'അജിത്ത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനായി എൽ.എം.പി3 പ്രോ/ആം വിഭാഗത്തിൽ മത്സരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത അപകടം ഉണ്ടായത്. സർക്യൂട്ടിലെ 11-ാം ടേണിൽ വെച്ച് കാർ അപകടത്തിൽ പെടുകയായിരുന്നു. വൻ ആഘാതമുള്ള അപകടമായിരുന്നെങ്കിലും മുൻകാലങ്ങളിലെ പരിശീലനവും അനുഭവസമ്പത്തും താരത്തിന് തുണയായി. വലിയ പരിക്കുകളില്ലാതെ താരം സുരക്ഷിതനായി പുറത്തുവന്നത് ആരാധകർക്കും സിനിമാ ലോകത്തിനും വലിയ ആശ്വാസമായിട്ടുണ്ട്.

സിനിമക്കപ്പുറം മോട്ടോർസ്പോർട്സിനോടുള്ള അജിത്തിന്റെ അടങ്ങാത്ത അഭിനിവേശം ലോകമെമ്പാടുമുള്ള ആരാധകർക്ക് അറിയാവുന്നതാണ്. ദേശീയ തലത്തിലെ എം.ആർ.എഫ് റേസിങ് സീരീസ് മുതൽ അന്താരാഷ്ട്ര തലത്തിലുള്ള ഫോർമുല സീരീസുകളിലും എൻഡുറൻസ് മത്സരങ്ങളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. ഇതിനുമുമ്പും പലതവണ റേസിങ് ട്രാക്കുകളിൽ ചെറിയ അപകടങ്ങളിൽ പെട്ടിട്ടുണ്ടെങ്കിലും അവെയൊക്കെ അതിജീവിച്ച് അദ്ദേഹം വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്താറുണ്ട്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഡെയർഡെവിൽ' ആണ് അജിത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത പ്രധാന ചിത്രം.

Tags:    
News Summary - Ajith hails CM Vijay’s Motor Sports City plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.