കോട്ട: പ്രമുഖ പാൻമസാല ബ്രാന്‍റിന്‍റെ പരസ്യത്തിൽ അഭിനയിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചതിന് ബോളിവുഡ് നടൻ സൽമാൻ ഖാന് നോട്ടീസ് അയച്ച് കോട്ട ഉപഭോക്തൃ കോടതി. മുതിർന്ന ബി.ജെ.പി നേതാവും രാജസ്ഥാൻ ഹൈകോടതി അഭിഭാഷകനുമായ ഇന്ദർ മോഹൻ സിങ് ആണ് ഇത്തരം പരസ്യങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തുടർന്ന് ഉപഭോക്തൃ കോടതി ഔദ്യോഗിക പ്രതികരണം തേടിക്കൊണ്ട് സൽമാന് നോട്ടീസ് അയക്കുകയും ചെയ്തു.
പാൻമസാലയിൽ കുങ്കുമപ്പൂവ് ചേർത്തിട്ടുണ്ടെന്ന പരസ്യത്തിലെ വാദമാണ് ചോദ്യം ചെയ്തത്. കിലോക്ക് നാലു ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൂ 5 രൂപയുടെ പാൻമസാലയിൽ ചേർത്തുവെന്ന വാദം വിശ്വാസ യോഗ്യമല്ലെന്ന് ഹരജിയിൽ പറഞ്ഞു. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങൾ യുവാക്കളെ പാൻമസാല ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും കാൻസർ കേസുകൾ വർധിപ്പിക്കുമെന്നും മോഹൻ സിങ് പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ സിനിമാ താരങ്ങൾ ശീതള പാനീയങ്ങളുടെ പരസ്യത്തിൽ പോലും അഭിനയിക്കാറില്ല. അപ്പോഴാണ് ഇവിടെ താരങ്ങൾ പാൻ മസാലയുടെയും പുകയിലയുടെയുമൊക്കെ പരസ്യത്തിൽ അഭിനയിക്കുന്നതെന്നും യുവാക്കളെ വഴി തെറ്റിക്കുന്ന പരസ്യത്തിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.