ബോളിവുഡിലെ പ്രശസ്ത നടനാണ് സെയ്ഫ് അലി ഖാൻ. എന്നാൽ ലോകമറിയുന്ന താരമാകുന്നതിന് മുമ്പുള്ള തന്‍റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. 1000 രൂപ സമ്പാദിക്കാൻ കഷ്ടപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. അടുത്തിടെ എസ്‌ക്വയർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ, 1000 രൂപ പ്രതിഫലം നൽകുന്നതിന് ഒരു നിർമാതാവ് തന്‍റെ മുന്നിൽ വിചിത്രമായ വ്യവസ്ഥ വെച്ചതിനെക്കുറിച്ച് സെയ്ഫ് അലി ഖാൻ വെളിപ്പെടുത്തി.
സിനിമയിലെ തന്റെ ആദ്യ ദിനങ്ങൾ ഒട്ടും സുഗമമായിരുന്നില്ലെന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞു. മൻസൂർ അലി ഖാൻ പട്ടൗഡിയും ഷർമിള ടാഗോറുമൊക്കെ ഉള്ള ഒരു സമ്പന്ന കുടുംബത്തിൽ നിന്നാണ് വന്നതെങ്കിലും അദ്ദേഹത്തിന്റെ കരിയർ തുടക്കം അത്ര നല്ലതായിരുന്നില്ല. ഒന്നിനുപുറകെ ഒന്നായി വളരെ മോശമായിരുന്ന കാലമായിരുന്നു അതെന്ന് അദ്ദേഹം ഓർമിക്കുന്നു. ആഴ്ചയിൽ ആയിരം രൂപ പ്രതിഫലം കൊടുത്തിരുന്ന ഒരു നിർമാതാവിനെക്കുറിച്ച് അദ്ദേഹം ഓർമിച്ചു. സെയ്ഫ് പണം വാങ്ങുമ്പോഴെല്ലാം തന്റെ കവിളിൽ പത്ത് തവണ ചുംബിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്.
ജയ്ദീപ് അഹ്ലാവത്തിനൊപ്പമുള്ള ജുവൽ തീഫ് എന്ന ചിത്രമാണ് സെയ്ഫ് അലി ഖാന്‍റേതായി അവസാനമായി പുറത്തുവന്നത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം കൂക്കി ഗുലാത്തിയും റോബി ഗ്രെവാളും ചേർന്നാണ് സംവിധാനം ചെയ്തത്. അക്ഷയ് കുമാറിനൊപ്പം ഒന്നിക്കുന്ന പ്രിയദർശൻ ചിത്രം ഹൈവാൻ ആണ് ഇനി വരാനുള്ള സെയ്ഫ് അലി ഖാൻ ചിത്രം. 2016ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ത്രില്ലർ ചിത്രമായ ഒപ്പത്തിന്റെ റിമേക്കാണ് ഇതെന്നാണ് വിവരം. തെസ്പിയൻ ഫിലിംസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം 2026ൽ തിയറ്ററുകളിൽ എത്തും. സമുദ്രക്കനി, സയാമി ഖേർ, ശ്രേയ പിൽഗോങ്കർ, അസ്രാനി, ഐനാർ ഹരാൾഡ്സൺ തുടങ്ങിയ അഭിനേതാക്കൾ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.