ഞാൻ കേൾക്കാതെ പോയ ആ അസ്സേ വിളി

പത്രപ്രവർത്തകനും എഴുത്തുകാരനുമായ വി.ആർ. രാജമോഹൻ അനശ്വര നടൻ പ്രേം നസീറിന്റെ ഓർമകൾ പങ്കുവെക്കുന്നു

ലോകസിനിമാ ചരിത്രത്തിൽ വേറിട്ട അടയാളപ്പെടുത്തലുകൾ നടത്തിയ പ്രേംനസീറിനെ നാലു പതിറ്റാണ്ട് മുമ്പ് ആദ്യമായി നേരിൽ കണ്ട ഓർമ്മകൾ വേർപാടിന് 33 വർഷം പിന്നിടുന്ന വേളയിലും മനസ്സിൽ മങ്ങാെത മായാതെ നിൽക്കുന്നു.

ഞങ്ങളുടെ പെരുമ്പാവൂരിനെയാകെ ഇളക്കി മറിച്ചാണ് എ. വിൻസെൻറ് സംവിധാനം ചെയ്ത 'ആനപ്പാച്ചൻ' എന്ന ഉദയാ ചിത്രത്തിെൻറ ഷൂട്ടിങ് 1978ൽ പാണംകുഴി വനമേഖലയിൽ നടന്നത്. താരങ്ങൾക്ക് താമസിക്കാൻ പറ്റിയ സ്റ്റാർ ഹോട്ടൽ സംവിധാനങ്ങളൊന്നും പെരുമ്പാവൂരിൽ ഉണ്ടായിരുന്നില്ല. താലൂക്കാശുപത്രിക്ക് എതിരെയുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മുകൾ നിലയിലെ ഗസ്റ്റ് ഹൗസ് സംവിധാനത്തിലായിരുന്നു പ്രധാന താരങ്ങൾ താമസിച്ചിരുന്നത്. ഇതറിഞ്ഞ് ബാങ്കിന് മുന്നിൽ തടിച്ച് കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് വല്ലാതെ വലഞ്ഞു. പെരുമ്പാവൂരിലെ ജനസംഖ്യയുടെ സിംഹഭാഗവും അവിടെ തടിച്ച് കൂടിയെന്ന് തന്നെ പറയാം. ഈ ജനസഞ്ചയത്തിൽ ഒരുവനായി എസ്.എസ്.എൽ.സി പരീക്ഷ എഴുതി നിൽക്കുന്ന പെരുമ്പാവൂർ ഗവ. ബോയ്സ് ഹൈസ്ക്കൂൾ വിദ്യാർഥിയായ ഞാനുമുണ്ട്. സ്കൂളിലും കോളജിലും ഒരു വർഷം ജൂനിയറായ പ്രമുഖ താരം ജയറാമും ഒപ്പമുണ്ടായിരുന്നുവെന്നത് മറക്കാനാവില്ല.


മണിക്കൂറുകളുടെ കാത്തിരിപ്പിന് ഒടുവിൽ കെട്ടിടത്തിെൻറ മുകളിലത്തെ നിലയിൽ നിന്ന് കർട്ടൺ വകഞ്ഞ് മാറ്റി സാക്ഷാൽ പ്രേം നസീറും ഷീലയും ആരാധകരെ നോക്കി കൈവീശിയതോടെ ഉന്മാദാവസ്ഥയിൽ ആർപ്പ് വിളികളുമായി ജനം ഇളകി മറിഞ്ഞു. ഈ നേരം സമീപത്തെ കള്ളുഷാപ്പിൽ നിന്നും ഇറങ്ങി വന്ന അയ്യപ്പ ബൈജുവിെൻറ പ്രസിദ്ധമായ കുടിയൻ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന നഗരത്തിലെ അക്കാലത്തെ ഒരു മദ്യപൻ ഉറക്കെ ചോദിച്ചു.'നിങ്ങൾക്കൊക്കൊ എന്താണ്? പിരാന്തായോ? എന്താണിവർ തൂറാത്തവരാണോ?'. കലി പൂണ്ട ആരാധകവൃന്ദം അയാളെ വെറുപ്പോടെ നോക്കി. അതിലേറെ പുച്ഛത്തോടെ ആഞ്ഞ് തുപ്പി അയാൾ നടന്ന് നീങ്ങിയപ്പോാൾ ആ പറഞ്ഞതിൽ കാര്യമില്ലേയെന്ന ചിന്ത ഒരു നിമിഷം തോന്നാതിരുന്നില്ല. എന്നിരുന്നാലും ആദ്യമായി സിനിമാതാരങ്ങളെ നേരിൽ കണ്ടതിെൻറ അമിതാവേശത്തിൽ ഞാനും അങ്ങനെ ലയിച്ചു. പിൽക്കാലത്ത് പ്രേംനസീറിനെ അനുകരിച്ച് പ്രശസ്തനായ ജയറാമിനെ സംബന്ധിച്ചിടത്തോളം അതൊരു അവിസ്മരണീയ സംഭവമായിരുന്നു.

കൗതുകകരമായ മറ്റൊരു സംഭവം ഇതിനിടെ നടന്നു. താരങ്ങൾക്ക് സഞ്ചരിക്കാനായി ഏർപ്പെടുത്തിയിരുന്ന കാർ ജയറാമിെൻറ വല്ല്യച്ചേൻറതായിരുന്നു. അതിൽ കയറി പിറ്റേന്ന് അതിരാവിലെ ബാങ്ക് കെട്ടിടത്തിലെത്തി ജയറാം സ്വകാര്യമായി പ്രേംനസീറിനെ കണ്ടുവെന്നും ഷൂട്ടിങ്ങ് ലൊക്കേഷൻ വരെ ഒപ്പം പോയെന്നുമാണ് അന്ന് കേട്ടത്. ഡ്രൈവർ അറിയാതെ കാറിൽ മൂപ്പര് ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ചിലർ അന്നേ പറയുകയുണ്ടായി. ജയറാമിന് മാത്രമായി ലഭിച്ച ആ അപൂർവ്വ സൗഭാഗ്യത്തിൽ ഞങ്ങളൊക്കെ അസൂയ പൂണ്ടു.


പ്രേം നസീറിനേയും ഷീലയേയും ഒരു മിന്നായം പോലെ കണ്ടത് കൊണ്ട് മാത്രം എെൻറ ആഗ്രഹം ശമിച്ചില്ല. സ്വന്തം നാട്ടിൽ ഒരു സിനിമാ ഷൂട്ടിങ് നടക്കുകയല്ലേ? അതൊന്ന് നേരിൽ കണ്ടിട്ട് തന്നെ കാര്യം. അടുത്ത ദിവസം തന്നെ പാണംകുഴിക്ക് വെച്ച് പിടിച്ചു. നസീറിനേയും ഷീലയേയും മാത്രമല്ല. മലയാളികളുടെ പ്രിയതാരം സാക്ഷാൽ ജയനേയും നേരിൽ കണ്ടു. ആനന്ദ ലബ്ധിക്ക് ഇതിൽ പരംവേറെന്ത് വേണം. നായകൻ നസീറിേൻറയും വില്ലൻ ജയേൻറയും വേഷം ധരിച്ച ഡ്യൂപ്പുകൾ സെറ്റിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടു. വാരിക്കുഴിയിലേക്ക് ഇറങ്ങി ആനയെ വലിയ വടമിട്ട് കുരുക്കുന്നതും മറ്റുമായ സാഹസികരംഗങ്ങളിൽ അഭിനയിച്ചത് പാവം ഡ്യൂപ്പുമാരായിരുന്നു.

ഇതിനിടെ ഒഴിവു വേളയിൽ നടി ഷീലയുടെ മകൻ നാലോ അഞ്ചോ വയസ്സുള്ള വിഷ്ണുവിനെ ജയൻ എടുത്ത് കൊണ്ട് നടന്ന് കളിപ്പിക്കുന്നത് കാണാമായിരുന്നു. ഷൂട്ടിങ് പ്രോപ്പർട്ടിയായി വെച്ചിരിക്കുന്ന വലിയ വടത്തിൽ ഒരു ചുറ്റ് ഉണ്ടാക്കി അതിനുള്ളിൽ കുട്ടിയെ മുറുക്കി ജയൻ ഉയർത്തുന്നത് കാണികൾ ഭയത്തോടെ നോക്കി. യാതൊരു പേടിയുമില്ലാതെ കുട്ടി അത് ആസ്വദിക്കുന്നത് കൗതുകമായി. അതേ സമയം ഇതൊന്നും ശ്രദ്ധിക്കാതെ അടുത്ത ഷോട്ട് കാത്ത് ഏതോ മാസിക വായിച്ചു കൊണ്ട് സെറ്റിൽ വിശ്രമിക്കുന്ന ഷീലയെ അത്ഭുതത്തോടെയാണ് കണ്ടത്. വർഷങ്ങൾക്ക് ഇപ്പുറം 1997ൽ പെരുമ്പാവൂർ സ്വദേശിയായ നിർമാതാവും സംവിധായകനുമായി മമ്മി സെഞ്ച്വറി നിർമ്മിച്ച 'ഫൈസ് സ്റ്റാർ ഹോസ്പ്പിറ്റൽ' എന്ന സിനിമയിൽ നായകനായി ഇതേ വിഷ്ണു പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും നടന്ന ഷൂട്ടിങ്ങിൽ പങ്കെടുക്കാനെത്തിയെന്നത് മറ്റൊരു നിയോഗം.


മണിക്കൂറുകൾ കാത്ത് നിന്ന് താരങ്ങളെ കണ്ടതിന് പുറമെ ഷൂട്ടിങ്ങ് കൂടി അനുഭവിച്ചതോടെ സത്യം പറഞ്ഞാൽ കൊതിയെല്ലാം അടങ്ങി. സിനിമാ സംഘം പോയോ എന്ന് പോലും തിരക്കിയില്ല. അതെല്ലാം മറന്ന് പെരുമ്പാവൂരിലെ ജനജീവിതം സാധാരണ ഗതിയിലായ നാളുകൾ. ഒരു ദിവസം വീട്ടിൽ മുത്തശ്ലിയമ്മക്ക് രാത്രി വളരെ വൈകി ഒരു ശാരീരിക ബുദ്ധിമുട്ട്. പതിവായി കഴിക്കുന്ന മരുന്നുകളിൽ പ്രധാനപ്പെട്ട ഒന്ന് തീർന്നു. സമയം ഏതാണ്ട് പതിനൊന്ന് മണിയായതിനാൽ മെഡിക്കൽ സ്റ്റോർ എല്ലാം അടച്ച് കഴിഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പിച്ചു. എങ്കിലും ഒന്ന് പരീക്ഷിച്ചേക്കാമെന്ന് കരുതി ഞാൻ സൈക്കിളുമായി ടൗണിലേക്ക് വിട്ടു. ഭാഗ്യത്തിന് ഒരു കട അടച്ചിരുന്നില്ല. മരുന്നും വാങ്ങി മടങ്ങവെ ബാങ്ക് പരിസരത്ത് എത്തിയപ്പോൾ പൊടുന്നനെ കനത്ത മഴ. പോക്കറ്റിലിട്ട മരുന്ന് നനഞ്ഞ് പോകുമെന്നതിനാൽ സൈക്കിൾ ബാങ്കിെൻറ സൈഡ്പോർച്ചിൽ ഒതുക്കി വെച്ച് മഴ കുറയുന്നതും കാത്ത് നിന്നപ്പോൾ മുത്തശ്ശിയമ്മക്ക് മരുന്ന് എത്തിക്കാൻ കഴിയാത്ത അവസ്ഥ ഓർത്ത് ആകപ്പാടെ ബേജാറിലായിരുന്നു. എങ്കിലും ഒരാഴ്ച്ച മുമ്പാണല്ലോ താരങ്ങളെ കാണാനായി ചുട്ടുപൊള്ളുന്ന വെയിലത്ത് ഇതേ സ്ഥലത്ത് നിന്നതെന്നും ഇപ്പോൾ കോരിച്ചൊരിയുന്ന മഴയാണല്ലോ എന്നുമൊക്കെ മനസ്സിൽ ചിന്തിച്ച് കൂട്ടി.

മഴ ശമിക്കാത്തതിനാൽ അസ്വസ്തനായി നിൽക്കവെ മുകളിലെ ഗസ്റ്റ് ഹൗസിൽ നിന്ന് ആരോ ഗോവണിയിറങ്ങി വരുന്ന ശബ്ദം കേട്ടു. ആരായിരിക്കാം ഈ നേരം അവിടെയെന്ന് ആലോചിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ മൂന്ന് പേരുണ്ട്. കണ്ടത് സ്വപ്നം ആണോയെന്ന് തോന്നി. പ്രേം നസീറും ഷീലയും മാത്രമല്ല പ്രിയതാരം അടൂർ ഭാസിയും. ങ്ങേ ഇവർ പോയില്ലേ എന്ന ചോദ്യമാണ് മനസ്സിൽ ആദ്യം വന്നത്. പക്ഷെ പെട്ടെന്ന് ഇത്തരമൊരു സംഭവത്തെ ഉൾക്കൊള്ളാനാകാതെ ഞാനാകെ ബുദ്ധിമുട്ടിലായി. അപരിചിതനായ ഒരാൾ രാത്രിനേരം പോർച്ചിൽ നിൽക്കുന്നത് കണ്ട് മിക്കവാറും താരങ്ങളും അമ്പരന്നിട്ടുണ്ടാകും. പക്ഷെ ഞാനൊരു കുട്ടിയായിരുന്നതിനാൽ അവർ അത് വലിയ കാര്യമാക്കിയിട്ടുണ്ടാകില്ല.

അടൂർ ഭാസിയും ഷീലയും അപ്പോഴും ഒരുഭാവഭേദവുമില്ലാതെ നിന്നു. എെൻറ അങ്കലാപ്പ് കൃത്യമായി മനസ്സിലാക്കിയ പ്രേംനസീറാകട്ടെ വാത്സല്യ ഭാവത്തോടെ എന്നോട് എന്തൊക്കെയേ ചോദിച്ചു.'എന്താ നല്ല മഴ അല്ലേ?. അത് മാത്രം ഇന്നും ഓർക്കുന്നു. ഞാനാകട്ടെ വിളറിയ ചിരിയിൽ അതെ എന്ന മറുപടി എങ്ങിനേയോ പറഞ്ഞൊപ്പിച്ചു. പെട്ടെന്നാണ് പോർച്ചിലേക്ക് ഒരു കാർ വന്നു നിന്നത്. ഒരു ചെറുചിരി സമ്മാനിച്ച് മറ്റ് രണ്ട് പേരോടുമൊപ്പം നസീർ കാറിൽ കയറി പോവുകയായിരുന്നു. കണ്ടത് സ്വപ്നമല്ലെന്ന് നുള്ളി നോക്കി ഉറപ്പ് വരുത്തേണ്ട ആവശ്യം ഒന്നും അപ്പോൾ തോന്നിയില്ല. മഴ കുറയുന്നത് വരെ കാത്ത് നിൽക്കേണ്ടി വരുേമ്പാൾ മുത്തശ്ശിയമ്മക്ക് വല്ലതും സംഭവിച്ചാലോയെന്ന് പേടി മാത്രമായിരുന്നു മനസ്സിൽ. ഒടുവിൽ മഴയെല്ലാം മാറി വീട്ടിലെത്തിയപ്പോൾ മരുന്ന് കിട്ടിയതിെൻറ ആശ്വാസത്തിലായിരുന്നു എല്ലാവരും. ആ തിരക്കിൽ നസീറിനെയും മറ്റും കണ്ട കാര്യം ആരോടും പറഞ്ഞതില്ല. പിറ്റേന്ന് അമ്മയോട് മാത്രമായി ഇക്കാര്യം പറഞ്ഞപ്പോൾ അതൊരു വലിയ ഭാഗ്യമാണല്ലോയെന്നായിരുന്നു പ്രതികരണം. അത് കേട്ടതോടെ ജയറാമിനോട് തോന്നിയ അസൂയ മാറിയെങ്കിലും കൂടുതലൊന്നും സംസാരിക്കാൻ പറ്റിയില്ലല്ലോയെന്ന് ഓർത്ത് തെല്ല് സങ്കടം തോന്നാതിരുന്നില്ല. ഇഷ്ടം തോന്നുവരെ നസീർസാർ അസ്സേ എന്നാണ് വിളിക്കുന്നതെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അദ്ദേഹം എന്നെയും അങ്ങനെ വിളിച്ചിട്ടുണ്ടാകുമെന്ന് അപ്പോഴാണ് ഓർത്തത്. പക്ഷെ പരിഭ്രമത്തിനിടയിൽ ഞാനത് കേൾക്കാതെ പോയതാകുമെന്ന് സ്വയം സമാധാനിച്ചു.

ജയറാം

വർഷങ്ങൾക്ക് ഇപ്പുറം 1988ൽ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ എ.ടി. അബു സംവിധാനം ചെയ്ത 'ധ്വനി' സിനിമയുടെ സ്വിച്ച് ഓൺ ചടങ്ങിന് പോയപ്പോൾ പ്രേം നസീറിനേയും ജയറാമിനേയും കണ്ടപ്പോൾ പത്ത് വർഷം മുമ്പത്തെ ആനപ്പാച്ചൻ ദിനങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. എെൻറ അമ്മയുടെ പ്രിയശിഷ്യനായിരുന്നു ജയറാം. ആ വർഷം അമ്മ റിട്ടയർ ചെയ്തത് അടക്കമുള്ള മറ്റ് പലവിശേഷങ്ങളും പങ്കുവെച്ചു. അന്ന് നസീർ സാറിനോട് സംസാരിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിെൻറ തിരക്ക് കണ്ട് പിന്നീട് ഒരിക്കൽ ആകാമല്ലോയെന്ന് കരുതി വേണ്ടെന്ന് വെച്ചു. പക്ഷെ ഏതാനും മാസങ്ങൾ കഴിഞ്ഞ് അപ്രതീക്ഷിതമായി അദ്ദേഹം ജീവിതത്തിൽ നിന്നും വിടപറഞ്ഞത് ഓർക്കുേമ്പാൾ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു. പ്രേം നസീറിനെ പോലെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്ന ഒരാൾ കേവലം 62ാം വയസ്സിൽ മരിച്ച് പോകുമെന്ന ചിന്ത എനിക്ക് തീരെ ഉണ്ടായതേയില്ലെന്നതാണ് സത്യം.

Tags:    
News Summary - Remembering prem nazir on his Death Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.