അരവിന്ദ് സ്വാമി

‘അന്ന’ എന്ന സിനിമയെക്കുറിച്ച് എനിക്കൊന്നുമറിയില്ല; ആ കഥ പോലും കേട്ടിട്ടില്ലെന്ന് അരവിന്ദ് സ്വാമി

ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ സിനിമാ–സംഗീതാസ്വാദകർക്കിടയിൽ വീണ്ടും തരംഗമായ ചിത്രമാണ് അന്ന. യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ എന്ന യേശുദാസ് പാടിയ ഗാനമാണ് പുതുതലമുറയുടെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയത്. ഈ ചിത്രത്തിൽ അരവിന്ദ് സ്വാമിയെയും ശ്രീദേവിയെയും വെച്ച് ജോഷി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നുവെന്നും പിന്നീട് അത് ഉപേക്ഷിച്ചുവെന്നുമായിരുന്നു പ്രചാരണം.

എന്നാൽ അങ്ങനെയൊരു സിനിമയെക്കുറിച്ച് താൻ കേട്ടിട്ട് പോലുമില്ലെന്ന് അരവിന്ദ് സ്വാമി പറയുന്നു. ആ ചിത്രത്തിന്റെ കഥ പോലും താൻ കേട്ടിട്ടില്ലെന്നും അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടൻ ശിവാജി ഗണേശന്റെ മകനായ രാംകുമാറിന്റെ 'ട്രൂലി റാം' എന്ന പോഡ്‌കാസ്റ്റ് ഷോയിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. അന്ന എന്ന ചിത്രത്തിന്റെ നിർമാതാക്കളെ തന്റെ പേരുപറഞ്ഞ് സമീപിച്ചത് ആരാണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘സത്യത്തിൽ 'അന്ന' എന്ന സിനിമ ചെയ്യാമെന്ന് ഞാൻ സമ്മതിച്ചിരുന്നില്ല. അക്കാലത്ത് എന്തോ ഒരു ആശയക്കുഴപ്പം സംഭവിച്ചതാണ്. എന്റെ പേരിൽ ആരാണ് ആ ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി സംസാരിച്ചതെന്ന് എനിക്കറിയില്ല. അതിന്റെ കഥ കേൾക്കുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്തിരുന്നില്ല. അന്ന് ഞാൻ സിനിമാരംഗത്ത് തുടക്കക്കാരനായിരുന്നു’ അരവിന്ദ് സ്വാമി പറഞ്ഞു. 

അന്ന എന്ന ചിത്രം ഞാൻ ചെയ്യാമെന്ന് പറഞ്ഞ് നിർമാതാക്കളോട് ആരാണ് സംസാരിച്ചതെന്ന് എനിക്കറിയില്ല. അല്ലെങ്കിൽ ഞാൻ ആ സിനിമ ചെയ്യുമെന്ന് അവർ സ്വയം കരുതിയതാണോ എന്നും വ്യക്തമല്ല. എന്തായാലും ആ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടേയില്ല. ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം പലരും എന്നോട് ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. പക്ഷേ, ആ പാട്ടിനെച്ചൊല്ലി എങ്ങനെയാണ് ഇങ്ങനെയൊരു കഥ പ്രചരിച്ചത് എന്ന് ഇപ്പോഴും അറിയില്ല അരവിന്ദ് സ്വാമി പറഞ്ഞു.

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ അന്ന എന്ന ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകാൻ കാരണം ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന്റെ വരവാണ്. മുൻപ് അരവിന്ദ് സ്വാമിയുടെ ഫോട്ടോ വച്ചുള്ള ഓഡിയോ കാസറ്റ് കവറുകൾ പ്രചരിച്ചിരുന്നെങ്കിൽ, അടുത്തിടെ അരവിന്ദ് സ്വാമി അഭിനയിക്കുന്ന മട്ടിലുള്ള എ.ഐ വിഷ്വൽ വിഡിയോകളും തരംഗമായിരുന്നു.

30 വർഷങ്ങൾക്ക് മുമ്പ് മുടങ്ങിപ്പോയ ജോഷി ചിത്രം ‘അന്ന’യുടെ നിർമാണ അവകാശം അടുത്തിടെ നിർമാതാവ് ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയിരുന്നു. കഥാകൃത്ത് എൻ. മോഹനന്റെ കുടുംബത്തിൽ നിന്നാണ് അദ്ദേഹം പകർപ്പവകാശം നേടിയത്. അരവിന്ദ് സ്വാമിയും ശ്രീദേവിയും കേന്ദ്രകഥാപാത്രങ്ങളാകേണ്ടിയിരുന്ന ഈ ചിത്രം ഡേറ്റ് പ്രശ്നങ്ങളും മറ്റ് സാങ്കേതിക തടസ്സങ്ങളും കാരണമാണ് അന്ന് ഉപേക്ഷിക്കേണ്ടി വന്നത്. എന്നാൽ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന്റെ വരവോടെ 'അന്ന' സോഷ്യൽ മീഡിയയിൽ വീണ്ടും ട്രെൻഡിങ്ങാവുകയായിരുന്നു.

Tags:    
News Summary - Arvind Swami Denies Anna Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.