രൺബീർ കപൂർ

ശ്രീരാമനും പരശുരാമനും രൺബീർ തന്നെ! ‘രാമായണ’ത്തിലെ മേക്കോവർ വിഡിയോ പുറത്ത്

നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യിൽ ശ്രീരാമനായി വേഷമിട്ട രൺബീർ കപൂർ, ചിത്രത്തിൽ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനായും എത്തുന്നുണ്ട്. പരശുരാമന്റെ വേഷപ്പകർച്ചക്കായി രൺബീർ കപൂർ നടത്തിയ കഠിനമായ പ്രോസ്തെറ്റിക് മേക്കപ്പ് പ്രക്രിയയുടെ പിന്നാമ്പുറ ദൃശ്യങ്ങൾ പ്രോസ്തെറ്റിക് ആർട്ടിസ്റ്റ് ടോം മീ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. വിഡിയോ പുറത്തുവന്നതോടെ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പരശുരാമന്റെ രൂപത്തിലേക്ക് മാറുന്നതിനായി രൺബീർ മണിക്കൂറുകളോളം മേക്കപ്പ് ചെയറിൽ ഇരിക്കുന്നതും പ്രോസ്തെറ്റിക്സ് ഘടിപ്പിക്കുന്നതുമായ വിവിധ ഘട്ടങ്ങളാണ് വിഡിയോയിലുള്ളത്. ‘പരശുരാമനായുള്ള പ്രോസ്തെറ്റിക്സ്, ഒന്നാം ഭാഗം. ഞാൻ ഏറെ ഭാഗ്യവാനാണ്! കാരണം എന്റെ പ്രിയപ്പെട്ട കലയും എന്റെ പ്രിയപ്പെട്ട കലാകാരനും ഒരേ നിമിഷത്തിൽ ഒന്നിച്ചു. എല്ലാവർക്കും ഇത്തരമൊരു അനുഭവം ലഭിക്കാറില്ല, അതിൽ ഞാൻ ശരിക്കും അനുഗ്രഹീതനാണ്’ എന്ന വൈകാരികമായ കുറിപ്പോടെയാണ് ടോം മീ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ആറാമത്തെ അവതാരമാണ് പരശുരാമൻ. ജമദഗ്നി മഹർഷിയുടെ പുത്രനായതിനാൽ രാമ ജമദഗ്നി, ഭാർഗ്ഗവ രാമൻ, വീരരാമൻ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. സപ്തചിരഞ്ജീവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന പരശുരാമൻ, കലിയുഗത്തിന്റെ അവസാനത്തിൽ വിഷ്ണുവിന്റെ പത്താമത്തെയും അവസാനത്തെയും അവതാരമായ കൽക്കിയുടെ ഗുരുവായി വീണ്ടും പ്രത്യക്ഷപ്പെടുമെന്നാണ് പുരാണങ്ങൾ പറയുന്നത്.

രാമായണ കഥയനുസരിച്ച്, സീതാദേവിയുമായുള്ള വിവാഹശേഷം അയോധ്യയിലേക്ക് മടങ്ങുന്ന ശ്രീരാമനെ പരശുരാമൻ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിക്കുന്നുണ്ട്. എന്നാൽ പിന്നീട് ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് തിരിച്ചറിയുന്ന പരശുരാമൻ, യുദ്ധത്തിൽ നിന്ന് പിന്മാറി തപസ്സിനായി തന്റെ ആശ്രമത്തിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. മഹാഭാരതത്തിൽ ഭീഷ്മർ, ദ്രോണാചാര്യർ, രുക്മി, കർണ്ണൻ തുടങ്ങിയ മഹാരഥന്മാരുടെ ഗുരുവായും പരശുരാമൻ എത്തുന്നുണ്ട്.

4,000 കോടി രൂപയുടെ വമ്പൻ ബജറ്റിലാണ് നിതേഷ് തിവാരി ‘രാമായണ’ ഒരുക്കിയിരിക്കുന്നത്. രൺബീർ കപൂറിനൊപ്പം സായ് പല്ലവി (സീത), യാഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ, ലാറ ദത്ത തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ നിന്ന് 500 കോടി രൂപയും ആഗോളതലത്തിൽ 900 കോടി രൂപയും കടന്ന് ബോക്സ് ഓഫീസിൽ വൻ റെക്കോർഡുകളാണ് ചിത്രം സ്വന്തമാക്കുന്നത്.

Tags:    
News Summary - Ranbir Kapoor Transforms Into Parashurama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.