മകന്‍റെ പേരിനു പിന്നിൽ ആ മമ്മൂട്ടി ചിത്രം; മമ്മൂട്ടിക്കൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ കഴിഞ്ഞത് വലിയൊരു അംഗീകാരം, മനസ്സുതുറന്ന് ധനുഷ്

മമ്മൂട്ടിയോടുള്ള തന്റെ ആരാധനയെക്കുറിച്ചും മകന് യാത്ര എന്ന് പേരിടാനുണ്ടായ കാരണത്തെക്കുറിച്ചും മനസ്സ് തുറന്ന് നടൻ ധനുഷ്. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഓം: ഓപ്പറേഷൻ മോൾ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ധനുഷ് മമ്മൂട്ടിയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചത്.

1985-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ യാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തന്റെ മകന് യാത്ര എന്ന് പേരിട്ടതെന്ന് ധനുഷ് വെളിപ്പെടുത്തി. ബാലു മഹേന്ദ്ര സംവിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത് ജോൺ പോളാണ്. അടിയന്തരാവസ്ഥക്കാലത്തെ പോലീസ്-ജയിൽ അതിക്രമങ്ങളാണ് ഈ സിനിമയുടെ പ്രമേയം.

ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ, സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ആരെന്തു പറഞ്ഞാലും താൻ താനായി തന്നെ തുടരുന്ന അദ്ദേഹത്തിന്റെ ഈ സ്വഭാവം തന്നെ ഏറെ ആകർഷിച്ചിട്ടുണ്ടെന്ന് ധനുഷ് പറയുന്നു. മമ്മൂട്ടിയുടെ ഓറയും സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും അത് ആർക്കും കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ കഴിയില്ലെന്നും ധനുഷ് അഭിപ്രായപ്പെട്ടു.

ലൊക്കേഷനിൽ മമ്മൂട്ടി ഉണ്ടെന്നറിയുമ്പോൾ തനിക്ക് വലിയ സന്തോഷമാണെന്നും, ഇന്ന് സാർ ഉണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് താൻ എന്നും സെറ്റിലേക്ക് വരാറുള്ളതെന്നും ധനുഷ് കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്കുമാർ പെരിയസ്വാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഓം. വണ്ടർബാർ ഫിലിംസും ആർ.ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധനുഷ്, മമ്മൂട്ടി, സായി പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    
News Summary - danush about mamooty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.