ദുൽഖർ സൽമാൻ
‘എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് എന്റെ സിനിമകൾ’; ട്രോളുകൾ ശീലമായെന്ന് ദുൽഖർ സൽമാൻ
ഓൺലൈൻ ട്രോളുകളെയും വിമർശനങ്ങളെയും എങ്ങനെയാണ് താൻ അതിജീവിക്കുന്നതെന്നും, അവ തന്റെ അഭിനയ തിരഞ്ഞെടുപ്പുകളെ എങ്ങനെ സ്വാധീനിക്കുന്നുണ്ടെന്നും തുറന്നുപറഞ്ഞ് നടൻ ദുൽഖർ സൽമാൻ. ഗലാട്ട പ്ലസ് ചാനലിന് നൽകിയ പുതിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്ന വിമർശനങ്ങൾ ഇപ്പോൾ കാര്യമായി ബാധിക്കാറില്ലെന്നും, പലപ്പോഴും ആ നെഗറ്റീവിറ്റിയെ തന്റെ കരിയറിലെ വെല്ലുവിളികളേറ്റെടുക്കാനുള്ള ഊർജ്ജമായാണ് മാറ്റാറുള്ളതെന്നും ദുൽഖർ വ്യക്തമാക്കി.
കരിയറിന്റെ തുടക്കത്തിൽ ഓൺലൈൻ വിമർശനങ്ങളും ആളുകളുടെ മോശം പ്രതികരണങ്ങളും തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നുവെന്നും, ആ ദേഷ്യവും നെഗറ്റീവ് എനർജിയും താൻ കൂടെക്കൂട്ടാറുണ്ടായിരുന്നുവെന്നും മുൻപ് ദുൽഖർ വ്യക്തമാക്കിയിരുന്നു. എന്നാൽ കാലം മാറുമ്പോൾ അതിനോട് പൊരുത്തപ്പെടാൻ പഠിച്ചതായി താരം പറയുന്നു.
‘കാലക്രമേണ ഇത്തരം വിമർശനങ്ങൾ എന്നെ കുറച്ചേ ബാധിക്കുന്നുള്ളൂ എന്ന് ഞാൻ തിരിച്ചറിയുന്നു. അതിനുപിന്നിൽ യാതൊരുവിധ ലോജിക്കും ഇല്ലെന്ന് എനിക്ക് മനസ്സിലായി. നല്ല സിനിമകൾ ചെയ്യുക, മികച്ച വേഷങ്ങൾ തിരഞ്ഞെടുക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. താൻ ചെയ്യുന്ന സിനിമകൾ നല്ലതാവട്ടെ ചീത്തയാവട്ടെ, ഒരു നടനെന്ന നിലയിൽ ഞാൻ ഒരിക്കലും ആത്മാർത്ഥതയില്ലാത്തവനായിരുന്നിട്ടില്ല. എന്നിട്ടും എനിക്ക് വലിയ തോതിൽ നെഗറ്റീവിറ്റി നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ ഇതൊക്കെ എല്ലാ നടന്മാരും കടന്നുപോകുന്ന കാര്യമാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു’ ദുൽഖർ പറഞ്ഞു.
തന്റെ കരിയറിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങളെന്ന് ആദ്യമൊക്കെ തോന്നിയിരുന്നെങ്കിലും, മറ്റ് നടന്മാരുടെ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ വിമർശനങ്ങൾ ഈ സിനിമാമേഖലയുടെ ഭാഗം തന്നെയാണെന്ന് തിരിച്ചറിഞ്ഞതായും താരം കൂട്ടിച്ചേർത്തു. വിമർശനങ്ങൾ തന്നെ ഇപ്പോഴും ബാധിക്കാറുണ്ടെങ്കിലും, അതിനെ ദേഷ്യമായി കൊണ്ടുനടക്കുന്നതിന് പകരം കരിയറിനുള്ള ഒരു വഴികാട്ടിയായി മാറ്റാനാണ് താൻ ശ്രമിക്കുന്നതെന്നും ദുൽഖർ വ്യക്തമാക്കി.
‘എന്നെക്കുറിച്ചുള്ള മോശം പ്രതികരണങ്ങൾ ഞാൻ ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഒരു തരത്തിൽ അത് നല്ലതാണ്, കാരണം അത് എന്നെ മുന്നോട്ട് നയിക്കുകയും ഒരു ദിശ കാണിച്ച് തരുകയും ചെയ്യുന്നുണ്ട്. എന്നെക്കൊണ്ട് ചിലതൊന്നും ചെയ്യാൻ കഴിയില്ലെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, ആ വെല്ലുവിളി ഏറ്റെടുക്കാനാണ് എനിക്ക് താല്പര്യം. എന്റെ സിനിമകളുടെ തിരഞ്ഞെടുപ്പുകളെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. എന്നെ ഭയപ്പെടുത്തുന്ന അല്ലെങ്കിൽ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങളും സിനിമകളും ഞാൻ തിരഞ്ഞെടുക്കാറുണ്ട്. അത് ഒരു നടനെന്ന നിലയിൽ വളരാൻ എന്നെ സഹായിക്കുന്നു. ഇപ്പോൾ എന്റെ ഉള്ളിൽ പഴയതുപോലെ കടുത്ത അമർഷമോ ദേഷ്യമോ ഇല്ല’ താരം വ്യക്തമാക്കി.
അതേസമയം, ദുൽഖർ സൽമാന്റെ അടുത്ത ചിത്രമായ ആകാശംലോ ഒക താര നവംബർ 20ന് തിയറ്ററുകളിലെത്തുകയാണ്. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ഈ തെലുങ്ക് ഡ്രാമ ചിത്രത്തിൽ സാത്വിക വീരവല്ലി, ശ്രുതി ഹാസൻ എന്നിവരാണ് നായികമാർ. ജി.വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതേ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ദുൽഖറിനൊപ്പം പിതാവും മലയാളത്തിന്റെ മെഗാസ്റ്റാറുമായ മമ്മൂട്ടിയുടെ ചിത്രവും ബോക്സോഫീസിൽ റിലീസിന് ഇതേ ദിവസം എത്തുന്നുണ്ട്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം’ എന്ന തമിഴ് സ്പൈ-ആക്ഷൻ ചിത്രത്തിൽ ധനുഷിനൊപ്പമാണ് മമ്മൂട്ടി വേഷമിടുന്നത്. ഒരേ ദിവസത്തിൽ അച്ഛനും മകനും മലയാളത്തിലെയും മറ്റ് ഭാഷകളിലെയും ബോക്സോഫീസിൽ നേർക്കുനേർ വരുന്നത് സിനിമാപ്രേമികളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.