ഇന്ത്യൻ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച രാജമൗലി ചിത്രം ബാഹുബലി പുറത്തിറങ്ങിയിട്ട് 10 വർഷം കഴിഞ്ഞിരുക്കുകയാണ്. രമ്യ കൃഷ്ണൻ ആയിരുന്നു ചിത്രത്തിൽ ശിവഗാമിയായി വേഷമിട്ടത്. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ബാഹുബലിയിലേത്. എന്നാൽ, ഐക്കണിക് വേഷം താൻ ആദ്യം നിരസിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് രമ്യ കൃഷ്ണൻ.
ബാഹുബലി എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ തന്നെ താൻ ആ സിനിമ നിരസിക്കുകയായിരുന്നെന്ന് ജഗപതി ബാബുവിനൊപ്പം ഒരു ടോക്ക് ഷോയിൽ രമ്യ കൃഷ്ണൻ ഓർമിച്ചു. നിർമാതാവ് ഷോബു യാർലഗദ്ദയാണ് തന്നെ ആദ്യം വിളിച്ചത് എന്ന് രമ്യ പറഞ്ഞു.
'ശോബു യാർലഗദ്ദ എന്നെ വിളിച്ചപ്പോൾ, സിനിമക്കായി 40 ദിവസത്തെ ഷൂട്ട് ചെയ്യേണ്ടിവരുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. '40 ദിവസത്തെ ഷൂട്ട്? ക്ഷമിക്കണം ഷോബു സർ, എനിക്ക് അത് ചെയ്യാൻ കഴിയില്ല' എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. പരിഭ്രാന്തിയോടെ ഞാൻ ഫോൺ വെച്ചു' -രമ്യ കൃഷ്ണൻ പറഞ്ഞു.
ബാഹുബലിയുടെ വ്യാപ്തിയെക്കുറിച്ചോ കഥാതന്തുവിനെക്കുറിച്ചോ അന്ന് തനിക്ക് ഒരു ധാരണയുമില്ലായിരുന്നുവെന്നും നടി പറഞ്ഞു. ആകെ അറിയാമായിരുന്നത് അതൊരു ബിഗ് ബജറ്റ് ചിത്രമാണെന്ന് മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. രാജാമാതാ ശിവഗാമിയെ അവതരിപ്പിച്ചതിന്‍റെ അനുഭവവും താരം പങ്കുവെച്ചു. പ്രത്യേകിച്ച് കുഞ്ഞിനെ മടിയിൽ ഇരുത്തേണ്ടി വന്ന രംഗങ്ങളിൽ തനിക്ക് യഥാർഥത്തിൽ രാജമാതാവിനെപ്പോലെ തോന്നിയെന്നും നടി പറഞ്ഞു.
അതേസമയം, ചിത്രത്തിന്‍റെ രണ്ടുഭാഗങ്ങൾ കൂട്ടിച്ചേർത്ത് ബാഹുബലി-ദി എപിക് എന്ന ഒറ്റ ഭാഗം റിലീസിന് ഒരുങ്ങുന്ന വിവരം നേരത്തേ തന്നെ അറിയിച്ചിരുന്നു. ചിത്രം ഈ മാസം അവസാനം തിയറ്ററുകളിൽ എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഒക്ടോബർ 31നാണ് ബാഹുബലി വീണ്ടും തിയറ്ററുകളിലെത്തും. സിനിമയുടെ ട്രെയിലർ അണിയറപ്രവർത്തകർ പങ്കുവെച്ചു. വേൾഡ് വൈഡ് റീ-റിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.