നവാസും രഹ്നയും

‘വിധി ഹൃദയം കീറിമുറിക്കും, ആ പാടുകൾ മനസ്സിൽ കിടക്കും’; നവാസ് ഇല്ലാത്ത വാർഷികത്തിലും പതിവ് തെറ്റിക്കാതെ രഹ്ന

നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ നവാസിന്റെയും ഭാര്യ രഹ്നയുടെയും ഇരുപത്തിനാലാം വിവാഹവാർഷിക ദിനത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി രഹ്ന. എല്ലാ വിവാഹവാർഷികത്തിനും നവാസും രഹ്നയും ഒന്നിച്ച് വൃക്ഷത്തൈകൾ നടുന്ന പതിവുണ്ടായിരുന്നു. സ്നേഹത്തിന്റെ ഓർമക്കായി അവർ നട്ട മരത്തൈകൾ വളർന്ന് ഇന്ന് അവരുടെ വീടിന് ചുറ്റും ഒരു കൊച്ചു ഉദ്യാനമായി മാറിയിരിക്കുകയാണ്. ആ മരങ്ങൾക്കിടയിലാണ് അവരുടെ പ്രണയത്തിന്റെ ഓർമകൾ ഇന്നും പച്ചപിടിച്ചു നിൽക്കുന്നത്.

എന്നാൽ ഈ ഇരുപത്തിനാലാം വിവാഹവാർഷികത്തിൽ നവാസ് കൂടെയില്ല. എങ്കിലും ആ പതിവ് തെറ്റിക്കാൻ രഹ്നക്ക് കഴിഞ്ഞില്ല. നവാസിന്റെ ആത്മാവിന്റെ കൈപിടിച്ച് ഇന്നും താനൊരു തൈ നട്ടുവെന്നാണ് രഹ്ന ഹൃദയവേദനയോടെ കുറിച്ചത്. വർഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല, മനസ്സിന്റെ വിഷമം കാരണം ചെയ്യാനും പറ്റുന്നില്ല എന്ന് രഹ്ന പറയുന്നു.

സന്തോഷത്തോടെ ആഘോഷിക്കേണ്ട ദിവസം, നെഞ്ചിൽ കനലായി മാറിയിരിക്കുകയാണ്. നവാസിന്റെ വിയോഗം രഹ്നക്ക് തീരാ നഷ്ടമാണ്. ജീവിതത്തിലെ എല്ലാ സന്തോഷത്തിലും ദുഃഖത്തിലും ഒന്നിച്ചുണ്ടായിരുന്നയാളുടെ അസാന്നിധ്യത്തിൽ, ഓരോ വിശേഷ ദിവസവും വേദനയായി മാറുകയാണ്.

എങ്കിലും നവാസിന്റെ ഓർമകളെ ചേർത്തുപിടിച്ച്, അവർ ഒന്നിച്ച് നട്ട മരങ്ങൾക്ക് വെള്ളമൊഴിച്ച്, പുതിയൊരു തൈ കൂടി നട്ട് ആ പ്രണയം കാത്തുസൂക്ഷിക്കുകയാണ് രഹ്ന. രഹ്നയുടെ കുറിപ്പ് കണ്ട് കണ്ണ് നിറയുകയാണ് ആരാധകർ. നിരവധി പേരാണ് രഹ്നക്ക് ആശ്വാസവാക്കുകളുമായി കമന്റുകളുമായി എത്തുന്നത്. നവാസിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് സോഷ്യൽ മീഡിയ.

കുറിപ്പിന്‍റെ പൂർണരൂപം

ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. നവാസ്ക്കയുടെ soul ന്റെ കൈ പിടിച്ച്‌ ഇന്നും ഞാൻ തൈ നട്ടു , വർഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല മനസ്സിന്റെ വിഷമം കാരണം ചെയ്യാനും പറ്റുന്നില്ല. ചില സമയത്ത് വിധി നമ്മുടെ ഹൃദയത്തെ കീറിമുറിക്കും ഈശ്വരൻ അത് heal ആക്കും, പക്ഷെ ആ പാടുകൾ നമ്മുടെ മനസ്സിൽ അങ്ങിനെകിടക്കും.

ഞാനും മക്കളും നടുക്കടലിൽ പെട്ട അവസ്ഥയാണ് എത്രനേരം നടുക്കടലിൽ പിടിച്ചു നിൽക്കാൻ പറ്റും എന്ന് എനിക്കറിയില്ല. നവാസ്ക്ക പോയി ഇത്രയും നാളായിട്ടും ആർക്കും ഒരു ബാധ്യതയും ആയിട്ടില്ല. അത് പടച്ചവൻ എന്നെ ഒന്ന് താങ്ങിപിടിച്ചതുകൊണ്ടാണ്. മരണം വരെ ആരിൽനിന്നും ഒന്നും വാങ്ങാതെ ഇങ്ങനെ തന്നെ മുന്നോട്ടുപോണം എന്നാണ് ആഗ്രഹം, അതിനു ഞാൻ 𝐖𝐎𝐑𝐊 ചെയ്തേ പറ്റു. 

Tags:    
News Summary - Rahna's Heartbreaking Note On Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.