പ്രിയദർശന്‍റെ ഏറ്റവും പുതിയ ചിത്രമായ ഹൈവാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഒപ്പം എന്ന മലയാള ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണിത്. സൈഫ് അലി ഖാനാണ് മോഹൻലാൽ ചെയ്ത വേഷം അവതരിപ്പിക്കുന്നത്. ഹിന്ദി പതിപ്പിൽ മോഹൻലാൽ അതിഥി വേഷത്തിൽ ഉണ്ടാകുമെന്ന് പ്രിയദർശൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അക്ഷയ് കുമാറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഇപ്പേഴിതാ, ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രിയദർശൻ. മോഹൻലാലിനും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്. മനോഹരമായ ഒരു ചെറുകുറിപ്പും അദ്ദേഹം പങ്കുവെച്ചു. 'ജീവിതവും അതിന്റെ വഴിത്തിരിവും നോക്കൂ... ഞാൻ, ഹൈവാനിന്‍റെ ഷൂട്ടിങ് സെറ്റിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്ററുടെ മകനൊപ്പവും എന്റെ പ്രിയപ്പെട്ട സിനിമ ഐക്കണിനൊപ്പവും ജോലി ചെയ്യുന്നു. സത്യമായും, ദൈവം ദയയുള്ളവനാണ്' - പ്രിയദർശൻ എഴുതി.
ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സെയ്ഫും അക്ഷയ് കുമാറും നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് ഒരുമിച്ച് വീണ്ടുമെത്തുന്നത്. 'തഷാൻ' ആണ് ഇരുവരും ഒരുമിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം. സാബു സിറിലാണ് ഹൈവാന്‍റെ പ്രൊഡക്ഷൻ ഡിസൈനർ, ദിവാകർ മണിയാണ് ഛായാഗ്രാഹകൻ, എം.എസ് അയ്യപ്പൻ നായരാണ് എഡിറ്റർ, അരോമ മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ.
കെ.വി.എൻ പ്രൊഡക്ഷൻസ്, തേസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. കൊച്ചിയിൽ ഷൂട്ടിങ് തുടങ്ങിയ ചിത്രത്തിന് ഇനി വാഗമൺ, ഊട്ടി, ബോംബെ എന്നിവിടങ്ങളാണ് അടുത്ത ലൊക്കേഷനുകള്‍. 'ഭൂത് ബംഗ്ല'ക്ക് ശേഷമാണ് പ്രിയദർശൻ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിലേക്ക് കടന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.