പൃഥ്വിരാജ് സുകുമാരൻ

മലയാളി പ്രേക്ഷകർ എല്ലാ ജോണറും സ്വീകരിക്കും; മികച്ച ക്രൈം ത്രില്ലർ ഒരുക്കുന്നത് മലയാളം മാത്രമെന്ന വാദത്തോട് യോജിക്കില്ലെന്ന് പൃഥ്വിരാജ്

ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ദായ്‌റ'യുടെ പ്രചാരണ പരിപാടിക്കിടെ മലയാളത്തിലെ ത്രില്ലർ സിനിമകളെക്കുറിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. സിനിമയെ വ്യത്യസ്ത കാഴ്ചപ്പാടിലൂടെ സമീപിക്കുന്ന പ്രതിഭാധനരായ എഴുത്തുകാരും സംവിധായകരും നിലവിൽ മലയാളത്തിലുണ്ടെന്നാണ് പൃഥ്വിരാജിന്‍റെ അഭിപ്രായം. 

ഏത് ജോണറിലുള്ള ചിത്രങ്ങളായാലും തിയറ്ററിലെത്തി കാണാൻ മലയാളി സിനിമാപ്രേമികൾക്ക് മടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച കോപ്-പ്രൊസീജറലുകളും ക്രൈം ത്രില്ലറുകളും ഒരുക്കുന്ന ഏക ഇൻഡസ്ട്രി മലയാളമാണെന്ന വാദത്തോട് തനിക്ക് യോജിപ്പില്ലെന്ന് പൃഥ്വിരാജ് തുറന്നുപറഞ്ഞു. തന്റെ ഇൻഡസ്ട്രിയെ പ്രശംസിച്ചതിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈം ത്രില്ലർ വിഭാഗത്തിന് മലയാളത്തിൽ എക്കാലത്തും മികച്ച വരവേൽപാണ് ലഭിക്കാറുള്ളതെന്ന് നടൻ ഓർമിപ്പിച്ചു. എന്നാൽ ആ പരിഗണനയിലൂടെ ശരാശരി നിലവാരമുള്ള ഒരു സിനിമയെ വിജയിപ്പിച്ചെടുക്കാമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അടുത്തിടെ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന പാർവതി തിരുവോത്ത് പ്രധാന വേഷത്തിലെത്തിയ 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' എന്ന സിനിമയെ പൃഥ്വിരാജ് പ്രത്യേകം അഭിനന്ദിച്ചു.

യഥാർത്ഥത്തിൽ പൊലീസ് സേനയിൽ പ്രവർത്തിച്ചവർ തന്നെ ഇന്ന് മലയാളത്തിൽ തിരക്കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ഷാഹി കബീർ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ അദ്ദേഹം 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. ഇന്ന് മലയാളത്തിലെ പ്രമുഖ കോപ്-പ്രൊസീജറൽ എഴുത്തുകാരനും സംവിധായകനുമായി അദ്ദേഹം മാറിയിരിക്കുന്നുവെന്നും പൃഥ്വിരാജ് വിശദീകരിച്ചു.

മേഘ്ന ഗുൽസാറിന്റെ സംവിധാനത്തിൽ, പൃഥ്വിരാജും കരീന കപൂറും ആദ്യമായി ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ് 'ദായ്റ'. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന 'ദായ്റ' എന്ന ചിത്രത്തിൽ ഡി.സി.പി രാമൻ കുമാർ ആയി പൃഥ്വിരാജും, ഡി.സി.പി അജൂണി കോഹ്‌ലി ആയി കരീന കപൂറും പൊലീസ് വേഷങ്ങളിൽ മുഖാമുഖം എത്തുന്നു. നിയമത്തിന്റെയും നീതിയുടെയും ധാർമ്മിക അതിരുകളെ ചോദ്യം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 18ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Tags:    
News Summary - Prithviraj says Average crime thrillers won't work in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.