പ്രകാശ് രാജ്
തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായ പ്രകാശ് രാജിനെ അറിയാത്ത ചലച്ചിത്ര പ്രേമികൾ ഉണ്ടാകില്ല. വില്ലൻ, നായകൻ, സ്വഭാവ നടൻ തുടങ്ങി ഏത് വേഷവും ചെയ്യാൻ പ്രകാശ് രാജിന് അസാധാരണ വൈഭവമാണ്. ദേവര എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തനിക്ക് മകനെ നഷ്ടപ്പെട്ട സംഭവവും അതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തെയും കുറിച്ച് താരം തുറന്നു പറയുന്നത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
“വേദന എന്നത് വളരെ വ്യക്തിപരമായ ഒന്നാണ്. ചില മുറിവുകൾ നമ്മുടെ മാംസത്തെ തുളച്ച് അസ്ഥിയിലെത്തും. നമ്മൾ അതുമായി ജീവിക്കേണ്ടിവരും. എന്റെ മകൻ സിദ്ധാർഥിനെയും അടുത്ത സുഹൃത്തായിരുന്ന ഗൗരി ലങ്കേഷിനെയും നഷ്ടമായപ്പോഴാണ് ഞാൻ അതിന്റെ ആഴമറിഞ്ഞത്. എന്നാൽ പിന്നീട് ഞാൻ വീണ്ടും സ്വാർഥനായി. എനിക്ക് പെൺമക്കളും ജോലിയും കുടുംബവുമെല്ലാമുണ്ട്.
മനുഷ്യനെന്ന നിലയിൽ ഇക്കാര്യങ്ങളെല്ലാം ഞാൻ പരിഗണിക്കേണ്ടതുണ്ട്. അപ്പോൾ എല്ലായ്പ്പോഴും ആ വേദനയുമായി ഇരിക്കാനാവില്ല. ജീവിക്കാനായുള്ള കാരണം എപ്പോഴും നമ്മൾ കണ്ടെത്തണം. മരണം എന്നത് ഒരു യഥാർഥ്യമാണെന്നും നാം അംഗീകരിക്കണം” -പ്രകാശ് രാജ് പറയുന്നു. 2004ലാണ്, അന്ന് അഞ്ച് വയസുകാരനായ സിദ്ധാർഥ് മരിക്കുന്നത്. പ്രകാശ് രാജിന് മുൻ ഭാര്യ ലളിത കുമാരിയിൽ ജനിച്ച കുട്ടിയായിരുന്നു സിദ്ധാർഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.