ബോളിവുഡ് താരം ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ഉൾപ്പെട്ട 60 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തെളിവുകൾ കണ്ടെത്തിയെന്ന് എക്ണോമിക് ഒഫൻസീവ് വിങ്. ബെസ്റ്റ് ഡീൽ ടി.വി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽ നിന്ന് വാങ്ങിയ പണം വഴിതിരിച്ചുവിട്ടതായും അനുബന്ധ കമ്പനികൾ വഴി തട്ടിപ്പ് നടത്തിയതായും പ്രാഥമിക അന്വേഷണത്തിലും മൊഴികളിലും സൂചനയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പണത്തിന്‍റ കൃത്യമായ ഉപയോഗവും മറ്റും കണ്ടെത്തുന്നതിനായി ഉടനെ ഫോറൻസിക് ഓഡിറ്റ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഫണ്ടുകൾ എങ്ങനെയാണ് ദുരുപയോഗം ചെയ്തതെന്നും ഷെട്ടിയും കുന്ദ്രയുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന സത്യുഗ് ഗോൾഡ്, വിയാൻ ഇൻഡസ്ട്രീസ്, എസൻഷ്യൽ ബൾക്ക് കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റേറ്റ്മെന്റ് മീഡിയ തുടങ്ങിയ മറ്റ് സ്ഥാപനങ്ങൾക്ക് പണം നൽകാൻ അവ ഉപയോഗിച്ചോ എന്നും ഓഡിറ്റ് നിർണയിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഫിസ് ചെലവുകൾ, അന്താരാഷ്ട്ര യാത്ര, പ്രക്ഷേപണം എന്നിവയുൾപ്പെടെ ബിസിനസ് ചെലവുകൾക്കായി ഫണ്ട് ഉപയോഗിച്ചിരുന്നതായി കാണിച്ചിരിക്കുന്നത് കെട്ടിച്ചമച്ചതാകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ ഫറഞ്ഞു. സംഭവത്തിൽ ബെസ്റ്റ് ഡീൽ പ്രൈവറ്റ് ലിമിറ്റഡിലെ നാല് ജീവനക്കാരെ ഉടൻ ചോദ്യം ചെയ്യും. ഇതിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 60 കോടി രൂപ ആദ്യം വായ്പയായി എടുത്തെങ്കിലും പിന്നീട് ഇക്വിറ്റിയിലേക്ക് മാറ്റിയെന്നും 20 കോടി രൂപ പ്രക്ഷേപണ ഫീസ്, സെലിബ്രിറ്റി അംഗീകാരങ്ങൾ, മറ്റ് പ്രമോഷണൽ ചെലവുകൾ എന്നിവക്ക് ചെലവഴിച്ചതായും കുന്ദ്ര ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്. നടിമാരായ ബിപാഷ ബസു, നേഹ ധൂപിയ എന്നിവർക്ക് ഫീസായി ഈ 60 കോടിയിൽ നിന്ന് ഒരു ഭാഗം നൽകിയെന്നും കുന്ദ്ര മൊഴി നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ രാജ് കുന്ദ്രയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നും എക്ണോമിക് ഒഫൻസീവ് വിങ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.