ആറ് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയിൽ താരരാജാവായി തുടരുന്ന കമൽഹാസന് ഇന്ന് 71ാം പിറന്നാളാണ്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, ഗായകൻ, നൃത്ത സംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം ഇന്ത്യൻ സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. നിരവധിപ്പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ കമൽ ഹാസന് പിറന്നാൾ ആശംസകൾ അറിയിച്ച് സമൂഹമാധ്യമ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ബഹുമുഖനായ സർഗ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായ കലാജീവിതമാണ് കമലിന്‍റേതെന്ന് പിണറായി കുറിച്ചു. കേരളത്തോടും മലയാളികളോടും അദ്ദേഹത്തിനുള്ള മമതയും പ്രസിദ്ധമാണെന്നും നമ്മുടെ നാടിന്‍റെ സാമൂഹിക പുരോഗതിയെ അദ്ദേഹം ഏറെ സ്നേഹത്തോടെ നോക്കിക്കാണുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പിണറായി വിജയൻ പങ്കിട്ടു.
പ്രിയ സുഹൃത്തും ഇന്ത്യൻ സിനിമയിലെ അതികായന്മാരിൽ ഒരാളുമായ കമൽ ഹാസന് ജന്മദിനാശംസകൾ. ബഹുമുഖനായ സർഗ്ഗ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായ കലാജീവിതമാണ് അദ്ദേഹത്തിന്റേത്. അഭിനയത്തോടൊപ്പം തന്നെ സിനിമാ നിർമാണ രംഗത്ത് കമൽ ഹാസൻ തിളങ്ങാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം. മതനിരപേക്ഷ ആശയങ്ങളുടെ ശക്തനായ വക്താവാണ് അദ്ദേഹം.
പൊതുസമൂഹത്തിലുയരുന്ന ചർച്ചകളിൽ പുരോഗമന, ജനാധിപത്യ മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയർത്തുന്ന കമൽ ഹാസൻ നമുക്കെല്ലാം വലിയ ഊർജ്ജവും ആവേശവും പകരുന്നു. കേരളത്തോടും മലയാളികളോടും അദ്ദേഹത്തിനുള്ള മമതയും പ്രസിദ്ധമാണ്. ഒരു ജനതയെന്ന നിലയിൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയെ അദ്ദേഹം ഏറെ സ്നേഹത്തോടെ നോക്കിക്കാണുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. അദ്ദേഹത്തിന്റെ സർഗ്ഗ ജീവിതത്തിന് ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ നേരുന്നു. വൈവിധ്യമാർന്ന നൈസർഗ്ഗിക ഇടപെടലുകളുമായി നമ്മെയെല്ലാം ത്രസിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.