മാധവൻ ഭാര്യയോടൊപ്പം

വിവാഹിതനായ ഒരാളെ റൊമാന്റിക് ഹീറോയായി പ്രേക്ഷകർ സ്വീകരിക്കില്ലെന്ന് പറഞ്ഞു; പക്ഷേ ആ റിസ്ക് എടുക്കാൻ താൻ തയാറായിരുന്നുവെന്ന് ആർ. മാധവൻ

സിനിമാലോകത്തിന്റെ തിളക്കമുള്ള ലോകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ പല താരങ്ങളും തങ്ങളുടെ വ്യക്തിജീവിതം മറച്ചുവെക്കാൻ നിർബന്ധിതരാകാറുണ്ട്. പ്രത്യേകിച്ച് ആരാധകരെ നഷ്ടപ്പെടുമെന്ന ഭയത്താൽ വിവാഹവിവരം രഹസ്യമാക്കി വെക്കുന്നവർ നിരവധിയാണ്.

എന്നാൽ തമിഴ് സിനിമയിൽ ഏറെ ആരാധകരുള്ള ആർ. മാധവൻ അങ്ങനെയല്ല. 'അലൈ പായുതേ'യുടെ റിലീസ്‌ വേളയിൽ, അത്തരം പതിവ് വഴികളിലൂടെ സഞ്ചരിക്കാൻ താൻ തയാറല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ നടനാണ് ആർ. മാധവൻ. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സിൽ (ISB) നടന്ന ഒരു സംവാദത്തിനിടെ മാധവൻ പങ്കുവെച്ച ആ അനുഭവങ്ങൾ സിനിമ ലോകത്തും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.

2000ൽ മണിരത്നം സംവിധാനം ചെയ്ത അലൈ പായുതേ എന്ന ചിത്രത്തിലൂടെയാണ് മാധവൻ തമിഴിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ആ വലിയ വിജയ ചിത്രത്തിന്റെ റിലീസിന് ആറുമാസം മുമ്പ് തന്നെ താരം സരിത ബിർജെയെ ജീവിതസഖിയാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണാൻ തയാറെടുക്കുമ്പോഴാണ് ചിത്രത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിൽ നിന്നും മാധവന് അപ്രതീക്ഷിതമായ ഒരു നിർദേശം ലഭിക്കുന്നത്.

‘മാഡി, പ്രസ് കോൺഫറൻസ് ചെയ്യുമ്പോൾ ദയവായി നിങ്ങളുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കരുത്. നിങ്ങൾ സിനിമ റിലീസ് ചെയ്യുന്നതിന് ആറുമാസം മുമ്പ് വിവാഹിതനായി എന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ മാധ്യമങ്ങളോട് ഇതിനെക്കുറിച്ച് സംസാരിക്കരുത്, പറഞ്ഞാൽ സിനിമ പരാജയപ്പെടും!" എന്നായിരുന്നു അവരുടെ മുന്നറിയിപ്പ്.

ഒരു റൊമാന്റിക് നായകനായി വെള്ളിത്തിരയിൽ തിളങ്ങാൻ ശ്രമിക്കുന്ന യുവതാരത്തിന്മേൽ വിവാഹിതൻ എന്ന ലേബൽ വീണാൽ പ്രേക്ഷകർ സ്വീകരിക്കില്ലെന്ന പരമ്പരാഗതമായ സിനിമാ സമവാക്യമായിരുന്നു അവർ മുന്നോട്ടുവെച്ചതെന്നും മാധവൻ ഓർക്കുന്നു. 

എന്നാൽ ഈ നിർദേശം തന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു എന്നാണ് മാധവൻ പറഞ്ഞത്. ജനങ്ങളോട് കള്ളം പറയാൻ തന്നെ നിർബന്ധിക്കുന്ന ഈ നിലപാടിനെതിരെ അദ്ദേഹം നേരെ ചെന്നത് സാക്ഷാൽ മണിരത്നത്തെയാണ് കണ്ടത്. തന്നോട് സത്യം മറച്ചുവെക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും, ഒരു നായകൻ വിവാഹിതനാണെന്ന് കരുതി മാത്രം മണിരത്നത്തിന്റെ ഒരു ചിത്രം പരാജയപ്പെടുമെന്ന് കരുതുന്നത് ആ മഹാനായ സംവിധായകനെ അപമാനിക്കുന്നതിന് തുല്യമാണെന്നും മാധവൻ തുറന്നടിച്ചു.

അദ്ദേഹത്തിന്റെ ഈ ആത്മാർത്ഥത നിറഞ്ഞ ചോദ്യത്തിന് മണിരത്നത്തിൽ നിന്നും ലഭിച്ച മറുപടി ലളിതവും എന്നാൽ ആത്മവിശ്വാസം പകരുന്നതുമായിരുന്നു: "നിനക്ക് എന്ത് തോന്നുന്നുവോ അത് ചെയ്യൂ." ആ വാക്കുകൾ നൽകിയ ധൈര്യമാണ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചതെന്നും മാധവൻ പറയുന്നു. 

ചിത്രത്തിന്റെ പ്രസ് മീറ്റ് ആരംഭിച്ചയുടൻ തന്നെ പ്രതീക്ഷിച്ചതുപോലെ ആ ചോദ്യം മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നു വന്നു. അന്ന് ഭാര്യ സരിത എനിക്കരികിൽ ഇരിക്കുന്നുണ്ടായിരുന്നു. "സർ, നിങ്ങൾ വിവാഹിതനാണെന്നും നിങ്ങളുടെ ഭാര്യ ഇവിടെ ഒപ്പമുണ്ടെന്നും ഞങ്ങൾ അറിയുന്നു. വിവാഹിതനായ ഒരാളെ പ്രേക്ഷകർ ഒരു റൊമാന്റിക് നായകനായി അംഗീകരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?" എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

യാതൊരു സങ്കോചവുമില്ലാതെ മാധവൻ അതിന് നൽകിയ മറുപടി സിനിമാലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു: "ഞാൻ ഇവിടെ വന്നിരിക്കുന്നത് ഒരു നടൻ എന്ന നിലയിലാണ്, ചിത്രത്തിൽ ഞാൻ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ എന്റെ അരികിലിരിക്കുന്ന ഈ സ്ത്രീയെ, ഞാൻ വിവാഹം കഴിച്ച ജീവിതപങ്കാളിയെ, സിനിമക്ക് വേണ്ടിമാത്രം 'ഇവൾ ഇവിടെയില്ല' എന്ന് നടിച്ച് മറച്ചുവെക്കാൻ എനിക്ക് കഴിയില്ല. അത് തികച്ചും അപമാനകരമാണ്.ഞാൻ ഒരു റൊമാന്റിക് ഹീറോ ആയില്ലെങ്കിൽ സാരമില്ല, എനിക്ക് അതിൽ വിഷമവുമില്ല. എന്നാൽ ഭാര്യയെ അപമാനിക്കുന്നതിനേക്കാൾ വലിയൊരു റിസ്ക് ഏറ്റെടുക്കാനാണ് ഞാൻ തയാറാവുന്നതെന്നാണ് മാധവൻ അന്ന് പറഞ്ഞത്.

അതിനുശേഷമെത്തിയ 'അലൈ പായുതേ' ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടുകയും, തെന്നിന്ത്യൻ സിനിമയുടെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.

Tags:    
News Summary - R Madhavan's Bold Stand on Marriage Ahead of Alaipayuthey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.