നടി അവ്നീത് കൗറിന്റെ ഫാൻ പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ലൈക്ക് ചെയ്തതിന് ഇൻസ്റ്റഗ്രാം അൽഗോരിതത്തെ കുറ്റപ്പെടുത്തി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ വഴിയാണ് വിഷയത്തിൽ അദ്ദേഹം ഔദ്യോഗിക വിശദീകരണം നൽകിയത്. 'ലൈക്ക് ചെയ്തതിന് പിന്നിൽ യാതൊരു ഉദ്ദേശവുമില്ല' കോഹ്ലി പറഞ്ഞു.
'എന്റെ ഫീഡ് ക്ലിയർ ചെയ്യുമ്പോൾ അൽഗോരിതത്തിൽ തെറ്റായി ഒരു ഇടപെടൽ ഉണ്ടായതായിരിക്കാമെന്ന് ഞാൻ വ്യക്തമാക്കുന്നു. അതിന് പിന്നിൽ മറ്റൊരു ഉദ്ദേശവുമില്ലായിരുന്നു. അനാവശ്യമായ അനുമാനങ്ങൾ ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. മനസ്സിലാക്കിയതിന് നന്ദി .' കോഹ്‌ലി പറഞ്ഞു.
ഇൻസ്റ്റാഗ്രാമിൽ അവ്നീതിന്റെ ആരാധക പേജിൽ പങ്കുവെച്ച പോസ്റ്റ് കോഹ്‌ലി ലൈക്ക് ചെയ്തതായി നെറ്റിസൺസ് കണ്ടതോടെയാണ് ഇത് ചർച്ചാവിഷയമായി മാറിയത്. കോഹ്ലി അവ്നീതിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിട്ടില്ലെന്നും എന്നിട്ടും അവരുടെ ഫോട്ടോകൾ ലൈക്ക് ചെയ്തിട്ടുണ്ടെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്. 'കോഹ്‌ലി സാബ് എന്താണ് ഈ പെരുമാറ്റം' എന്നും 'അക്കായ് ബേട്ടാ പപ്പക്ക് ഫോൺ കൊടുക്കൂ' തുടങ്ങി നിരവധി കമന്റുകളാണ് ശേഷം പോസ്റ്റിനു താഴെ നിരന്നത്.
ഭാര്യ അനുഷ്ക ശർമയുടെ ജന്മദിനത്തിൽ കോഹ്‌ലി തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ അനുഷ്കയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെക്കുകയും അവർക്ക് ജന്മദിനാശംസകൾ നേരുന്നതിനായി കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആ ചിത്രങ്ങൾ അദ്ദേഹം ലൈക്ക് ചെയ്തതായി ഉപയോക്താക്കൾ ശ്രദ്ധിച്ചത്. തന്റെ ഔദ്യോഗിക പ്രസ്താവനയോടെ കോഹ്‌ലി ഇപ്പോൾ ആ സംസാരത്തിന് വിരാമമിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.