സെലിബ്രിറ്റികളുടെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും വാർത്തയാകാറുണ്ട്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ എപ്പോഴും സൂക്ഷ്മപരിശോധനക്ക് വിധേയമാകുന്ന ജീവിതമാണ് സെലിബ്രിറ്റികളുടേത്. ഹൈദരാബാദിലെ ഒരു പൊതുപരിപാടിക്കിടെ നടി നിധി അഗർവാൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയായത് വാർത്തയായിരുന്നു. വിഷയത്തിൽ തെലുങ്ക് നടൻ ശിവജി നടത്തിയ പരാമർശം വ്യാപക പ്രതിഷേധത്തിന് കാരണമായി. ഇപ്പോഴിതാ, നിധി ശിവജിക്ക് മറുപടി നൽകിയിരിക്കുകയാണ്.
'ഇരയെ കുറ്റപ്പെടുത്തുന്നത് തികഞ്ഞ അനീതിയാണ്' എന്നായിരുന്നു നിധി പ്രതികരിച്ചത്. തന്റെ വരാനിരിക്കുന്ന ചിത്രമായ ദി രാജാസാബിലെ ഗാനത്തിന്റെ പ്രകാശനത്തിനായി ഹൈദരാബാദിൽ എത്തിയപ്പോഴായിരുന്നു അനിയന്ത്രിതമായ ജനക്കൂട്ടം അവർക്ക് ചുറ്റും തടിച്ചുകൂടിയത്. അവർ താരത്തെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമിക്കുന്നതിന്‍റെ വിഡിയോകൾ പ്രചരിച്ചിരുന്നു.
പിന്നീട് നടന്ന പത്രസമ്മേളനത്തിൽ പൊതുപരിപാടികളിൽ സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കണമെന്ന് നടൻ ശിവജി പറഞ്ഞു. നിധിയുടെ പേര് പരാമർശിക്കാതെ, അവരുടെ വസ്ത്രമായിരിക്കാം ഈ സാഹചര്യത്തിന് കാരണമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിസംബർ 21ന് ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയ നടി സാമന്ത റൂത്ത് പ്രഭുവിനും സമാനമായ അനുഭവം നേരിടേണ്ടി വന്നു. സാമന്ത സാരി ഉടുത്തതിനെക്കുറിച്ചും ശിവാജി അഭിപ്രായപ്രകടനം നടത്തി.
പുരുഷന്മാർ അനുചിതമായി പെരുമാറുന്നത് ചൂണ്ടിക്കാണിക്കുന്നതിനുപകരം നടിമാരുടെ മേൽ ഉത്തരവാദിത്തം ചുമത്തുന്നത് എന്തുകൊണ്ടാണെന്ന് പത്രസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ തന്റെ അഭിപ്രായത്തെ ശിവജി ന്യായീകരിച്ചു. നിധിയെയോ സാമന്തയെയോ കുറ്റപ്പെടുത്തുകയല്ല, മറിച്ച് നടിമാർ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരാമർശം വിവാദമായപ്പോൾ മാപ്പ് പറഞ്ഞെങ്കിലും സ്ത്രീകൾ അവരുടെ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാമെന്ന് പറയാൻ ശ്രമിക്കുകയാണ് ചെയ്തതെന്നായിരുന്നു മാപ്പിലെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.