'ഞാൻ ഒരു ഇന്ത്യൻ പൗരനല്ല'; സമൂഹ മാധ്യമങ്ങളിൽ വൈറലായി നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയുടെ വെളിപ്പെടുത്തൽ

താൻ ഒരു ഇന്ത്യൻ പൗരനല്ലെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത തെലുങ്ക് നടൻ നാഗാർജുന അക്കിനേനിയുടെ മകനും നടനുമായ അഖിൽ അക്കിനേനി. താൻ യു.എസ് പൗരത്വമുള്ള അമേരിക്കൻ പൗരനാണെന്നും എന്നാൽ അത് ഉപേക്ഷിച്ച് പൂർണമായും ഇന്ത്യൻ പൗരത്വം സ്വീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും താരം വ്യക്തമാക്കി.

തന്റെ ഏറ്റവും പുതിയ ചിത്രമായ 'ലെനിൻ' ബോക്സ് ഓഫീസിൽ കൈവരിച്ച വിജയത്തിന് പിന്നാലെ നടന്ന പ്രൊമോഷൻ അഭിമുഖത്തിലാണ് അഖിൽ തന്‍റെ പൗരത്വത്തെക്കുറിച്ചുള്ള വിവരങ്ങൾ തുറന്നുപറഞ്ഞത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ലെനിൻ എന്ന സിനിമയിലൂടെ അഖിലിന് കരിയറിലെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് വിജയം ലഭിക്കുന്നത്.

അമേരിക്കയിലാണ് താൻ ജനിച്ചതെന്നും അതുകൊണ്ട് തന്നെ ജന്മനാ തനിക്ക് അമേരിക്കൻ പൗരത്വവും യു.എസ് പാസ്‌പോർട്ടും ലഭിക്കുകയായിരുന്നുവെന്നും അഖിൽ പറഞ്ഞു. 'എനിക്ക് നിലവിൽ അമേരിക്കൻ പൗരത്വവും അമേരിക്കൻ പാസ്‌പോർട്ടുമാണുള്ളത്. എന്നാൽ ഞാൻ അത് ഉപേക്ഷിക്കുന്നതിനുള്ള പ്രക്രിയയിലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഞാൻ പൂർണമായും ഒരു ഇന്ത്യൻ പൗരനായി മാറും,' എന്ന് താരം കൂട്ടിച്ചേർത്തു.

അമേരിക്കയിലാണ് ജനിച്ചതെങ്കിലും തന്‍റെ ജീവിതത്തിന്‍റെ കൂടുതൽ സമയവും ഇന്ത്യയിലാണ് ചെലവഴിച്ചതെന്നും തന്‍റെ മനസ്സ് എപ്പോഴും ഇന്ത്യക്കൊപ്പമാണെന്നും താരം വ്യക്തമാക്കി. ഹൈദരാബാദിൽ വളർന്ന അഖിൽ പിതാവ് നാഗാർജുനയുടെ വഴിയേ തെലുങ്ക് സിനിമാരംഗത്തേക്ക് എത്തുകയായിരുന്നു. ഇന്ത്യൻ നിയമപ്രകാരം ഇരട്ട പൗരത്വത്തിന് അനുമതിയില്ലാത്തതിനാലാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാൻ താരം തീരുമാനിച്ചത്. അഖിലിന്‍റെ ഈ തീരുമാനത്തെ ആരാധകരും സോഷ്യൽ മീഡിയയും ഏറെ പ്രശംസയോടുകൂടിയാണ് സ്വീകരിച്ചിരിക്കുന്നത്.

Tags:    
News Summary - Nagarjuna’s son is not an Indian citizen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.