നടന്‍ ശ്രീനിവാസന്റെ വിയോഗത്തിന്റെ ദുഖത്തിലാണ് മലയാളികൾ. സിനിമലോകത്തെ പലരും താരത്തിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നുണ്ട്. തന്‍റെ പ്രിയസുഹൃത്തിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും എം.എൽ.എയുമായ മുകേഷ്. തന്നെ നെഞ്ചോട് ചേർത്ത് പിടിച്ച നിഷ്കളങ്ക സ്നേഹത്തിന്റെ പേര് കൂടിയാണ് ശ്രീനിവാസൻ എന്ന് മുകേഷ് കുറിച്ചു.
മുകേഷിന്‍റെ കുറിപ്പ്
നഷ്ടപ്പെട്ടത് ആത്മ സുഹൃത്തിനെ...
വഴികാട്ടിയെ...
എല്ലാത്തിലും ഉപരി കൂടപ്പിറപ്പിനെ..
നാലര പതിറ്റാണ്ടിന്റെ ആത്മബന്ധം...
ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലെല്ലാം..
നെഞ്ചോട് ചേർത്ത് പിടിച്ച നിഷ്കളങ്ക സ്നേഹത്തിന്റെ പേര് കൂടിയാണ് ശ്രീനിവാസൻ..
ഒരുമിച്ച് സിനിമയിൽ അഭിനയിച്ചു
ഒരുമിച്ച് സിനിമ നിർമിച്ചു
ഒരുമിച്ച് ലോകം കണ്ടു..
പകരം വെക്കാനില്ലാത്ത പ്രതിസന്ധികളിലെ തണൽ മരത്തിന് വിട...
കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ശ്രീനിവാസന്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. 48 വര്‍ഷം നീണ്ട സിനിമ ജീവിതത്തില്‍ ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാപ്രതിഭയാണ് ശ്രീനിവാസൻ.
1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി തിരക്കഥ രംഗത്തേക്ക് കടന്നുവന്നു. 1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച സംവിധായകനാണ് അദ്ദേഹം.1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.