'അത് ഒരിക്കൽമാത്രം സംഭവിച്ചു, ഇനി സാധിക്കില്ല'; ആഷിഖി 2ന് ശേഷം ശ്രദ്ധ കപൂറിനെയും ആദിത്യ റോയ് കപൂറിനെയും വെച്ച് മറ്റൊരു ചിത്രം ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി മോഹിത് സൂരി

ശ്രദ്ധ കപൂർ-ആദിത്യ റോയ് കപൂർ കൂട്ടുകെട്ടിൽ താൻ മറ്റൊരു സിനിമയോ അല്ലെങ്കിൽ 'ആഷിഖി 2'വിന് ഒരു രണ്ടാം ഭാഗമോ നിർമിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തി സംവിധായകൻ മോഹിത് സൂരി. 'അത് ഒരിക്കൽമാത്രം സംഭവിച്ചു, ഇനി സാധിക്കില്ല,' സിനിമയിലെ മാജിക് ഒരിക്കൽ മാത്രമേ സൃഷ്ടിക്കാൻ കഴിയൂ എന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും, ആ ചിത്രം തനിക്ക് അത്രമേൽ സവിശേഷമായതിനാൽ ആ ജോഡിയെ വീണ്ടും അവതരിപ്പിക്കുന്നത് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

തന്നോടൊപ്പം വീണ്ടും പ്രവർത്തിക്കാനുള്ള ആഗ്രഹം ആദിത്യ പ്രകടിപ്പിച്ചതായി മോഹിത് പങ്കുവെച്ചു. 'ആദിത്യ എന്റെ അടുത്ത് വന്ന് പറഞ്ഞു, ആഷിഖിക്ക് ശേഷം നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. ഇതെന്താണ്? നീ മറ്റെല്ലാവർക്കുമൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഞാൻ നിന്റെ അത്രയും നല്ല സുഹൃത്തല്ലേ'. അപ്പോൾ ഞാൻ പറഞ്ഞു, ഞാൻ നിന്നെ വെച്ച് ഒരു ആക്ഷൻ സിനിമ ചെയ്യാം എന്ന്. അങ്ങനെയാണ് ഞങ്ങൾ 'മലംഗ്' ചെയ്യുന്നത്. അത് നന്നായി ഓടുകയും ചെയ്തു. പക്ഷേ ഒരു പ്രണയകഥ ചെയ്തില്ല. കാരണം എനിക്ക് പോലും ഇനി ആഷിഖിയെ മറികടക്കാൻ കഴിയില്ല' മോഹിത് പറഞ്ഞു.

ഒരു ജോഡിക്ക് അത്ര ആത്മബന്ധം ഉണ്ടെങ്കിൽ പോലും മറ്റൊരു രീതിയിൽ അവരെ വീണ്ടും അവതരിപ്പിക്കരുത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. തിരക്കഥക്ക് അനുയോജ്യമായ രീതിയിൽ താരങ്ങളെ തെരഞ്ഞെടുക്കണമെന്ന പക്ഷക്കാരനാണ് സൂരി. ബജറ്റിന്റെ പരിമിതികൾ നോക്കി അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിനേക്കാൾ, കഥാപാത്രത്തിന് അനുയോജ്യമായവരെ തെരഞ്ഞെടുക്കുന്നതാണ് മികച്ച ഫലം നൽകുകയെന്നും അദ്ദേഹം കരുതുന്നു. 'കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ഒരാളെ കാസ്റ്റ് ചെയ്തപ്പോഴെല്ലാം സിനിമ വിജയിച്ചിട്ടുണ്ട്. എന്നാൽ ഒരു പ്രോജക്റ്റ് എന്ന നിലയിൽ സിനിമ ചെയ്യാൻ ശ്രമിച്ചപ്പോഴെല്ലാം അത് പരാജയപ്പെട്ടിട്ടുമുണ്ട്' സൂരി വ്യക്തമാക്കി.

അഹാൻ പാണ്ഡെയുടെ അരങ്ങേറ്റ ചിത്രമായ 'സയാര' (2025) ആണ് മോഹിത് അവസാനമായി സംവിധാനം ചെയ്തത്. അനീത് പദ്ദയായിരുന്നു ചിത്രത്തിലെ നായിക. 2025 ജൂലൈ 18-ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടുകയും അഹാന്റെയും അനീതിന്റെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സയാരക്ക് ശേഷം അഹാൻ, അനീത് എന്നിവരെ ഉൾപ്പെടുത്തി മറ്റൊരു പ്രണയചിത്രം കൂടി മോഹിത് ഒരുക്കുന്നുണ്ട്. മിഥുൻ ഇതിനോടകം തന്നെ ചിത്രത്തിന്റെ സംഗീത ജോലികൾ ആരംഭിച്ചു കഴിഞ്ഞു.

Tags:    
News Summary - Mohit Suri Reveals Why He Didn't Make Another Film With Shraddha Kapoor & Aditya Roy Kapur After Aashiqui 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.