ഒരിക്കലും പ്രവചിക്കാനാകാത്ത ഒന്നാണ് സിനിമ മേഖല. ഒരു വ്യക്തിയുടെയോ സിനിമയുടെയോ വിജയം പ്രവചിക്കുക അസാധ്യമാണ്. ഒരാൾക്ക് അതിലേക്ക് ആഗ്രഹിക്കാനും നീക്കങ്ങൾ നടത്താനും സാധിക്കും. പക്ഷേ, അവസാനം ആരാണ് കിരീടം നേടേണ്ടതെന്നും ആരാണ് പുറത്തുപോകേണ്ടതെന്നും തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ഫാസിൽ ആദ്യമായി സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' (1980) എന്ന ചിത്രത്തിൽ വില്ലനായി അരങ്ങേറ്റം കുറിച്ച മോഹൻലാൽ 45 വർഷങ്ങൾക്ക് ശേഷവും ഇൻഡസ്ട്രി ഭരിക്കുന്നത് ആരെങ്കിലും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നോ? അദ്ദേഹത്തെ സിനിമയിലേക്ക് ഓഡിഷൻ ചെയ്ത നാലംഗ പാനലിലെ രണ്ട് പേർ 100ൽ അഞ്ചും ഏഴും മാർക്ക് മാത്രമാണ് നൽകിയത്.
എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലെ നായകനായ ശങ്കർ ഇപ്പോൾ എവിടെയാണ്? 80കളുടെ തുടക്കത്തിൽ മലയാള സിനിമ അടക്കി വാണിരുന്ന ശങ്കറിന് ഇപ്പോൾ സിനിമ കുറവാണ്. സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ സ്കൂൾ ഓഫ് ആക്ടിങ്ങിലെ പൂർവ വിദ്യാർഥിയായ ശങ്കർ, അന്നത്തെ സൂപ്പർസ്റ്റാർ ജയൻ അഭിനയിച്ച ഐക്കോണിക് ചിത്രമായ 'ശരപഞ്ചരം' (1979) എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. എന്നാൽ കരിയറിലെ വഴിത്തിരിവിനായി അദ്ദേഹത്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. ആദ്യ തമിഴ് ചിത്രമായ 'ഒരു തലൈ രാഗം' (1980) ഒരു വർഷത്തിലധികം തിയറ്ററുകളിൽ ഓടി വൻ വിജയമായി മാറി.
അതേ വർഷം തന്നെ, ഫാസിലിന്‍റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ അദ്ദേഹം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ചു. ഈ റൊമാന്‍റിക് ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമായി മാറുകയും ഒറ്റരാത്രികൊണ്ട് താരമാക്കി മാറ്റുകയും ചെയ്തു. നായികയായ പൂർണ്ണിമ ഭാഗ്യരാജിനോടൊപ്പമുള്ള (ജയറാം) അദ്ദേഹത്തിന്‍റെ മനോഹരമായ ഓൺ-സ്ക്രീൻ കെമിസ്ട്രി, ചിത്രത്തിലെ ഗാനങ്ങൾ പോലെ തന്നെ തരംഗമായി മാറി. വില്ലനായ പുതുമുഖം മോഹൻലാലും ജനശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ നിരവധി ഐക്കണുകളുടെ ആദ്യചിത്രം എന്ന നിലയിൽ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ഒരു ചരിത്ര സിനിമയായി മാറി. അടുത്ത കുറച്ച് വർഷങ്ങൾ മിക്ക സംവിധായകരും അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നു. 1980ൽ ചോക്ലേറ്റ് ഹീറോ ആയി ശങ്കർ രംഗപ്രവേശം ചെയ്തു.
'ഊതിക്കാച്ചിയ പൊന്ന്' പോലുള്ള സിനിമകളിൽ മോഹൻലാലും മമ്മൂട്ടിയും ഉണ്ടായിരുന്നിട്ടും, ശ്രദ്ധ മുഴുവൻ ശങ്കറിനായിരുന്നു. അപ്പോഴേക്കും അദ്ദേഹം ഒരു താരമായി മാറിയിരുന്നു. മറ്റെല്ലാ നായകന്മാരും അന്ന് ഇൻഡസ്ട്രിയിൽ സ്ഥാനമുറപ്പിക്കാൻ പാടുപ്പെടുന്ന സമയത്തായിരുന്നു ശങ്കറിന്‍റെ കുതിപ്പ്. നീ മറക്കും, പൂച്ചക്കൊരു മൂക്കുത്തി, പിരിയല്ലേ നാം, അമ്പടാ ഞാനേ തുടങ്ങിയ സിനിമകളിലൂടെ ശങ്കർ-മേനക ജോഡിയും അനുരാഗക്കോടതി, ഈറ്റപ്പുലി, മറക്കില്ലൊരിക്കലും പോലുള്ള സിനിമകളിലൂടെ ശങ്കർ-അംബിക ജോഡിയും ജനപ്രീതി നേടി. ശങ്കർ നായകനായ പല സിനിമകളിലും ശങ്കർ-മോഹൻലാൽ കോംബോയും വലിയ വിജയമായിരുന്നു.
തുടരെ തുടരെ ഹിറ്റുകളുമായി ശങ്കർ മലയാളത്തിൽ നിറഞ്ഞുനിന്നു. തമിഴിനെക്കാൾ അദ്ദേഹം കൂടുതൽ ശ്രദ്ധകൊടുത്തത് മലയാള സിനിമയിലായിരുന്നു. അത് തമിഴ് സിനിമകളിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമായി. പ്രിയദർശന്റെ ആദ്യ സിനിമയായ പൂച്ചക്കൊരു മൂക്കുത്തിയിലെ നായകൻ ശങ്കറായിരുന്നു. ശങ്കർ 1987 വരെ മലയാളത്തിൽ മുൻനിര നായകനായി തുടർന്നു. ശങ്കറിന്റെ നായികമാരിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മേനകയെയായിരുന്നു. ശങ്കർ -മേനക ജോടികൾ അഭിനയിച്ച സിനിമകൾ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു. പിന്നീട് അദ്ദേഹത്തിന് സിനിമകൾ കുറഞ്ഞു. ശങ്കർ തൊണ്ണൂറുകളിൽ കിഴക്കുണരും പക്ഷി അടക്കം ചില സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് കാരക്ടർ റോളുകളിലേക്ക് മാറി.
‘എന്‍റെ ഏറ്റവും വലിയ തെറ്റ്, എന്‍റെ അടുത്ത് വന്ന എല്ലാ റോളുകളും ചെയ്തതാണ്. ഒരു വർഷം 30 സിനിമകൾ വരെ ഞാൻ ചെയ്ത ഒരു കാലമുണ്ടായിരുന്നു! ഒരു നല്ല ഇമേജുള്ള റൊമാന്‍റിക് ഹീറോയായി ഞാൻ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു. റോളുകളിൽ പരീക്ഷണം നടത്തേണ്ടതില്ലെന്ന് എനിക്ക് തോന്നി’ എന്നാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.