സിനിമ മേഖലയിൽ ഏറെ ആഘോഷിക്കപ്പെട്ട താര ദമ്പതികളാണ് മേഖ്ന രാജും ചിരഞ്ജീവി സർജയും. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. തന്‍റെ ഭർത്താവിന്‍റെ അകാല വിയോഗം മേഖ്നക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പിന്നീട് നടിയുടെ ജീവിതം മകനെ ചുറ്റിപ്പറ്റിയായിരുന്നു. ഏറെ നാളായ് സിനിമയിൽ നിന്നും വിട്ടുനിന്ന നടി ഇപ്പോൾ സൂപ്പർസ്റ്റാർ ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
രജനികാന്ത് നായകനാകുന്ന സൂപ്പർ ഹിറ്റ് ചിത്രം ജെയിലറിന്‍റെ ഭാഗമായാണ് മേഖ്ന എത്തുന്നത്. 'ഇന്ത്യൻ സിനിമയുടെ ദൈവം' എന്ന് ചിരഞ്ജീവി സർജ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ പ്രിയ നടൻ രജനികാന്തിനോടൊപ്പം പ്രവർത്തിക്കുന്നതിന്‍റെ സന്തോഷവും മേഖ്ന പങ്കുവെച്ചു. തന്‍റെ എട്ടാം വിവാഹ വാർഷിക ദിനത്തിലാണ് നടി കുറിപ്പ് പങ്കുവെച്ചത്.
2018 ൽ തങ്ങൾ ഒന്നായ ദിവസത്തെ അനുസ്മരിച്ചുകൊണ്ട് മേഖ്ന കുറിച്ചു. 'ഈ വാർഷികം വെറുമൊരു ഡേറ്റല്ല, ചിരു… അതൊരു വികാരമാണ്. നിങ്ങളുടെയും എന്റെയും സ്വപ്നങ്ങൾ ഇനി വേർപിരിയില്ലെന്ന് നമ്മൾ തീരുമാനിച്ച ദിവസം. നമ്മൾ ഒന്നായ നാൾ. ഞാൻ എടുക്കുന്ന ഓരോ ചുവടുവെയ്പ്പിലും നിങ്ങളുടെ സാന്നിധ്യം ഞാൻ അറിയുന്നു… നിങ്ങൾ ദൈവത്തോട് കൂടുതൽ അടുത്തിരിക്കുന്നതുപോലെ, ഞാൻ നിങ്ങളോട് അടുത്തിരിക്കുന്നു, എന്നിലൂടെ നീ ജീവിക്കുന്നു, വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ നിങ്ങൾ എന്നിലുണ്ട്' മേഖ്ന കുറിപ്പിൽ പറയുന്നു.
രജനീകാന്തിനൊപ്പം പ്രവർത്തിക്കാൻ ഭർത്താവ് ഒരിക്കൽ സ്വപ്നം കണ്ടിരുന്നതിനെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചും നടി ഓർത്തു, 'നിങ്ങൾ അദ്ദേഹത്തെ ആരാധിച്ചിരുന്നു! ഞാൻ സ്വപ്നം പോലും കാണാത്ത വിധത്തിൽ ഇന്ത്യൻ സിനിമയുടെ ദൈവത്തെ കാണാൻ നീ എന്നെ പ്രേരിപ്പിച്ചു! ആ ഒരേയൊരു വ്യക്തിയായ രജനി സാറിനൊപ്പം ഒരു സിനിമ! അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോവുകയാണ്. കാരണം ഈ വിജയം, ഈ നാഴികക്കല്ല്, ഈ സിനിമ... നിങ്ങളുടേതാണ്. വിവാഹ വാർഷികാശംസകൾ, എന്റെ ബേബിമ' ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടി കുറിച്ചു.
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം വമ്പൻ വിജയം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോൾ ചിത്രീകരണം പൂർത്തിയാക്കിയ രണ്ടാം ഭാഗവും നെല്‍സണ്‍ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
തമിഴിലെ ഏറ്റവും വലിയ ഓപണിങ് ആകാൻ സാധ്യതയുള്ള പ്രൊജക്ടാണ് ജയിലർ 2. ആദ്യ ഭാഗം പോലെ തന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. അതേസമയം, രണ്ടാം ഭാഗം വരുമ്പോൾ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 600 കോടിയിലധികമാണ് ആദ്യ ഭാഗം നേടിയത്. രജനികാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ജയിലര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.