'പരിഹാരം മുന്നിലുണ്ടായിരുന്നു, പക്ഷേ വൈകിപ്പോയി!'; ആവേശത്തിന് ശേഷമുണ്ടായ വൻ പരാജയത്തെക്കുറിച്ച് ഫഹദ് ഫാസിൽ
ജിത്തു മാധവൻ സംവിധാനം ചെയ്ത 'ആവേശം' എന്ന ചിത്രത്തിലെ വൻ വിജയത്തിന് ശേഷം ഫഹദ് ഫാസിലിന്റെ പൂർണ്ണതോതിലുള്ള കോമഡി പ്രകടനം കാണാൻ ഏറെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സൂപ്പർഹിറ്റിന് ശേഷം അൽത്താഫ് സലീം സംവിധാനം ചെയ്ത 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായി മാറി. പിന്നീട് ഒ.ടി.ടി റിലീസിന് ശേഷമാണ് വിഷാദരോഗം പോലുള്ള മാനസികാരോഗ്യ വിഷയങ്ങൾ വേറിട്ട രീതിയിൽ കൈകാര്യം ചെയ്ത ചിത്രം എന്ന നിലയിൽ ഒരു വിഭാഗം പ്രേക്ഷകർക്കിടയിൽ ഇത് ശ്രദ്ധിക്കപ്പെട്ടതും ചർച്ചയായതും.
ചിത്രത്തിന് സംഭവിച്ച പരാജയത്തെക്കുറിച്ചും കഥപറച്ചിലിലെ പാളിച്ചകളെക്കുറിച്ചും അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ മനസ്സ് തുറന്നു. സിനിമയുടെ തിരക്കഥയിലാണ് തങ്ങൾക്ക് തെറ്റുപറ്റിയതെന്ന് ഫഹദ് വ്യക്തമാക്കുന്നു. ഒരാളുടെ കഥ മറ്റൊരാളിലൂടെ പറയാനാണ് ചിത്രത്തിലൂടെ തങ്ങൾ ശ്രമിച്ചത്. എബി മാത്യു എന്ന തന്റെ കഥാപാത്രത്തിന്റെ വിഷാദരോഗത്തെക്കുറിച്ച് പറയുമ്പോൾ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന രേവതി എന്ന പെൺകുട്ടിയിലൂടെ അത് അനാവരണം ചെയ്യാനാണ് നോക്കിയത്. എന്നാൽ ആ പരീക്ഷണം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്ന് ഫഹദ് വിലയിരുത്തുന്നു.
സിനിമയുടെ തുടക്കത്തിൽ തന്നെ ആ പെൺകുട്ടിയുടെ കഥ അവതരിപ്പിച്ച ശേഷം പിന്നീട് തന്റെ കഥാപാത്രത്തിലേക്ക് എത്തുന്ന രീതിയായിരുന്നേക്കാം കൂടുതൽ അനുയോജ്യമായിരുന്നത് എന്ന് ഫഹദ് കൂട്ടിച്ചേർത്തു. പ്രശ്നം പരിഹരിക്കാനുള്ള വഴി സിനിമക്കുള്ളിൽ തന്നെ ഉണ്ടായിരുന്നുവെങ്കിലും അത് തിരിച്ചറിഞ്ഞപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. എങ്കിലും ഈ ചിത്രത്തിന്റെ നിർമാണ പ്രക്രിയ താൻ ഏറെ ആസ്വദിച്ചിരുന്നുവെന്നും അൽത്താഫിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം ഓർത്തെടുത്തു.
കല്യാണി പ്രിയദർശൻ, ലാൽ, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ നിരാശാജനകമായ കലക്ഷനാണ് നേടിയത്. എങ്കിലും വേറിട്ട പ്രമേയവും അവതരണവും കാരണം പ്രേക്ഷകർക്കിടയിൽ തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങൾ സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.