ഇന്ത്യൻ സിനിമയിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ച നിരവധി അഭിനേതാക്കൾ ഉണ്ട്. വ്യക്തിപരമായ ഇടം സൃഷ്ടിക്കുക മാത്രമല്ല, വരും തലമുറക്ക് എന്താണ് സിനിമ എന്ന് കാണിക്കാൻ കഴിയും വിധമുള്ള സംഭാവനകൾ നൽകിയാണ് അവർ ഓരോരുത്തരും കടന്നു പോയത്. അങ്ങനെ തന്‍റെ 60 വർഷത്തെ കരിയറിൽ, 1500ലധികം സിനിമകളിൽ അഭിനയിച്ച് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്‍റെ ഭാഗമായ തമിഴ് നടിയാണ് മനോരമ.
അന്ന് ഏറ്റവും പ്രശസ്തരായ നടിമാരിൽ ഒരാളായിരുന്നു മനോരമ. ദശലക്ഷക്കണക്കിന് ആളുകളെ സ്പർശിക്കുന്ന ശക്തമായ മാതൃ വേഷങ്ങൾക്ക് അവർ ജീവൻ നൽകി. ആരാധകരിൽ അവരെ 'ആച്ചി' എന്നാണ് വിളിച്ചിരുന്നത്. 1958ൽ ജി.ആർ. നാഥന്റെ 'മാലയിട്ട മങ്കൈ' എന്ന ചിത്രത്തിലൂടെയാണ് മനോരമ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ചിന്ന തമ്പി, മാമൻ മച്ചാൻ, നാട്ടാമൈ, ജെമിനി, സാമി തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
ബോളിവുഡിലും മനോരമ തന്‍റെ അഭിനയ മികവ് പ്രകടിപ്പിച്ചു. നടൻ മെഹ്മൂദിനൊപ്പം അഭിനയിച്ച കുൻവാര ബാപ്പ് അത് ബോക്സ് ഓഫിസിൽ മികച്ച വിജയം നേടി. തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലും അഭിനയിച്ചു. 90 കളിൽ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് ഫിലിംഫെയർ, ദേശീയ അവാർഡുകൾ എന്നിവയും അവർക്ക് ലഭിച്ചു.
1996 ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ, ജെ. ജയലളിത നയിച്ച എ.ഐ.എ.ഡി.എം.കെക്ക് വേണ്ടി പ്രചാരണം നടത്തി രാഷ്ട്രീയ ലോകത്തും തന്‍റെ സാന്നധ്യം അറിയിച്ചു. പിന്നീട് സി. എൻ. അണ്ണാദുരൈ, എം. കരുണാനിധി, എം. ജി. രാമചന്ദ്രൻ, ജെ. ജയലളിത, എൻ. ടി. രാമറാവു എന്നിവരുൾപ്പെടെ അഞ്ച് പ്രശസ്ത മുഖ്യമന്ത്രിമാരോടൊപ്പം അവർ പ്രവർത്തിച്ചു.
എന്നാൽ, കോമഡി റാണി എന്ന് അറിയപ്പെടുന്ന മനോരമയുടെ വ്യക്തിജീവിതം ദുഃഖം നിറഞ്ഞതായിരുന്നു. മറ്റ് വീടുകളിൽ ജോലി ചെയ്താണ് അമ്മ അവരെ വളർത്തിയത്. അമ്മയുടെ ആരോഗ്യം മോശമായതിനാൽ, 11 വയസ്സുള്ളപ്പോൾ സ്കൂൾ വിട്ട് വേലക്കാരിയായി ജോലി ചെയ്യാൻ നിർബന്ധിതയായി. 12 വയസ്സുള്ളപ്പോഴാണ് നാടകസംഘത്തിൽ ചേർന്ന് അഭിനയിക്കാൻ തുടങ്ങിയത്.
നാടകരംഗത്ത് നിന്ന് സിനിമയിലേക്കും ഒടുവിൽ മികച്ച നടിയെന്ന പദവിയിലേക്കും വളർന്ന മനോരമ, സാമ്പത്തിക തടസങ്ങൾ മറികടന്ന് വലിയ പ്രശസ്തി നേടി. 1964 ൽ ബിസിനസുകാരനായ എസ്.എം. രാമനാഥനുമായി നടി പ്രണയത്തിലായി. എന്നാൽ 1966ൽ മകൻ ഭൂപതിയുടെ ജനനത്തിനുശേഷം, ഒരു ജ്യോതിഷിയുടെ പ്രവചനം കാരണം ഭർത്താവ് അവരെ ഉപേക്ഷിച്ചു. 2015ലാണ് ദീർഘകാല രോഗം കാരണം ഇന്ത്യൻ സിനിമയുടെ ഹാസ്യ റാണി ലോകത്തോട് വിട പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.