കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹരജി ഹൈകോടതി തള്ളി. ഹൈകോടതി സിംഗ്ള്‍ ബെഞ്ചാണ് ഹരജി തള്ളിയത്. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയാണ് സൗബിൻ. നേരത്തെ സൗബിനും സഹനിർമാതാവ് ഷോൺ ആന്റണിക്കും വിദേശയാത്രക്ക് അനുമതി മജിസ്ട്രേറ്റ് കോടതി നിഷേധിച്ചിരുന്നു.
തുടർന്ന് ഹൈകോടതിയെ സമീപിച്ചിട്ടും അനുകൂല വിധി ഉണ്ടായില്ല. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യംചെയ്ത് ഇരുവരും സമർപ്പിച്ച ഹരജിയിലെ ഇടക്കാല ആവശ്യമാണ് ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ നിരസിച്ചത്. അതേസമയം, ഹരജിയിൽ സർക്കാറിനോട് ഹൈകോടതി വിശദ റിപ്പോർട്ട് തേടിയിരുന്നു.
ദുബൈയിൽ നടക്കുന്ന അവാർഡ് പരിപാടിയിൽ പങ്കെടുക്കാൻ അനുമതിതേടിയാണ് ഇരുവരും നേരത്തേ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. രാജ്യംവിട്ട് പോകരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയായിരുന്നു ഹരജി. എന്നാൽ, ഇത് മുഖ്യ ജാമ്യവ്യവസ്ഥയാണെന്ന വിലയിരുത്തലിൽ ആവശ്യം തള്ളുകയായിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും വിദേശയാത്ര അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും പരാതിക്കാരനും ഹരജിയെ എതിർത്തു.
40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ മുടക്കിയ ശേഷം ലാഭവിഹിതവും മുടക്കുമുതലും ലഭിച്ചില്ലെന്ന് ആരോപിച്ച് അരൂർ സ്വദേശി സിറാജ് ആണ് മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. കേസില്‍ സൗബിന്‍ ഷാഹിര്‍, സഹനിര്‍മാതാക്കളായ ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് ഹൈകോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, പരാതിക്കാരന് ലാഭവിഹിതം നൽകാൻ തങ്ങൾ തയാറായിരുന്നു എന്നാണ് സൗബിൻ പറയുന്നത്. കണക്കുകൾ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കോടതിയെ സമീപിച്ചതെന്നും ഇനി നിയമപരമായി തന്നെ തീരുമാനിക്കാമെന്നുമാണ് സൗബിൻ പറയുന്നത്. മുടക്ക് മുതൽ മൊത്തം കൊടുത്തിട്ടുണ്ട്. ലാഭം പിന്നീട് കൊടുക്കാൻ മാറ്റിവെച്ചു. പക്ഷെ, അവർ പറയുന്ന കണക്ക് കറക്ടല്ല എന്നും സൗബിൻ വ്യക്തമാക്കി.
സിറാജ് സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരുന്നതിനാൽ കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നായിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.