പ്രിയപ്പെട്ട സുരേഷ്, ജന്മദിനാശംസകൾ! വരാനിരിക്കുന്ന വർഷം മനോഹരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു; സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി

'ഓർമയുണ്ടോ ഈ മുഖം, ഓർമ കാണില്ല' എന്ന സംഭാഷണം മലയാളികൾ ഏറ്റെടുത്തിട്ട് കാലങ്ങൾ ഏറെയായി. കമീഷണറിലെ തീപാറുന്ന സംഭാഷണം ഇന്നത്തെ യുവതലമുറക്ക് പോലും മനപ്പാഠമാണ്. ഈ ഡയലോ​ഗ് നിത്യജീവിതത്തിൽപ്പോലും നമ്മളിൽ പലരും ഉപയോ​ഗിക്കുന്നുണ്ട്. സുരേഷ് ഗോപിക്ക് ഇന്ന് 67-ാം പിറന്നാൾ. സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും എത്തി.

'പ്രിയപ്പെട്ട സുരേഷ്, ജന്മദിനാശംസകൾ! വരാനിരിക്കുന്ന വർഷം മനോഹരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി തുടങ്ങി ഇന്ന് 253മത്തെ ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം വരെ നീണ്ടുനിൽക്കുന്നു സുരേഷ് ഗോപിയുടെ സിനിമ ജീവിതം. നിരപരാധികൾ' എന്ന ചിത്രത്തിൽ ആദ്യമായി അവസരം നൽകിയ സംവിധായകൻ കെ.ബാലാജിയാണ് സുരേഷ് ജി.നായരെ സുരേഷ് ഗോപിയാക്കി മാറ്റിയത്. വില്ലൻ വേഷങ്ങളായിരുന്നു പിന്നീട്.

ഇന്നലെയിലെ ഡോ. നരേന്ദ്രൻ, മനു അങ്കിളിലെ എസ്.ഐ മിന്നൽ പ്രതാപൻ, വടക്കൻ വീര​ഗാഥയിലെ ആരോമലുണ്ണി, മണിച്ചിത്രത്താഴിലെ നകുലൻ, കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ, കമീഷണറിലെ ഭരത്ചന്ദ്രൻ ഐ.പി.എസ്, ലേലത്തിലെ ആനക്കാട്ടിൽ ചാക്കോച്ചി, ക്രിസ്ത്യൻ ബ്രദേഴ്സിലെ ജോസഫ് വടക്കൻ അങ്ങനെ സുരേഷ് ഗോപിയെ അടയാളപ്പെടുത്തുന്ന എത്ര സിനിമകൾ. മനു അങ്കിളിലെ മിന്നൽ പ്രതാപൻ എന്ന 10 മിനുട്ട് മാത്രം നീണ്ടുനിൽക്കുന്ന പൊലീസ് വേഷം കൊണ്ട് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച സുരേഷ് ഗോപി എന്നാൽ അതേ പൊലീസ് വേഷങ്ങളിൽ തന്‍റെ ഗ്രാഫ് ഉയർത്തി.

1992ൽ ഇറങ്ങിയ ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ വന്ന 'തലസ്ഥാനം' എന്ന ചിത്രം സുരേഷ് ഗോപിയുടെ ഗിയർ ഷിഫ്റ്റ്‌ ആയിരുന്നു. ഇതേ കൂട്ടുകെട്ടിൽ തൊട്ടുപിന്നാലെയെത്തിയ ഏകലവ്യനും ബോക്സോഫീസിൽ ഹിറ്റായിരുന്നു. കമീഷണർ കൂടി പുറത്തിറങ്ങിയതോടെ പൊലീസ് വേഷം എന്നാൽ സുരേഷ് ഗോപി എന്നായി. കമ്മീഷണറും അതിലെ നായകൻ ഭരത്ചന്ദ്രൻ ഐ.പി.എസും തെലുങ്കിലും വെന്നിക്കൊടി പാറിച്ചു. സുരേഷ് ​ഗോപിയുടെ ചിത്രം വരുന്നുവെന്നറിഞ്ഞാൽ സൂപ്പർതാരം ചിരഞ്ജീവിയുടെ ചിത്രത്തിന്റെ റിലീസ് പോലും മാറ്റിവച്ച ചരിത്രമുണ്ട്. 

Tags:    
News Summary - Mammootty's birthday wishes to Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.