നടൻ മമ്മൂട്ടിയെ മന്ത്രി പി.രാജീവ് സ്വീകരിക്കുന്നു

എട്ടുമാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി കൊച്ചിയിൽ; മഹാനടന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തി ആരാധകൻ

കൊച്ചി: നിറപുഞ്ചിരിയോടെ എല്ലാവരോടും നന്ദി പറഞ്ഞ്, മലയാളത്തിന്‍റെ പ്രിയ നടൻ മമ്മൂട്ടി കേരളത്തിൽ മടങ്ങിയെത്തി. ചികിത്സക്ക്​ ചെന്നൈയിലേക്ക് പോയശേഷം എട്ടുമാസങ്ങൾക്കിപ്പുറമാണ് അദ്ദേഹം കൊച്ചിയിൽ തിരിച്ചെത്തുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ആരോഗ്യപരിശോധന ഫലങ്ങൾ അനുകൂലമായി അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന വിവരം പുറത്തുവന്നിരുന്നു.

തുടർന്ന് ഏതാനും ആഴ്ചകൾക്കുശേഷം ‘പാട്രിയറ്റ്’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേക്ക് പോയിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കി ചെന്നൈയിലെ വസതിയിൽ മടങ്ങിയെത്തിയ മമ്മൂട്ടി വ്യാഴാഴ്ച കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു.

ഭാര്യ സുൽഫത്ത്, സിനിമ നിർമാതാവ് ആന്‍റോ ജോസഫ് എന്നിവരടക്കം കൂടെയുണ്ടായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മന്ത്രി പി. രാജീവ്, അൻവർ സാദത്ത് എം.എൽ.എ എന്നിവർ മമ്മൂട്ടിയെ സ്വീകരിച്ചു. സിനിമ പ്രേമികളുടെ വലിയ നിര അദ്ദേഹത്തെക്കാത്ത് പുറത്തുണ്ടായിരുന്നു. എല്ലാവരെയും കൈവീശി അഭിസംബോധന ചെയ്ത് നന്ദി പറഞ്ഞ് അദ്ദേഹം കാറിലേക്ക് കയറി.

തുടർന്ന് സ്വന്തമായി കാറോടിച്ച് എറണാകുളം എളംകുളത്തെ വീട്ടിലേക്ക് പോയി. മമ്മൂട്ടിയെത്തുന്നതോടനുബന്ധിച്ച് പൊലീസ് വിമാനത്താവള പരിസരത്ത് സുരക്ഷയൊരുക്കിയിരുന്നു. നവംബറിലാണ് പാട്രിയറ്റിന്‍റെ തുടർ ചിത്രീകരണം. അദ്ദേഹത്തെ കാണാൻ വിമാനത്താവളത്തിന് പുറത്ത് വഴിയോരത്തും ആളുകളുണ്ടായിരുന്നു. വരുംമാസങ്ങളിൽ കൊച്ചിയിലടക്കം അദ്ദേഹത്തിന് ഷൂട്ടിങ്ങുണ്ട്.

അതേസമയം, മമ്മൂട്ടിയുടെ പേരിൽ കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടന്നു. മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് ഉത്രം നക്ഷത്രത്തി‌ൽ തിരുവനന്തപുരം സ്വദേശി എ.ജയകുമാറാണ് വഴിപാട് നടത്തിയത്.

ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വന്റെ ഫോട്ടോ നൽകി സ്വീകരിച്ചു. പല പ്രമുഖരും ഇവിടെയെത്തി പൊന്നിൻകുടം വഴിപാട് നടത്തുന്നത് പതിവാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിൻകുടം വഴിപാട് നടത്തിയിരുന്നു. 

Tags:    
News Summary - Mammootty returns to Kochi after an eight-month hiatus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.