മലയാള സിനിമയുടെ എക്കാലത്തേയും വലിയ നഷ്ടങ്ങളിൽ ഒന്നാണ് ശ്രീനിവാസന്‍റെ വിയോഗം. സിനിമ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിരവധിപ്പോരാണ് നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രിയ നടന് ആദരാഞ്ജലി അർപ്പിക്കുന്നത്. പ്രിയ സുഹൃത്തിനൊപ്പെമുള്ള പഴയ ചിത്രം നടൻ മമ്മൂട്ടി സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. 'ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ നിന്നെ...' എന്ന കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവെച്ചത്.
ഇന്നലെ ടൗൺഹാളിൽ ശ്രീനിവാസന്‍റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴും മമ്മൂട്ടി കാണാനെത്തിയിരുന്നു. മമ്മൂട്ടിയുടെ ആദ്യകാലത്തെ ചില സിനിമകളിൽ താരത്തിന് ശബ്ദം നൽകിയത് ശ്രീനിവാസനായിരുന്നു. പിന്നീട് ഇരുവരും നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. അങ്ങനെയുള്ള ഒരു വിജയക്കൂട്ടുകെട്ടിനാണ് ഇന്നലെ തിരശ്ശീല വീണത്.
ടൗൺഹാളിൽ അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ് എന്നിവരും മോഹൻലാൽ, സായ് കുമാർ, സത്യൻ അന്തിക്കാട്, ലാൽ, സിബി മലയിൽ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബേസിൽ ജോസഫ്, ബിന്ദുപണിക്കർ, സന്തോഷ് കീഴാറ്റൂർ, രമേഷ് പിഷാരടി എന്നിവരുമുൾപ്പെടെ നിരവധി പേർ എത്തി.
ഇന്ന് രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ശ്രീനിവാസന്‍റെ സംസ്കാരം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്രീനിവാസൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. ശനിയാഴ്ച രാവിലെ ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത തോന്നി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
മലയാള സിനിമയുടെ ഒരു കാലത്തിന്‍റെ ഭാഗധേയം നിർണയിച്ച പ്രതിഭ എട്ടരയോടെയാണ് വിടപറഞ്ഞത്. 1976ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി തിരക്കഥ രംഗത്തേക്ക് കടന്നുവന്നു. 1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.