തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന സ്വപ്ന തുല്യമായ പ്രോജക്റ്റായിരുന്നു 'തലൈവർ 173'. നീണ്ട വർഷങ്ങൾക്ക് ശേഷം സൂപ്പർതാരങ്ങളായ രജനീകാന്തും കമൽഹാസനും ഒരു സിനിമക്കായി കൈകോർക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. വിക്രം, കൂലി എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഈ ചിത്രം സംവിധാനം ചെയ്യുന്നു എന്നുകൂടി വന്നതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമുയർന്നു. എന്നാൽ, ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് ലോകേഷ് കനകരാജ് ചിത്രത്തിൽ നിന്നും പിന്മാറിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംവിധായകൻ തന്നെയാണ് ഈ വാർത്ത വെളിപ്പെടുത്തിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം അല്ലു അർജുനൊപ്പമുള്ള 'AA23' ആണെന്ന കാര്യം ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു. എന്നാൽ ഇതിനിടെ ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന രജനീകാന്ത്-കമൽ ഹാസൻ ചിത്രം താൻ എന്തുകൊണ്ടാണ് വേണ്ടെന്ന് വെച്ചതെന്ന് പറയുകയാണ് ലോകേഷ്. കൂലി എന്ന ചിത്രത്തിന് ശേഷം രജനികാന്തും കമൽ ഹാസനും തന്നോട് ഒന്നിച്ചൊരു സിനിമ ചെയ്യാൻ ആവശ്യപ്പെട്ടതായി ലോകേഷ് വെളിപ്പെടുത്തി.
‘അതൊരു വലിയ അവസരമായിരുന്നു. കൈതി 2 ആണ് അടുത്തതായി ചെയ്യാൻ ഇരുന്നതെങ്കിലും ഈ പ്രോജക്റ്റിനായി അത് മാറ്റിവെക്കാൻ ഞാൻ അനുവാദം വാങ്ങി. ഒന്നര മാസത്തോളം ഈ സ്ക്രിപ്റ്റിനായി കഠിനാധ്വാനം ചെയ്തു. രജനി സാറും കമൽ സാറും വളരെ ആവേശത്തിലായിരുന്നു. എന്നാൽ തുടർച്ചയായി ആക്ഷൻ സിനിമകൾ ചെയ്ത ശേഷം അവർക്ക് വേണ്ടത് ഒരു 'ലൈറ്റ് ഹാർട്ടഡ്' സിനിമയായിരുന്നു. എനിക്ക് അത്തരമൊരു സിനിമ ചെയ്യാൻ അറിയില്ല. ഇക്കാര്യം ഞാൻ അവരോട് സത്യസന്ധമായി പറഞ്ഞു, അങ്ങനെയാണ് ആ പ്രോജക്റ്റിൽ നിന്ന് പിന്മാറിയത്’ -ലോകേഷ് പറഞ്ഞത്.
രജനി-കമൽ ചിത്രം വേണ്ടെന്ന് വെച്ച സമയത്ത് കാർത്തി 'കൈതി 2' വിലെ ഡേറ്റുകൾ മറ്റൊരു സംവിധായകന് നൽകിക്കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വർഷങ്ങളായി മൈത്രി മൂവി മേക്കേഴ്സുമായും അല്ലു അർജുനുമായും ചർച്ചയിലുണ്ടായിരുന്ന പുതിയ പ്രോജക്റ്റ് AA23 യാഥാർത്ഥ്യമായതെന്ന് ലോകേഷ് വിശദീകരിച്ചു. തന്റെ സിനിമ പ്രപഞ്ചമായ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (LCU) തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൈതി 2, വിക്രം 2 എന്നിവയും സൂര്യയെ നായകനാക്കി റോളക്സ് എന്ന പ്രത്യേക ചിത്രവും ഭാവിയിൽ ഉണ്ടാകുമെന്ന് ലോകേഷ് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.