'വ്യത്യസ്ത മതമായതിനാൽ അവർ എങ്ങനെ പ്രതികരിക്കുമെന്ന ഭയമുണ്ടായിരുന്നു, നാല് വർഷമെടുത്താണ് അച്ഛനോട് പറഞ്ഞത്' -ആന്‍റണിയുമായുള്ള പ്രണയത്തെക്കുറിച്ച് കീർത്തി സുരേഷ്

തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രിയ നടിയാണ് കീർത്തി സുരേഷ്. നിർമാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകളായ കീർത്തി വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ സജീവമാണ്. 2024 ഡിസംബറിൽ ആയിരുന്നു കീർത്തിയുടേയും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലിന്റേയും വിവാഹം. ആന്റണിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ചും സംസാരിക്കുകയാണ് താരം. വിവാഹത്തിന് വൈകാരികമായും പ്രായോഗികമായും തയാറാണെന്ന് തോന്നുന്നതുവരെ തങ്ങൾ ക്ഷമയോടെ കാത്തിരുന്നു എന്ന് കീർത്തി പറഞ്ഞു.

ആന്‍റണി വ്യത്യസ്ത മതത്തിൽ നിന്നുള്ള ആളായതിനാൽ, തന്റെ തീരുമാനത്തോട് മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്ന് കീർത്തി പറഞ്ഞു. അച്ഛൻ സമ്മതിക്കില്ലെന്ന് ഭയപ്പെട്ടിരുന്നു എന്നും ഒടുവിൽ ഏകദേശം നാല് വർഷമെടുത്താണ് അദ്ദേഹത്തോട് ആന്റണിയെക്കുറിച്ച് പറയാൻ കഴിഞ്ഞതെന്നും കീർത്തി പറഞ്ഞു. എന്നാൽ അദ്ദേഹം പൂർണമനസോടും ബഹുമാനത്തോടും ആന്‍റണിയെ സ്വീകരിച്ചതായി കീർത്തി പറഞ്ഞു.

ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ സമന്വയിപ്പിച്ച വിവാഹമായിരുന്നു കീർത്തിയുടേത്. അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചെറിയ ചടങ്ങിൽ പരമ്പരാ​ഗത രീതിയിലാണ് കീർത്തി എത്തിയത്. തമിഴ് വധു സ്റ്റൈലിലായിരുന്നു കീർത്തി അണിഞ്ഞൊരുങ്ങിയത്. 15 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരുടെയും വിവാഹം.

വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. “ഞങ്ങളുടെ മകളുടെ വിവാഹം ഡിസംബർ 12ന് നടക്കും. വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. നിങ്ങളുടെ ചിന്തകളിലും പ്രാർഥനകളിലും അവരെയും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ ജീവിതത്തിന്റെ പുതിയ ഒരു അധ്യായം ആരംഭിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹം അവർക്കുണ്ടാകണം’- എന്നായിരുന്നു ക്ഷണക്കത്തിലെ വാക്കുകൾ.

പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തിയുടെ സിനിമ പ്രവേശനം. പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്കും സജീവമായി. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. 

Tags:    
News Summary - Keerthy Suresh opens up about romance with Antony Thattil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.