മലയാളത്തിലെ ആദ്യ വനിത സൂപ്പർ ഹീറോ ചിത്രമായ ലോകയിലൂടെ തന്‍റെ കരിയറിലെ മികച്ച നേട്ടം സ്വന്തമായിരിക്കുകയാണ് കല്യാണി പ്രിയദർശൻ. എക്കാലത്തെയും മികച്ച കലക്ഷൻ നേടിയ മലയാള ചിത്രമായി കല്യാണിയുടെ ലോക മാറി. ഈ വിജയത്തെ മറികടക്കാൻ മറ്റെന്തിനാണ് കഴിയുക എന്ന് ചിന്തിച്ച തനിക്ക് പ്രിയദർശൻ നൽകിയ മറുപടിയെക്കുറിച്ച് പറയുകയാണ് കല്യാണി. ലോകയുടെ യു.കെ സക്സസ് ഇവന്‍റിൽ സംസാരിക്കുകയായിരുന്നു താരം.
'ലോകക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ചിന്തിച്ചു. ഇതിനെ മറികടക്കാൻ മറ്റെന്താണെന്ന് എനിക്കറിയില്ലെന്ന് ഞാൻ അച്ചയോട് പറഞ്ഞു. പക്ഷെ, ചിത്രം എന്ന സിനിമ 365 ദിവസം പ്രദർശിപ്പിച്ചപ്പോൾ ഏറ്റവും ഉയർന്ന നിലയിലെത്തി എന്ന് അവർ കരുതിയിരുന്നതായി അച്ഛൻ പറഞ്ഞു. എന്നാൽ രണ്ട് വർഷത്തിന് ശേഷം കിലുക്കം വന്നു. അത് ഒരു വലിയ വിജയമായിരുന്നു. ഇത് നിനക്ക് എത്താൻ കഴിയുന്ന ഏറ്റവും ഉയർന്ന നോട്ടമാണെന്ന് കരുതരുത്. മുന്നോട്ട് പോകൂ എന്ന് അദ്ദേഹം പറഞ്ഞു' -കല്യാണി പറഞ്ഞു.
മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. 1980കളുടെ അവസാനത്തിലും 1990കളിലും നിരവധി ഹിറ്റുകൾ അദ്ദേഹത്തിന്‍റേതായി പുറത്തുവന്നു. മോഹൻലാലിനൊപ്പമായിരുന്നു അതിൽ ഭൂരിഭാഗം സിനിമകളും. 1988ൽ പ്രിയദർശൻ-മോഹൻലാൽ കോംബോയിൽ പുറത്തുവന്ന സിനിമയാണ് ചിത്രം. അത് അന്നത്തെ ഹിറ്റ് സിനിമയായിരുന്നു. 1991ൽ പുറത്തിറങ്ങിയ കിലുക്കം എന്ന ചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നിച്ചു. സിനിമയിലെ മോഹൻലാലും ജഗതിയും ഒന്നിച്ച രംഗങ്ങൾക്ക് ഇന്നും ആരാധകരുണ്ട്. അക്കാലത്ത് ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു കിലുക്കം.
അതേസമയം, ലോക എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂനിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക-ചാപ്റ്റർ വൺ: ചന്ദ്ര. വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമാണിത്. ഇന്ത്യയിലെ ആദ്യത്തെ വനിത സൂപ്പർഹീറോയായ ചന്ദ്രയെയാണ് കല്യാണി പ്രിയദർശൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലോകയിലൂടെ, 200 കോടി രൂപ കടന്ന ഒരു സിനിമക്ക് നേതൃത്വം നൽകുന്ന ആദ്യ മലയാള നടിയായി കല്യാണി ചരിത്രം സൃഷ്ടിച്ചു.
കല്യാണിയെ കൂടാതെ നസ്ലിൻ, സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്. ദുൽഖർ സൽമാൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു. മലയാളത്തിലെ ഒരു സമ്പൂർണ സൂപ്പർഹീറോ സിനിമാറ്റിക് പ്രപഞ്ചത്തിന് തുടക്കം കുറിക്കാനുള്ള ശ്രമമാണ് ലോക. ലോകയുടെ അടുത്ത ഭാഗത്തിൽ ടൊവിനോ തോമസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.