'കാന്ത'യിലെ സഹതാരങ്ങളായ റാണ ദഗ്ഗുബതിയും ഭാഗ്യശ്രീ ബോർസെയും ദുൽഖർ സൽമാനെ 'അഭിനയത്തിന്റെ രാജാവ്' എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപ്പോഴിതാ, താൻ അത്തരമൊരു നടനല്ലെന്ന് പറയുകയാണ് ദുൽഖർ സൽമാൻ. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദുൽഖർ. മികച്ച നടന്മാർ എങ്ങനെയാണെന്നതിനെക്കുറിച്ച് തന്റെ പിതാവ് മമ്മൂട്ടി ഒരിക്കൽ പറഞ്ഞതിനെക്കുറിച്ചും ദുൽഖർ പങ്കുവെച്ചു.
'എന്റെ അച്ഛൻ ഒരിക്കൽ എന്നോട് പറഞ്ഞു, 'ഒരു മികച്ച നടന് മാത്രമേ അമിതമായി അഭിനയിക്കാൻ കഴിയൂ' എന്ന്, ഒരു മികച്ച നടനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരിക്കലും അമിതമായി അഭിനയിക്കുന്നയാളാണെന്ന് ഞാൻ കരുതുന്നില്ല. എന്റെ മീറ്റർ എപ്പോഴും സാധാരണമാണെന്ന് ഞാൻ കരുതുന്നു. ഈ സിനിമയിൽ ഞാൻ എത്ര അമിതമായി അഭിനയിക്കാൻ ശ്രമിച്ചാലും അത് ഒരു കാരിക്കേച്ചറിഷ് തലത്തിലേക്ക് പോകുമെന്ന് ഞാൻ കരുതുന്നില്ല' -ദുൽഖർ സൽമാൻ പറഞ്ഞു.
'മഹാനടൻ', 'അതിശയകരമായ നടൻ', 'അഭിനയത്തിന്റെ രാജാവ്' തുടങ്ങിയ ടാഗുകൾ ഉപയോഗിച്ച് സഹതാരങ്ങൾ പ്രശംസിക്കുമ്പോൾ തനിക്ക് ഭയം തോന്നുന്നുവെന്നും ദുൽഖർ വെളിപ്പെടുത്തി. വർഷങ്ങളായി പ്രേക്ഷകരിൽ നിന്ന് തനിക്ക് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.
ദുൽഖറിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് കാന്ത. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത പിരിയഡ് ഡ്രാമ ചിത്രം റാണദഗ്ഗുബതി, ദുൽഖർ സൽമാൻ എന്നിവർ ചേർന്നാണ് നിർമിച്ചിട്ടുളളത്. നടനായ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. രണ്ടു പ്രമുഖ കലാകാരന്മാർക്കിടയിലെ ഈഗോയും മറ്റുമാണ് ചിത്രത്തിന്റെ കഥാതന്തു. സമുദ്രക്കനി, ഭാഗ്യ ശ്രി ബോർസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.