സിനിമ താരങ്ങളുടെ പ്രതിഫലം നിരന്തരം ചർച്ചയാകുന്ന വിഷയമാണ്. എന്നാൽ ഇന്ന് സിനിമാതാരങ്ങൾക്ക് മാത്രമല്ല ഉയർന്ന പ്രതിഫലം ലഭിക്കുന്നത്. റിയാലിറ്റി ഷോകളുടെയും ദൈനംദിന പരമ്പരകളുടെയും വർധിച്ചുവരുന്ന ജനപ്രീതി കാരണം, ടെലിവിഷൻ രംഗത്തും അതിശയിപ്പിക്കുന്ന തുകകൾ പ്രതിഫലം നൽകാറുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടി.വി താരം ആരാണെന്ന് നിങ്ങൾക്കറിയുമോ? കപിൽ ശർമയെന്നോ, രൂപാലി ഗാംഗുലിയെന്നോ, അമിതാഭ് ബച്ചനെന്നോ ആണ് നിങ്ങളുടെ ഉത്തരമെങ്കിൽ അത് തെറ്റാണ്.
ബോളിവുഡിന്റെ മെഗാസ്റ്റാർ സൽമാൻ ഖാനാണ് ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതാരം. 2024ൽ ബിഗ് ബോസ് അവതാരകനായതിന് അദ്ദേഹത്തിന് പ്രതിമാസം 60 കോടി രൂപ ലഭിച്ചു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സൽമാൻ തന്റെ ഫീസ് വർധിപ്പിച്ചിരുന്നുവെന്നും 15 ആഴ്ചത്തെ സീസണിന് ഏകദേശം 250 കോടി രൂപ സമ്പാദിച്ചുവെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി. ബിഗ് ബോസിന്‍റെ അടുത്ത ഭാഗം വരുന്നതോടെ സൽമാൻ തന്‍റെ പ്രതിഫലം വീണ്ടും ഉയർത്തുമെന്നാണ് വിവരം.
ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 1ന് കപിൽ ശർമ ഏകദേശം 60 കോടി രൂപ പ്രതിഫലം വാങ്ങിയതായി റിപ്പോർട്ടുണ്ട്. കോൻ ബനേഗ ക്രോർപതിയുടെ കഴിഞ്ഞ സീസണിൽ അമിതാഭ് ബച്ചൻ ഒരു എപ്പിസോഡിന് നാല് കോടി മുതൽ അഞ്ച് കോടി രൂപ വരെയാണ് വാങ്ങിയത്.
ഇന്ത്യൻ ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി രൂപാലി ഗാംഗുലിയാണ്. അവർ ഒരു എപ്പിസോഡിന് മൂന്ന് ലക്ഷം രൂപ സമ്പാദിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സോഷ്യൽ മീഡിയ സെൻസേഷനായ ജന്നത്ത് സുബൈർ ഖത്രോൺ കെ ഖിലാഡിയുടെ ഒരു എപ്പിസോഡിന് ഏകദേശം 18 ലക്ഷം രൂപയും ചിരി ചലഞ്ചിലെ ഒരു എപ്പിസോഡിന് രണ്ട് ലക്ഷം രൂപയും നേടിയതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.