ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ലേഡി സൂപ്പർ സ്റ്റാർ; വൈറൽ ചിത്രത്തിലെ നടിയെ മനസിലായോ?

ലേഡി സൂപ്പർ സ്റ്റാർ എന്നത്​ പുതിയ കാല​െത്ത പ്രയോഗമാണ്​. കുറച്ചുകൂടി കാലം മുമ്പേ അത്തരമൊരു പ്രയോഗം നിലവിലുണ്ടായിരുന്നെങ്കിൽ അത്​ ചേരുന്നത്​ ഒരു നടിക്കാണ്​. നീണ്ട 49 വർഷത്തെ അഭിനയ ജീവിതം കൊണ്ട് അഭിനയമികവിന്റെ പര്യായമായി മാറുക മാത്രമല്ല സാമൂഹിക- മതനിരപേക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ കൈകൊള്ളാനും ഈ നടി മടിച്ചിട്ടില്ല. ആൾക്കൂട്ട ബഹളങ്ങളിൽ നിലപാടുകൾ കൊണ്ടും ആർജ്ജവം കൊണ്ടും വേറിട്ടു നിൽക്കുന്ന, എല്ലാവരും നടക്കുന്ന വഴിയെ നടക്കാതെ, തനതായ വഴിത്താരകൾ സ്വന്തമാക്കിയ, ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ ശബാന ആസ്മിയാണ്​ ആ നടി. അവരുടെ കുട്ടിക്കാല ചിത്രങ്ങളാണ്​ ഇപ്പോൾ വൈറലായിരിക്കുന്നത്​.


കമ്മ്യൂണിസ്റ്റ് അനുഭാവികളായ പ്രമുഖ ഉറുദു കവി കൈഫി ആസ്മിയുടെയും നാടക അഭിനേത്രി ഷൗക്കത്ത് കൈഫിയുടെയും മകളായി ഹൈദരാബാദിലാണ് ശബാന ജനിച്ചത്. മാതാപിതാക്കളുടെ സാമൂഹിക നിലപാടുകൾ ശബാനയിലും ഉറച്ച ബോധ്യങ്ങൾ ഉണ്ടാകാൻ പ്രചോദനമായി. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയ ശബാന പുണെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയവും പഠിച്ചു.

ക്വാജ അഹമ്മദ് അബ്ബാസിന്റെ ‘ഫാൽസ’ ആയിരുന്നു ആദ്യമായി അഭിനയിച്ച ചിത്രം. എന്നാൽ, ആദ്യം തിയേറ്ററിൽ എത്തിയത് ശ്യാം ബെനഗലിന്റെ ‘അങ്കുർ’ ആയിരുന്നു. ‘അങ്കുറി’ലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി ശബാനയെ തേടിയെത്തിയത്. പിന്നീട് ‘അര്‍ത്’, ‘ഖാന്ധഹാർ’, ‘പാർ’ എന്നിവയിലെ അഭിനയത്തിന് തുടർച്ചയായി മൂന്നു വർഷങ്ങളിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശബാന സ്വന്തമാക്കി. 1999-ൽ ‘ഗോഡ് മദർ’ എന്ന സിനിമയിലെ അഭിനയത്തിനും ദേശീയ പുരസ്കാരം സ്വന്തമാക്കാൻ ശബാനയ്ക്ക് സാധിച്ചു. ഇങ്ങിനെ അഞ്ച് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം (രജത് കമൽ അവാർഡ്) ശബാനയെ തേടി എത്തിയത്. ഒരുപക്ഷേ ഇന്ത്യയില്‍ മറ്റൊരു നടിക്കും കിട്ടാത്ത അംഗീകാരമാണിത്.


നീണ്ട 45 വർഷത്തെ അഭിനയ ജീവിതത്തിനിടയ്ക്ക് 120 നടുത്ത് സിനിമകളിലാണ് അവർ അഭിനയിച്ചത്. 1988ൽ രാജ്യം പത്മശ്രീ നൽകി ശബാനയെ ആദരിച്ചു. 1997 മുതൽ 2003 വരെ രാജ്യസഭ അംഗമായിരുന്നു. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻപിഎഫ്എ) ഗുഡ്‌വിൽ അംബാസിഡർ കൂടിയാണ് ശബാന. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറാണ് ജീവിത പങ്കാളി.


‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്ന കരൺ ജോഹർ ചിത്രത്തിലാണ്​ ശബാന ആസ്മി അവസാനമായി അഭിനയിച്ചത്​. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മുന്‍കാല സൂപ്പര്‍ താരമായ ധര്‍മ്മേന്ദ്രയോടൊപ്പമാണ്​ ശബാന അഭിനയിച്ചത്​.


ശബാന ആസ്മി ഇന്ത്യയെ സംബന്ധിച്ച് വെറുമൊരു നടി മാത്രമല്ല. സമകാലിക ഇന്ത്യയിൽ ഉത്തരവാദിത്തമുള്ള കലാകാരിയായി എങ്ങനെ ജീവിക്കണം എന്നതിന്റെ ഉദാഹരണം കൂടിയാണ് അവർ. സ്വയം എങ്ങനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് ഒരിക്കൽ ശബാന നൽകിയ മറുപടി ഇങ്ങനെ: ‘ഞാനൊരു അഭിനേത്രിയാണ്​, ഞാനൊരു മുസ്​ലിമാണ്​, ഞാനൊരു ആക്ടിവിസ്റ്റാണ്​’.

Tags:    
News Summary - Indian Cinema's Biggest Lady Superstar; actress childhood photo viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.