ചിരഞ്ജീവി

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം; ചിരഞ്ജീവിയുടെ പേരുകളും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈദരാബാദ് കോടതി

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഹൈദരാബാദ് സിറ്റി സിവിൽ കോടതി ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചു. 'മെഗാസ്റ്റാർ', 'ചിരു' എന്നീ പേരുകളും ചിത്രങ്ങളും ഉൾപ്പെടെയുള്ള താരത്തിന്റെ വ്യക്തിത്വപരമായ അടയാളങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിൽ നിന്നും കോടതി വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കി.

ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മറ്റ് മീഡിയാ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഈ വിലക്ക് ബാധകമാണ്. തന്റെ വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചിരഞ്ജീവി ഹൈദരാബാദ് സിറ്റി സിവിൽ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. കേസ് പരിഗണിച്ചശേഷം പ്രിസൈഡിങ് ജഡ്ജി ചിരഞ്ജീവിയുടെ ഹരജി പിന്തുണച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ കേസിന്റെ അടുത്ത വാദം ഒക്ടോബർ 27ന് നടക്കും.

എഐ ദുരുപയോഗത്തിനെതിരെ നിയമപോരാട്ടം ശക്തമാകുന്നു

ഓൺലൈൻ ലോകത്ത് വർധിച്ചുവരുന്ന ഓട്ടോമേറ്റഡ് സംവിധാനങ്ങളിലും പ്രമുഖ വ്യക്തികളുടെ ഐഡന്റിറ്റി എഐയുടെ സഹായത്തോടെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇന്ത്യയിൽ ജുഡീഷ്യൽ സംരക്ഷണം തേടുന്നവരുടെ നിരക്കിൽ വർധനവ്. വ്യക്തികളുടെ സ്വാതന്ത്രമില്ലാതെ പല ചിത്രങ്ങളും എഐ വഴി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ആരോപിച്ചാണ് പലരും കോടതിയെ സമീപിക്കുന്നത്.

നേരത്തെ തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയും ഇതേ ആവിശ്യം ഉന്നയിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഹരജിക്കെതിരെ നിർണായക തീരുമാനം പുറപ്പെടുവിച്ച കോടതി താരത്തിന്റെ പേര്, ശബ്ദം, ചിത്രം, മറ്റ് വ്യക്തിപരമായ കാര്യങ്ങൾ എന്നിവ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

നാഗാർജ്ജുനയുടെ ഹരജിയിൽ കക്ഷികളായി ചേർത്തിരുന്ന വിവിധ വെബ്‌സൈറ്റുകളെയാണ് ഹൈക്കോടതി നിയന്ത്രിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്‌ഫേക്ക്, ഫേസ് മോർഫിങ് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിൽ നിന്നും വെബ്‌സൈറ്റുകളെ വിലക്കി. കൂടാതെ, ഹരജിയിൽ നൽകിയിട്ടുള്ള എല്ലാ യു.ആർ.എൽ ലിങ്കുകളും 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Hyderabad court Bans misuse of Chiranjeevi's name and pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.