ഷംന കാസിം
ജയിലർ 2ലെ ഗാനരംഗത്തിൽ അഭിനയിക്കുമ്പോൾ താൻ ഗർഭിണിയായിരുന്നുവെന്ന് ഷംന കാസിം; ‘സാരിയുടുത്ത് ആറ് ദിവസത്തോളം നൃത്തം ചെയ്യേണ്ടി വന്നു’
രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലർ 2ന്റെ ആദ്യ ഗാനം അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അതിലെ 'അല ബോലേലോ' എന്ന ഗാനമാണ് ഇപ്പോൾ സോഷ്യലിടത്തിൽ ശ്രദ്ധ നേടുന്നത്. ഗാനത്തിലെ മലയാളം വരികളുടെ തെറ്റായ ഉച്ചാരണവും അർത്ഥശൂന്യമായ പ്രയോഗങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ടെങ്കിലും അതിലേക്ക് എത്തിയതിനെ കുറിച്ച് നടി ഷംന കാസിം പറഞ്ഞ വാക്കുകൾ ഇപ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
'അല ബോലെലോ' എന്ന് തുടങ്ങുന്ന തകർപ്പൻ ഗാനത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ താൻ ഗർഭിണിയായിരുന്നുവെന്ന് താരം വ്യക്തമാക്കി. എന്നാൽ ചിത്രീകരണ ദിവസങ്ങളിൽ താൻ ഈ സന്തോഷവാർത്ത അറിഞ്ഞിരുന്നില്ല. സാരി ധരിച്ച് തുടർച്ചയായി ആറ് ദിവസത്തോളം കഠിനമായ നൃത്തച്ചുവടുകളോടെയാണ് ഈ ഗാനരംഗം പൂർത്തിയാക്കിയത്.
സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിന് ശേഷമാണ് താൻ രണ്ടാമതും അമ്മയാകാൻ പോകുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നത്. ഈ വിവരം ആദ്യമറിഞ്ഞപ്പോൾ അമ്മക്കും അണിയറപ്രവർത്തകർക്കും അത് വിശ്വസിക്കാൻ സാധിച്ചില്ല. അത്രയും ഊർജ്ജസ്വലമായി നൃത്തം ചെയ്തിട്ട് ഗർഭിണിയാകാൻ എങ്ങനെയ സാധിക്കുമെന്നും അതുകൊണ്ട് ഒരിക്കൽക്കൂടി പരിശോധന നടത്താനും അമ്മ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് അടുത്ത ദിവസം വീണ്ടും നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവ് തന്നെയാണെന്ന് വ്യക്തമായി. ഈ സത്യം അറിഞ്ഞയുടൻ പ്രൊഡക്ഷൻ ടീം പോലും അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയെന്ന് ഷംന പറയുന്നു. അത്രയും കഠിനമായ നൃത്തച്ചുവടുകൾ വെച്ച് അഭിനയിക്കുമ്പോൾ തന്റെ ഉള്ളിൽ ഒരു ജീവൻ വളരുന്നുണ്ടായിരുന്നു എന്ന യാഥാർത്ഥ്യം ഇനിയും ഒരു അത്ഭുതമാണെന്നും ഷംന കൂട്ടിച്ചേർത്തു.
രജനി സർ വളരെ കുറച്ചു ദിവസം മാത്രമേ ഈ പാട്ടിന്റെ ഷൂട്ടിനായി വന്നിരുന്നുള്ളൂ. ഒരുമിച്ചുള്ള ഒരു ഷോട്ട് എടുത്തതിനു ശേഷം അദ്ദേഹം അടുത്തു വന്നു പറഞ്ഞു, ‘യു ഹാവ് വെരി പവർഫുൾ ഐസ്’! ഈ കോംപ്ലിമെന്റ് മുൻപും പലരിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, രജനി സാറിനെപ്പോലെ ഒരു സൂപ്പർതാരത്തിൽ നിന്നു കേട്ടപ്പോൾ സ്പെഷൽ ആയി തോന്നി. രജനി സാറിന്റെ കൂടെ ഒരു ഷോട്ടെങ്കിലും അഭിനയിക്കാൻ ആഗ്രഹിക്കുന്ന എത്രയോ പേരുണ്ട്. എനിക്ക് അദ്ദേഹത്തിനൊപ്പം മുഴുനീള പാട്ടാണ് ലഭിച്ചത് ഷംന പറയുന്നു.
പാട്ട് ഇറങ്ങിയപ്പോൾ എന്നോട് ഒരുപാടു പേർ ചോദിച്ചു, ഇത് കംപ്യൂട്ടർ ഗ്രാഫിക്സ് ആണോ എന്ന്! അതായത് എനിക്കൊപ്പം കളിക്കുന്ന അത്രയും ഡാൻസേഴ്സ് ഗ്രാഫിക്സ് ആണോയെന്ന്! ഇരുന്നൂറോളം വരുന്ന ഡാൻസേഴ്സിന് ഒപ്പമാണ് ഞാൻ നൃത്തം ചെയ്തത്. ശരിക്കുമൊരു ബ്രഹ്മാണ്ഡ സെറ്റായിരുന്നു അത്. എന്റെ കരിയറിൽ ഇത്തരമൊരു അനുഭവം ആദ്യമാണ്. നായികയായി തെലുങ്കിൽ ഡാൻസ് നമ്പറുകളൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, ഇത്രയും ഡാൻസേഴ്സിന്റെ കൂടെ ഞാനിതുവരെ ഒരു സ്റ്റേജ് പോലും ഷെയർ ചെയ്തിട്ടില്ല.
ഡാൻസ് നമ്പർ ചെയ്യണമെന്ന പ്ലാനൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് അങ്ങനെയൊരു ഓഫർ വരുമെന്ന് ഒരിക്കലും വിചാരിച്ചിട്ടുമില്ല. കാരണം, വിവാഹമൊക്കെ കഴിഞ്ഞ് കുട്ടിയായി. ഇനി അങ്ങനെയൊരു അവസരം വരുമെന്ന് കരുതുന്നില്ലല്ലോ. അപ്പോഴാണ് ‘ജയിലർ’ പോലൊരു സിനിമയിൽ നിന്ന് വിളി വരുന്നത്. അവർ ഡാൻസ് നമ്പറിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ ആദ്യം ചോദിച്ചത് കോസ്റ്റ്യൂം എന്താണ് എന്നതായിരുന്നു. സാരി ആണെന്നു പറഞ്ഞപ്പോൾ സന്തോഷമായി. ഒരു തരത്തിൽ പറഞ്ഞാൽ എന്റെ കരിയറിലെ പ്രധാനപ്പെട്ട ജയിലറിലെ രണ്ടു പാട്ടുകളും എന്റെ കുഞ്ഞുങ്ങളുടെ കൂടി ഭാഗ്യമാണെന്നു വിശ്വസിക്കുന്നുവെന്നും ഷംന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.