സിൽവർസ്റ്റോണിൽ ആവേശമായി 'തല'യും 'ദളപതി'യും; അജിത്ത് പങ്കെടുക്കുന്ന കാർ റേസിങ് ഫ്ലാഗ് ഓഫ് ചെയ്ത് വിജയ്

ചെന്നൈ: ഒരുകാലത്ത് തമിഴ് സിനിമയിൽ കടുത്ത മത്സരം കാഴ്ചവെച്ച താരങ്ങൾ, മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം തമിഴ്നാടിന്റെ വികസന സ്വപ്നങ്ങൾക്കായി ലണ്ടനിൽ ഒന്നിച്ചു. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും നടൻ അജിത് കുമാറുമാണ് ലണ്ടനിലെ സിൽവർസ്റ്റോൺ റേസിങ് ട്രാക്കിൽ ഒത്തുചേർന്നത്. 1990-കളിൽ സിനിമയിലെത്തിയ ഇരുവരും പിന്നീട് തങ്ങളുടെതായ വഴികൾ തെരഞ്ഞെടുക്കുകയായിരുന്നു. കാർ റേസിങ്ങിനോടുള്ള അഭിനിവേശം അജിത് പിന്തുടർന്നപ്പോൾ, രാഷ്ട്രീയത്തിലിറങ്ങിയ വിജയ് ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാണ്.

ശനിയാഴ്ച രാത്രിയാണ് തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തരായ രണ്ട് വ്യക്തിത്വങ്ങൾ ലണ്ടനിൽ കണ്ടുമുട്ടിയത്. യുകെയിലെ സിൽവർസ്റ്റോണിൽ നടക്കുന്ന 2026-ലെ മിഷെലിൻ ലെ മാൻസ് കപ്പ് കാർ റേസിങ്ങിന്റെ അഞ്ചാം റൗണ്ട് മുഖ്യമന്ത്രി വിജയ് ഫ്ലാഗ് ഓഫ് ചെയ്തു. ഈ ചാമ്പ്യൻഷിപ്പിൽ അജിത് കുമാറും മത്സരിക്കുന്നുണ്ട്. ഇന്ത്യ-യു.കെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായുള്ള ഔദ്യോഗിക യുകെ സന്ദർശനത്തിലാണ് വിജയ്. സഹപ്രവർത്തകന്റെ മത്സരം കാണുക എന്നത് മാത്രമല്ല, തമിഴ്നാട്ടിൽ സർക്കാർ നിർമിക്കാനൊരുങ്ങുന്ന 'മോട്ടോർ സ്പോർട്സ് സിറ്റി'ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠിക്കുക എന്നത് കൂടിയാണ് അദ്ദേഹത്തിന്റെ സന്ദർശന ലക്ഷ്യം.

മോട്ടോർ സ്പോർട്സിൽ അജിത്തിനുള്ള വലിയ അനുഭവസമ്പത്തും അദ്ദേഹത്തിന്റെ ജനസമ്മതിയും ഈ മേഖലയുടെ വികസനത്തിനായി ഉപയോഗപ്പെടുത്താനാണ് വിജയ് സർക്കാറിന്റെ തീരുമാനം. ഫോർമുല റേസ് ഉൾപ്പെടെയുള്ള ആഗോള മത്സരങ്ങൾക്ക് വേദിയാകുന്ന തരത്തിൽ തമിഴ്നാടിനെ ഒരു പ്രധാന അന്താരാഷ്ട്ര മോട്ടോർ സ്പോർട്സ് ഹബ്ബാക്കി മാറ്റാനാണ് പുതിയ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സമൂഹമാധ്യമങ്ങളിൽ (പ്രത്യേകിച്ച് എക്സിൽ) 'തല' (അജിത്), 'ദളപതി' (വിജയ്) എന്നീ ഹാഷ്‌ടാഗുകളിൽ ഏറ്റുമുട്ടിയിരുന്ന ആരാധകർക്ക് ആവേശകരമായ കാഴ്ചയാണ് ഇരുവരുടെയും ഒത്തുചേരൽ. സിനിമാ രംഗത്തെ തങ്ങളുടെ സീനിയർ താരങ്ങളായ രജനീകാന്തും കമൽഹാസനും പരസ്പരം പുകഴ്ത്തുകയും വേദികൾ പങ്കിടുകയും ചെയ്യുന്നത് പോലെയല്ല വിജയ്‌യും അജിത്തും. ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്തുന്നത് അപൂർവമാണെങ്കിലും മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. അജിത്തിന്റെ അമ്മ മരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രിയായ വിജയ് നേരിട്ട് അദ്ദേഹത്തിന്റെ വസതിയിലെത്തിയത് ഇതിന്റെ തെളിവാണ്.

സിനിമയിൽ അജിത് നൽകിയ കടുത്ത മത്സരമാണ് തന്നെ കൂടുതൽ ഉയരങ്ങളിലെത്താൻ പ്രേരിപ്പിച്ചതെന്ന് മുൻപ് ഒരു ഓഡിയോ ലോഞ്ചിൽ വിജയ് പറഞ്ഞിരുന്നു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് സ്റ്റൈലിസ്റ്റ് വിമർശിച്ചപ്പോൾ 'എന്റെ സുഹൃത്ത്' അജിത്തിനെപ്പോലെ സ്യൂട്ട് ധരിക്കാൻ തീരുമാനിച്ചുവെന്നും മറ്റൊരു വേദിയിൽ അദ്ദേഹം തമാശയായി പറയുകയുണ്ടായി.

കാലക്രമേണ താരപദവിയെ ഇരുവരും തികച്ചും വ്യത്യസ്തമായ രീതിയിലാണ് സമീപിച്ചത്. ഫാൻ ക്ലബ്ബ് രാഷ്ട്രീയത്തിന് പകരം വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അജിത് ആരാധകരെ നിരന്തരം ഉപദേശിച്ചപ്പോൾ, തന്റെ വലിയ ആരാധകവൃന്ദത്തെ കൂട്ടുപിടിച്ച് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും അതുവഴി മുഖ്യമന്ത്രി പദവിയിലെത്തുകയുമായിരുന്നു.

Tags:    
News Summary - Vijay and Ajith Reunite in London: Tamil Nadu Chief Minister Flags Off Star Actor's Car Race at Silverstone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.