വേടനെ അവഗണിച്ചെന്ന വിമർശനം, ‘ഞാൻ കണ്ടില്ല, മനഃപൂർവമല്ല’; പ്രതികരണവുമായി ഉണ്ണിമായ പ്രസാദ്
കൊച്ചി: റാപ്പർ വേടനുമായി ബന്ധപ്പെട്ട് പ്രചരിച്ച വിഡിയോയെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി നടി ഉണ്ണിമായ പ്രസാദ്. വേടന് കൈ കൊടുക്കാതെ കടന്നുപോയെന്ന തരത്തിൽ പ്രചരിച്ച വിഡിയോക്ക് പിന്നാലെയാണ് ഉണ്ണിമായയുടെ പ്രതികരണം. സംഭവത്തിൽ താൻ വേടനെ അവഗണിക്കുകയോ മനഃപൂർവം കൈ കൊടുക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്ന് നടി വ്യക്തമാക്കി. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളോടും നടി പ്രതികരിച്ചു.
പ്രഥമദൃഷ്ട്യാ കുറ്റക്കാർ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെ ഉണ്ണിമായ വരുന്നത് കണ്ട് എഴുന്നേറ്റ് നിന്ന വേടന് കൈകൊടുക്കാതെ പോകുകയും സമീപമുണ്ടായിരുന്ന മാത്യു തോമസുൾപ്പടെയുള്ളവർക്ക് കൈകൊടുക്കുകയും ചെയ്തിരുന്നു. നടി പോയപ്പോൾ വേടൻ ചിരിച്ചുകൊണ്ട് വേദിയിലിരിക്കുകയും ചെയ്തു.
വിഡിയോ പ്രചരിച്ചതിന് പിന്നാലെ ഉണ്ണിമായക്ക് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നത്. വേടനെ മനഃപൂർവം അവഗണിച്ചെന്നും അപമാനിച്ചെന്നും വിഡിയോക്ക് താഴെ കമന്റുകൾ ഉയർന്നു. എന്നാൽ സത്യാവസ്ഥ അതല്ലെന്നും താൻ വേടനെ കണ്ടില്ലെന്നുമാണ് ഉണ്ണിമായ അറിയിച്ചത്. ഞാൻ അറിയാത്ത കാര്യമാണ്, മിസ്സായി, എന്ത് ചെയ്യാനാ എന്ന് ഉണ്ണിമായ കൂട്ടിച്ചേർത്തു.
യാദൃച്ഛികമായി തിരക്കിനിടയിൽ സംഭവിച്ചുപോയതാണെന്നും മനഃപൂർവം ചെയ്തതല്ലെന്നും ഉണ്ണിമായ പറഞ്ഞു. ഞാൻ ഇന്നലെ വേടനെ വിളിച്ചിരുന്നു, അദ്ദേഹം ഭയങ്കര ചിരിയായിരുന്നുവെന്നും ഇത് അലമ്പാക്കാതിരുന്നാൽ മതിയെന്നും ഉണ്ണിമായ പറഞ്ഞു.
സംഭവം വലിയ രീതിയിൽ നെഗറ്റീവായി മാറിയതിൽ തനിക്ക് വിഷമമുണ്ടെന്നും ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും അവർ വ്യക്തമാക്കി. വേടനെ ശരിക്കും കണ്ടിരുന്നില്ല, വേടന് കൈ കൊടുക്കുന്നതിൽ എന്താണ് കുഴപ്പം, അദ്ദേഹത്തെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞ് ഞങ്ങൾ കുറേനേരം ചിരിച്ചു, എന്നാൽ സംഭവം ഭയങ്കര നെഗറ്റീവായി പോയി എന്ന് ഉണ്ണിമായ പറഞ്ഞു. വീഡിയോ കണ്ടതിന് പിന്നാലെ നിരവധി പേർ തനിക്ക് സന്ദേശം അയച്ചിരുന്നുവെന്നും ഉണ്ണിമായ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.