മുംബൈ: സഹോദരന്‍റെ ഭാര്യ മുസ്കാൻ നാൻസി ജെയിംസ് സമർപ്പിച്ച എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൻസിക മോട്‌വാനി സമർപ്പിച്ച ഹരജി ബോംബെ ഹൈകോടതി തള്ളി. എഫ്.ഐ.ആറിൽ ഹൻസികക്കും അമ്മ ജ്യോതിക മോട്‌വാനിക്കുമെതിരെ ക്രൂരത, മറ്റ് ക്രിമിനൽ കുറ്റങ്ങൾ എന്നിവ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം ചുമത്തിയ കുറ്റങ്ങളിൽ 498 എ (സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരത), 323 (സ്വമേധയാ ഉപദ്രവിക്കൽ), 352 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവമായ അപമാനം) എന്നിവ ഉൾപ്പെടുന്നു. ഹരജി തള്ളിയതോടെ, ഹൻസിക ഇനി അമ്മയോടൊപ്പം വിചാരണ നേരിടേണ്ടിവരും.
2021 മാർച്ചിലാണ് ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്‌വാനിയെ നാൻസി ജെയിംസ് വിവാഹം കഴിച്ചത്. വിവാഹസമയത്ത് ഗാർഹിക പീഡനത്തിനും വൈകാരിക പീഡനത്തിനും വിധേയയായിട്ടുണ്ടെന്ന് അവർ ആരോപിക്കുന്നു. തന്റെ ഭർതൃവീട്ടുകാർ പണവും വിലകൂടിയ സമ്മാനങ്ങളും ആവർത്തിച്ച് ആവശ്യപ്പെട്ടതായും, തന്റെ ഫ്ലാറ്റ് വിൽക്കാൻ നിർബന്ധിച്ചതായും നാൻസി പരാതിയിൽ ആരോപിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തതു.
താൻ അനുഭവിച്ച പീഡനവും ക്രൂരതയും ബെൽസ് പാൾസി എന്ന അവസ്ഥയിലേക്ക് നയിച്ചുവെന്നും അവർ ആരോപിച്ചു. വിവാഹത്തിന് തൊട്ടുപിന്നാലെ നാൻസിയുടെയും പ്രശാന്തിന്റെയും ദാമ്പത്യജീവിതം വഷളായി എന്നും ഒരു വർഷത്തിനുള്ളിൽ ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് നാൻസി ഹൻസികക്കും അമ്മക്കുമെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തത്.
വിവാഹ ജീവിതത്തിൽ ഹൻസികയും ജ്യോതിയും അനാവശ്യമായി ഇടപെട്ടത് ദാമ്പത്യ കലഹത്തിന് കാരണമായെന്നും നാൻസി പരാതിയിൽ ആരോപിച്ചു. ഈ വർഷം ഫെബ്രുവരിയിൽ മുംബൈ സെഷൻസ് കോടതി ഹൻസികക്കും അമ്മക്കും മുൻകൂർ ജാമ്യം അനുവദിച്ചു. ഇത് കേസിൽ ഹൻസികയുടെ കുടുംബത്തിന് താൽക്കാലിക ആശ്വാസം നൽകി. എന്നാൽ, തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് നടി പിന്നീട് ആവശ്യപ്പെടുകയായിരുന്നു. ആ ഹരജിയാണ് കോടതി തള്ളിക്കളഞ്ഞത്.
അതേസമയം,2024 ൽ പുറത്തിറങ്ങിയ 'ഗാർഡിയൻ' എന്ന ചിത്രത്തിലാണ് ഹൻസിക അവസാനമായി അഭിനയിച്ചത്. ശബരിയും ഗുരു ശരവണനും ചേർന്ന് സംവിധാനം ചെയ്ത ഈ ഹൊറർ ചിത്രത്തിൽ സുരേഷ് മേനോൻ, സുപ്രവ മൊണ്ടൽ, മൊട്ട രാജേന്ദ്രൻ, ശ്രീമാൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.