സൽമാൻ ഖാനും ഗോവിന്ദയും

വേദന നിറഞ്ഞ കാലത്ത് സൽമാന് വഴികാട്ടിയത് ഞാനാണ്; അന്ന് അവനെ കണ്ടാൽ ഹീറോ ലുക്കില്ലായിരുന്നു- ഗോവിന്ദ

ബോളിവുഡ് താരങ്ങളായ ഗോവിന്ദയും സൽമാൻ ഖാനും തമ്മിലുള്ള സൗഹൃദത്തിന് നാല് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 2007ൽ പുറത്തിറങ്ങിയ ഹിറ്റ് കോമഡി ചിത്രം പാർട്ണറിൽ ഒന്നിച്ചഭിനയിക്കുന്നതിനും എത്രയോ മുൻപ്, സൽമാന്‍റെ  സിനിമാജീവിതത്തിലെ തുടക്കകാലത്തെ പ്രതിസന്ധികളിൽ പിന്തുണയായി ഗോവിന്ദ കൂടെയുണ്ടായിരുന്നു. ഇപ്പോഴിതാ, ആ കോമഡി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുൻപ് തങ്ങൾ തമ്മിൽ നടന്ന വൈകാരികമായ സംഭാഷണത്തെക്കുറിച്ച് ഓർമകൾ പങ്കുവെക്കുകയാണ് ഗോവിന്ദ. അന്നത്തെ ആ പ്രതിസന്ധി ഘട്ടത്തിൽ സൽമാന് നൽകിയ ഉപദേശങ്ങളെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു.

അക്കാലത്ത് സൽമാൻ ഖാൻ മാനസികമായി വലിയൊരു തളർച്ചയിലൂടെയും വേദനയിലൂടെയുമാണ് കടന്നുപോയിരുന്നതെന്ന് ഗോവിന്ദ ഓർത്തെടുക്കുന്നു. ‘സൽമാൻ വലിയ മാനസിക പ്രയാസങ്ങളിലൂടെയാണ് അന്ന് കടന്നുപോയിരുന്നത്. ഒരാൾ സ്വന്തം ഉള്ളിലെ വിഷമങ്ങൾ കാരണം തളർന്നുനിൽക്കുമ്പോൾ, അത് പ്രണയത്തിന്റെയോ പ്രതീക്ഷകളുടെയോ അല്ലെങ്കിൽ ആഗ്രഹങ്ങളുടെയോ പേരിൽ ആകട്ടെ, അതിൽ നിന്ന് സ്വയം കരകയറുകയല്ലാതെ മറ്റാരും വന്ന് രക്ഷിക്കാനില്ല. അതുകൊണ്ടുതന്നെ അവൻ എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി തികച്ചും ഒറ്റപ്പെട്ട മട്ടിലായിരുന്നു നടന്നിരുന്നത്. അവന് സത്യം എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കണം എന്ന് എനിക്ക് തോന്നി’ ഗോവിന്ദ പറഞ്ഞു.

തുടർന്ന് ‘ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ ഞാൻ അവനോട് പറഞ്ഞു. സൽമാൻ, നീ ഇത്രയും കാലം പുറത്തുള്ള ലോകത്തേക്ക് മാത്രം നോക്കി. ഇനി നിന്റെ ഉള്ളിലേക്ക് ഒന്നു നോക്കൂ. അന്ന് പാർട്ണർ സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് 114 കിലോയോളം ഭാരമുണ്ടായിരുന്നു. രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പുറത്തുവന്ന സമയം കൂടിയായിരുന്നു അത്. ഞാൻ തടി കുറച്ച് വരുമ്പോഴേക്കും എനിക്ക് കാരക്ടർ റോളുകൾ ചെയ്യേണ്ട പ്രായമാകും. ഞാൻ പാർട്ണറിലെപ്പോലെ കോമഡി കഥാപാത്രങ്ങൾ ചെയ്തു പൊയ്ക്കോളാം. നീയാണ് ഈ സിനിമയിലെ ഹീറോ, പക്ഷേ ഇപ്പോൾ നിന്നെക്കണ്ടാൽ ഒരു ഹീറോയുടെ ലുക്കില്ല. നീ വളരെ സങ്കടത്തിലും വിഷാദത്തിലും ആണെന്ന് മുഖത്ത് കാണാം. ഇതിൽ നിന്നെല്ലാം പുറത്തുകടക്കൂ എന്ന് ഞാൻ അവനോട് പറഞ്ഞു.

ദിവസവും രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ കൃത്യമായി വ്യായാമം ചെയ്യാൻ ഗോവിന്ദ സൽമാനെ ഉപദേശിച്ചു. ബോളിവുഡിലെ എവർഗ്രീൻ ലെജൻഡ് ധർമേന്ദ്രയുടെ സ്ക്രീൻ പ്രസൻസുമായിട്ടാണ് ഗോവിന്ദ അന്ന് സൽമാനെ താരതമ്യപ്പെടുത്തിയത്. ഞാൻ അവനോട് പറഞ്ഞു. ദിവസവും രണ്ടുമൂന്ന് മണിക്കൂർ വർക്ക്ഔട്ട് ചെയ്യ്. ധർമേന്ദ്രയെ നോക്കൂ. ധർമേന്ദ്രക്ക് ശേഷം ദൈവാനുഗ്രഹം കൊണ്ട് നല്ല കുടുംബവും സഹോദരങ്ങളും, മനോഹരമായ മുഖവും മികച്ച വ്യക്തിത്വവും ലഭിച്ച ഒരേയൊരു നടൻ നീയാണ്. കണ്ടാൽ ഇതാണ് ഹീറോ എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കുന്ന ഒരു പ്രഭാവം നിന്നിൽ മാത്രമേയുള്ളൂ’ ഗോവിന്ദ പറഞ്ഞു. 

തന്റെ ഉപദേശം സൽമാൻ കൃത്യമായി പാലിച്ചെന്നും, അത് അദ്ദേഹത്തിന്റെ കരിയറിൽ വൻ വിജയമായി മാറിയെന്നും ഗോവിന്ദ കൂട്ടിച്ചേർത്തു. അവൻ ഞാൻ പറഞ്ഞത് കേട്ടു. അത് പ്രാവർത്തികമാക്കുകയും ചെയ്തു. അതൊരു വലിയ അനുഗ്രഹമാണ്. അടുത്ത 10 വർഷം നീ ബോളിവുഡ് ഭരിക്കുമെന്ന് അന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു, അത് അതുപോലെ തന്നെ സംഭവിച്ചു’ ഗോവിന്ദ അഭിമാനത്തോടെ ഓർത്തെടുത്തു.

ഡേവിഡ് ധവാൻ സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ 'പാർട്ണർ' എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലാറ ദത്ത, കത്രീന കൈഫ് എന്നിവരായിരുന്നു ചിത്രത്തിൽ നായികമാരായി എത്തിയത്. തിയറ്ററുകളിൽ ചിരിയുണർത്തിയ ആ കൂട്ടുകെട്ടിന് പിന്നിൽ ഇതുപോലൊരു അതിജീവനത്തിന്റെ കഥ കൂടിയുണ്ടായിരുന്നുവെന്ന് ഗോവിന്ദ പറഞ്ഞു. 

Tags:    
News Summary - വേദന നിറഞ്ഞ കാലത്ത് സൽമാന് വഴികാട്ടിയത് ഞാനാണ്; അന്ന് അവനെ കണ്ടാൽ ഹീറോ ലുക്കില്ലായിരുന്നു- ഗോവിന്ദ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.