'ഇത് ജേർണലിസമല്ല'; ബോഡി ഷെയിമിങ് നടത്തിയ യൂട്യൂബർക്കെതിരെ ഗൗരി കിഷൻ

'അദേഴ്‌സ്' എന്ന തന്റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ചെന്നൈയിലെ വാർത്ത സമ്മേളനത്തിനിടെ ബോഡി ഷെയിമിങ് പരാമർശം നടത്തിയ യൂട്യൂബറിന് ശക്തമായ മറുപടി നൽകി നടി ഗൗരി കിഷൻ. നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബർ നായകനോട് ചോദിച്ചത്. സിനിമയെക്കുറിച്ച് ഒന്നും ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് എന്ന് ഗൗരി ചോദിച്ചതോടെ വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഗൗരിക്കെതിരായി.

പ്രസ് മീറ്റിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗൗരി പ്രതികരിച്ചതും പുരുഷ സഹപ്രവർത്തകരുടെ നിശബ്ദതയും ചർച്ചയായിട്ടുണ്ട്. നടി പ്രതികരിച്ചിട്ടും യൂട്യൂബർക്ക് ചോദ്യത്തിലെ പ്രശ്നം മനസിലായില്ല. സാധാരണ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് താനും ചോദിച്ചതെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു വാദം. 32 വർഷമായി താൻ മാധ്യമപ്രവർത്തകനാണെന്നും തമിഴ് ജനതക്ക് എന്താണ് വേണ്ടതെന്ന് തനിക്കറിയാമെന്നും അയാൾ പറഞ്ഞു.

'നായികയുടെ ഭാരമാണ് നിങ്ങൾ ചോദിച്ചത്. അത് വളരെ മോശം ചേദ്യമാണ്. ബോഡി ഷെയിമിങ് ചേദ്യമാണ്. ഈ പ്രസ് മീറ്റിലുള്ള ഒരേയൊരു സ്ത്രീ ഞാനാണ്. നിങ്ങൾ ബഹളം വെച്ച് എന്നെ ടാർഗെറ്റ് ചെയ്യുകയാണ്. എല്ലാ സ്ത്രീകൾക്കും വ്യത്യസ്ത ശരീരഘടനയാണ് ഉള്ളത്. എന്‍റെ പ്രശ്നം നിങ്ങൾക്ക് എങ്ങനെ അറിയും. എനിക്ക് ചിലപ്പോൾ ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകും. നിങ്ങൾ ബോഡി ഷെയിമിങ്ങാണ് ചെയ്തത്. അത് തെറ്റാണ്' -ഗൗരി പറഞ്ഞു.

ഗൗരി മാപ്പ് പറയണമെന്നും യൂട്യൂബർ ആവശ്യപ്പെട്ടു. നിങ്ങളാണ് മാപ്പ് പറയേണ്ടത് എന്നായിരുന്നു ഗൗരിയുടെ മറുപടി. തന്‍റെ ഭാരം അറിഞ്ഞിട്ട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഗൗരി ചോദിച്ചു. ബോഡി ഷെയിമിങ്ങിനെ നോർമലൈസ് ചെയ്യാൻ പാടില്ലെന്നും ഗൗരി പറഞ്ഞു.  പ്രസ് മീറ്റിൽ സിനിമയെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. തന്‍റെ ഭാരം മാത്രമാണ് ചോദിച്ചത്. നിങ്ങൾ ചെയ്യുന്നത് ജേർണലിസമല്ല എന്ന് മനസിലാക്കണമെന്നും നിങ്ങൾ നിങ്ങളുടെ തൊഴിലിന് അപമാനമാണെന്നും നടി പറഞ്ഞു.

നായികക്ക് നേരെ ഒരുകൂട്ടം ആളുകൾ വാക്കുകൾകൊണ്ട് ആക്രമണം നടത്തിയിട്ടും പ്രതികരിക്കാതിരുന്ന സംവിധായകനും നായകനും നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 'സർ അത് വിട്ടുകളയൂ' എന്ന് യൂട്യൂബറോട് ഇവർ പറയുന്നുമുണ്ട്. പ്രസ് മീറ്റിന്‍റെ വിഡിയോ വൈറലായതോടെ നിരവധിപ്പോരാണ് ഗൗരിയെ പിന്തുണച്ച് രംഗത്തെത്തുന്നത്.    

Tags:    
News Summary - Gouri Kishan blasts reporter's body-shaming question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.