മഞ്ഞുമ്മൽ ചിത്രീകരണ സമയത്തെ ഏറ്റവും വലിയ ആശങ്ക അതായിരുന്നു; വെളിപ്പെടുത്തി ഗണപതി

ഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ചിത്രീകരണ സമയത്തെ ഏറ്റവും വലിയ ആശങ്ക 'കണ്മണി' എന്ന ഗാനത്തെക്കുറിച്ചായിരുന്നുവെന്ന് അഭിനേതാവും സിനിമയുടെ കാസ്റ്റിങ് ഡയറക്ടറുമായ ഗണപതി. ഈ പാട്ടില്ലാതെ സിനിമ നടക്കത്തില്ലെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും ക്ലൈമാക്സ് സീനിന്റെ സ്പിരിറ്റ് കണ്മണി എന്ന ഗാനമാണെന്നും ഗണപതി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഈ പാട്ടില്ലെങ്കിൽ സിനിമ ഇല്ലെന്ന് സംവിധായകൻ ചിദംബരം ആദ്യമെ പറഞ്ഞിരുന്നു. ക്ലൈമാക്സ് സീനിന്റെ സ്പിരിറ്റ് കണ്മണി ഗാനമാണ്.പാട്ട് പ്ലെ ചെയ്തുകൊണ്ടാണ് വടംവലിച്ചത്. പടത്തിന്റെ സ്ക്രിപ്റ്റ് എഴുതുന്നതിന് മുൻപെ കൺമണി പാട്ടിന്റെ ഐഡിയ ഉണ്ടായിരുന്നു. ഒരുസമയത്ത് പാട്ടിന്റെ റൈറ്റ്സ് കിട്ടുമോ ഇല്ലയോ. എത്രയാകും ഇൻവെസ്റ്റ്മെന്റ് എന്ന ചിന്ത ഉണ്ടായിരുന്നു. റൈറ്റ്സ് കിട്ടിയില്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചപ്പോൾ പോലും, ഈ പാട്ടില്ലാതെ സിനിമ നടക്കില്ലെന്ന് കൃത്യമായി അറിയമായിരുന്നു.

രാജ് കമലിന്റെ കൈയിലായിരുന്നില്ല പാട്ടിന്റെ റൈറ്റ്സ് ഉണ്ടായിരുന്നത്. സോണിടെ ഹിന്ദിയിലെ ഏതോ പ്രൊഡക്ഷൻ കമ്പനിയുടെ പക്കലായിരുന്നു.  അത്യാവശ്യം തെറ്റില്ലാത്ത തുകക്കാണ് റൈറ്റ്സ് കിട്ടിയത്. സ്ക്രിപ്റ്റിം​ഗ് കഴിഞ്ഞ് ഇരിക്കുന്ന സമയത്ത് രാത്രി മിക്ക ദിവസവും ഈ പാട്ട് നമ്മൾ കേൾക്കുമായിരുന്നു. അയ്യായിരം പ്രാവശ്യമെങ്കിലും നമ്മളത് കേട്ടിട്ടുണ്ടാകും. തിയറ്ററിൽ സിനിമ എത്തുന്നതിന് മുൻപ് തന്നെ ഇതൊക്കെ ആലോചിച്ച് രോമാഞ്ചം വന്നിട്ടുണ്ട്'-ഗണപതി ദ ക്യു സ്റ്റുഡിയയോട് പറഞ്ഞു.

2006-ൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ വിജയം നേടി മഞ്ഞുമ്മൽ ബോയ്സ് പ്രദർശനം തുടരുകയാണ്. ആഗോള ബോക്സ്ഓഫീസ് കളക്ഷനിൽ 150 കോടി രൂപയോളമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Ganapathi Opens Up About Kanmani Song In Manjummel boys movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.